Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബെംഗളുരു: രാജി പ്രഖ്യാപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാവിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മറ്റ് മന്ത്രിമാര്‍ക്കുമായി ഒരുക്കിയ പ്രഭാത ഭക്ഷണ വിരുന്നിന് ശേഷമായിരുന്നു സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനം.

ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിക്കും.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രഭാതഭക്ഷണ വിരുന്നും കൂടിക്കാഴ്‌ചയും. സംസ്ഥാത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ച യോഗം സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് അരങ്ങേറിയത്.

കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തില്‍ സിദ്ധരാമയ്യ അധികാര കൈമാറ്റത്തിന് തയാറാണെന്ന സൂചനകള്‍ നല്‍കിയെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാലുടന്‍ സിദ്ധരാമയ്യ രാജി വയ്‌ക്കുമെന്നാണ് സൂചന. അധികാര കൈമാറ്റത്തില്‍ യാതൊരു തര്‍ക്കങ്ങളുമില്ലെന്നും പരസ്‌പര ധാരണയോടും ഐക്യത്തോടുമാണ് തങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നുമുള്ള സന്ദേശം നല്‍കാനാണ് ഇത്തരമൊരു പ്രഭാത ഭക്ഷണ വിരുന്നും കൂടിക്കാഴ്‌ചയും എന്നാണ് സൂചന.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മന്ത്രിമാരായ എം സി സുധാകരന്‍, ബൈരാതി സുരേഷ്, സന്തോഷ് ലാദ്, രാംലിംഗ റെഡ്ഡി തുടങ്ങിയവര്‍ പ്രഭാത ഭക്ഷണ യോഗത്തിനെത്തിയിരുന്നു.

ഡി കെ ശിവകുമാറിനെ അതീവ ഊഷ്‌മളമായാണ് സിദ്ധരാമയ്യ സ്വീകരിച്ചത്. ശിവകുമാറാകട്ടെ അദ്ദേഹത്തിന്റെ പാദം തൊട്ട് തൊഴുത് അനുഗ്രഹങ്ങളും തേടി. ഇരുവരും പരസ്‌പരം ആശ്ലേഷിക്കുകയും സുഖാന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തു.

അതേസമയം മുഖ്യമന്ത്രി ഇന്ന് രാജി വയ്‌ക്കുമോ എന്ന് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു യോഗത്തിനെത്തിയ മന്ത്രി സതീഷ് ജര്‍കിഹോളി പ്രതികരിച്ചത്.

വളരെ ലളിതമായ ഒരു പ്രഭാത വിരുന്നാണ് സിദ്ധരാമയ്യ ഒരുക്കിയിരുന്നത്. ഇഡ്‌ഡലിയും വടയും സാമ്പാറും ഉപ്പുമാവും മറ്റുമായിരുന്നു വിഭവങ്ങള്‍. വിരുന്നില്‍ ഉപമുഖ്യമന്ത്രിഡി കെ ശിവകുമാറും ആഭ്യന്തരമന്ത്രി ജി പരമേശ്വരയുമാണ് അദ്ദേഹത്തിന് ഇടത്തും വലത്തുമായി ഇരുന്നിരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പദത്തിലേക്ക് പരമേശ്വരയുടെ പേരും ചര്‍ച്ചയായിരുന്നു.

എന്നാല്‍ രണ്ടരവർഷം കഴിഞ്ഞാല്‍ സ്ഥാനം മാറാമെന്ന ധാരണയുള്ളതിനാല്‍, പാർട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതെ രാജിവെക്കണമെന്ന് ഖാർഗെ നിർദേശിച്ചതായാണ് അറിയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന നാലുസംസ്ഥാനങ്ങളില്‍ കർണാടകയില്‍ മാത്രമാണ് ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള മുഖ്യമന്ത്രിയുള്ളത്. കർണാടകയിലെ പ്രമുഖ ജാതിവിഭാഗമായ കുറുബ ഗൗഡയില്‍ നിന്നുള്ള സിദ്ധാരാമയ്യയെ പിണക്കാതെ അനുനയിപ്പിക്കാനായിരുന്നു ആദ്യം മുതല്‍ കോണ്‍ഗ്രസ് ശ്രമിച്ചത്.

സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭാ സീറ്റും കർണാടകയില്‍ എം.എല്‍.സി.യായ മകൻ യതീന്ദ്രയ്‌ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തത്. സമ്മർദത്തിലൂടെ മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. ഒ.ബി.സി. മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍, ദളിത്, ഒ.ബി.സി., ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കുന്ന ഫോർമുലകളും ആലോചിക്കുന്നതായാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily