വെള്ളം കുടിച്ചിട്ട് മണിക്കൂറുകള്‍ ആയെങ്കിലും വൈകുന്നേരത്തെ പതിവ് ചായ ഒഴിവാക്കിയാലും രാത്രിയില്‍ ഇടയ്‌ക്കിടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ?
എങ്കില്‍ വെള്ളം കൂടുതല്‍ കുടിക്കുന്നതായിരിക്കില്ല കാരണം. രാത്രിയില്‍ ഇടയ്‌ക്കിടെയുണ്ടാകുന്ന മൂത്രശങ്കയെ നൊക്ടൂറിയ എന്നാണ് വിളിക്കുന്നത് ഇതിന് നിരവധി കാരണങ്ങളുണ്ട്. വല്ലപ്പോഴും രാത്രി മൂത്രമൊഴിക്കാൻ തോന്നുന്നത് പ്രശ്നമില്ല എന്നാല്‍ ഇത് പതിവാകുന്നത് മൂത്രസഞ്ചി, പ്രോസ്റ്റേറ്റ് വൃക്കകള്‍ തുടങ്ങിയവയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കൊണ്ടോ ഉപാപചയപ്രവർത്തനത്തെ ബാധിക്കുന്നതു കൊണ്ടോ ഉറക്കപ്രശ്നങ്ങള്‍ കൊണ്ടോ ആകാം.
പ്രായം, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, മരുന്നുകള്‍, മൊത്തത്തിലുള്ള ആരോഗ്യം ഇവയെല്ലാം അനുസരിച്ചാകും രാത്രിയില്‍ മൂത്രമൊഴിക്കാൻ എഴുന്നേല്‍ക്കുന്നതിന്റെ എണ്ണം. രാത്രിയില്‍ പതിവായി രണ്ടോ അതിലധികമോ തവണ എഴുന്നേല്‍ക്കുകയും ഇത് ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർ പ്ലാസിയ അഥവാ പ്രോസ്റ്റേറ്റ് വീക്കം ആകാം പുരുഷന്മാരിലെ പ്രശ്നം. പ്രോസ്റ്റേറ്റ് വികസിക്കുമ്പോള്‍ അത് മൂത്രത്തിന്റെ ഒഴുക്കിനെ തടയുകയും മൂത്രസഞ്ചി പൂർണമായും ശൂന്യമാകുന്നതിനെ തടയുകയും ചെയ്യും. അപ്പോള്‍ ഇടയ്‌ക്കിടെ മൂത്രമൊഴിക്കണം എന്ന സന്ദേശം മൂത്രസഞ്ചി നല്‍കും. രാത്രിയില്‍ മൂത്രശങ്കതോന്നുന്നതിനൊപ്പം മൂത്രം കുറച്ചുമാത്രം ആയി പോവുക, മൂത്രമൊഴിച്ച് തുടങ്ങാൻ പ്രയാസം, തിടുക്കം, മൂത്രം തുള്ളി തുള്ളിയായി പോവുക, പൂർണമായി മൂത്രം ഒഴിച്ചു കഴിഞ്ഞില്ല എന്ന തോന്നല്‍ ഇവയും ഉണ്ടാകാം
ഉറങ്ങാൻ കിടക്കും മുൻപ് കൂടിയ അളവില്‍ വെള്ളം കുടിക്കാതിരിക്കുക. എന്നാല്‍ പൂർണമായും വെള്ളം കുടി ഒഴിവാക്കുന്നത് മറ്റു പ്രശ്നങ്ങള്‍ക്ക് കാരണമാകും. വെള്ളം കുടിക്കുന്ന സമയവും അളവും ശ്രദ്ധിക്കാം. വൈകുന്നേരത്തെ കഫീൻ ഉപയോഗവും മദ്യഉപയോഗവും കുറയ്‌ക്കുന്നതും നല്ലതാണ്.ഇത് ആവർത്തിക്കുകയാണെങ്കില്‍ വെള്ളത്തിന്റെ അളവ് മാത്രം കുറയ്‌ക്കാതെ കാരണം കണ്ടെത്താൻ വൈദ്യസഹായം തേടാം.

