ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏകദേശം 74.5 കോടി രൂപ ചെലവഴിച്ചതായും, ഇതുവഴി 2021 ഏപ്രില്‍ മുതല്‍ ഭാരതത്തിന് 381.8 ബില്യണ്‍ യുഎസ് ഡോളര്‍ അതായത് 38 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരിക്കുന്നു.
2021 മുതല്‍ പ്രധാനമന്ത്രി മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ രാജ്യം തിരിച്ചുള്ള കണക്ക്, ഓരോ സന്ദര്‍ശനത്തിന്റെയും വര്‍ഷം തിരിച്ചും സന്ദര്‍ശനം തിരിച്ചുമുള്ള ചെലവ്, കൂടാതെ അതിന്റെ ഫലമായി ഉണ്ടായ ഉഭയകക്ഷി കരാറുകള്‍, നിക്ഷേപ പ്രതിബദ്ധതകള്‍, യഥാര്‍ത്ഥത്തില്‍ ലഭിച്ച വിദേശ നിക്ഷേപം എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. വര്‍ഷം തിരിച്ചും സന്ദര്‍ശനം തിരിച്ചുമുള്ള ചെലവിന്റെ കണക്കുകള്‍ക്കൊപ്പം, സന്ദര്‍ശനങ്ങള്‍ക്കിടെ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ രാജ്യം തിരിച്ചുള്ള പട്ടികയും മറുപടിയോടൊപ്പം വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റ നല്‍കുകയുണ്ടായി.
പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് നരേന്ദ്ര മോദി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളെ അകാരണമായും അടിസ്ഥാന രഹിതമായും വിമര്‍ശിക്കുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാതെയും പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെയും കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലിന്റെ വിദേശ യാത്രകള്‍ വിമര്‍ശിക്കപ്പെടുമ്പോഴാണ് വിദേശ രാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ പ്രതിപക്ഷം അസ്വസ്ഥരാകുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദി ഓരോ രാജ്യവും സന്ദര്‍ശിക്കുന്നത് ഭാരതത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ്. അതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് ഈ യാത്രകള്‍ വഴി രാജ്യത്തിന് ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങള്‍. ഭാരതത്തിന്റെ മറ്റൊരു പ്രധാനമന്ത്രിക്കും മോദിക്ക് ലഭിക്കുന്നതുപോലുള്ള സ്വീകാര്യത വിദേശ രാഷ്‌ട്രങ്ങളില്‍ ലഭിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. രാഷ്‌ട്രങ്ങള്‍ നല്‍കുന്ന ഔദ്യോഗിക ബഹുമതികളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
പ്രധാനമന്ത്രി മോദി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളും രാഹുലിന്റെ ലോകം ചുറ്റലും തമ്മില്‍ യാതൊരു താരതമ്യവുമില്ല. എന്നുമാത്രമല്ല കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ പോലും ഇക്കാര്യത്തില്‍ മോദി വളരെ മുന്നിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ ചെലവും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2011ലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മന്‍മോഹന്‍ സിങ് ചെലവിട്ടത് 10.74 കോടി രൂപയാണ്. 2013 ലെ റഷ്യന്‍ സന്ദര്‍ശനത്തിന് 9.96 കോടി രൂപയും, 2011ല്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നതിന് 8.33 കോടി രൂപയും, 2013 ലെ ജര്‍മന്‍ സന്ദര്‍ശനത്തിന് 6.02 കോടി രൂപയും മന്‍മോഹന്‍ ചെലവഴിച്ചു. എന്നാല്‍ ഇത്രയും തുകപോലും ഒരു വര്‍ഷത്തെ സന്ദര്‍ശനത്തിന് മോദി ചെലവഴിച്ചിട്ടില്ല. പക്ഷേ നേട്ടങ്ങള്‍ വളരെ വലുതാണ് താനും.
പ്രധാനമന്ത്രി മോദിയുടെ ഉന്നതതല വിദേശ സന്ദര്‍ശനങ്ങള്‍ ഉഭയകക്ഷി, പ്രാദേശിക, ആഗോള ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥാപിതമായ ഒരു മാര്‍ഗമാണെന്നും, ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടെ ഒപ്പുവെച്ച കരാറുകള്‍ സാങ്കേതികവിദ്യ, നവീകരണം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊര്‍ജ സഹകരണം, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കൃത്യമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ യാത്ര സാമ്പത്തിക ധൂര്‍ത്താണെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ യാത്രകള്‍ വഴി രാജ്യത്തിന് ലഭിച്ചിരിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍. ഇത് കേവലം അവകാശവാദങ്ങളല്ല, കണക്കുകളാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ താല്പര്യം മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങളുമായുള്ള ബന്ധം 12 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്. രാജ്യത്തിന്റെ സാമ്പത്തിക നേട്ടത്തിനും വികസനത്തിനും ഇത് സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു.

