Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

തിരുവല്ല : അപ്പര്‍ കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഗുരുതരമായ ഏകോപനക്കുറവ് മൂലം ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആരോപി ച്ചു.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്ന നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റുന്നതിന് ആവശ്യമായ ബോട്ടുകളും വള്ളങ്ങളും മതിയായ രീതിയില്‍ ലഭ്യമല്ലെന്നത് അതീവ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതിന്റെ പ്രതിഫലനമാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളും ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ശുചിത്വ സംവിധാനങ്ങളും ആരോഗ്യസേവനങ്ങളും ഉറപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവല്ലയിലെയും അപ്പര്‍ കുട്ടനാട് മേഖലയിലെയും ജനങ്ങള്‍ക്ക് എല്ലാ വര്‍ഷവും വെള്ളപ്പൊക്കം പുതിയ അനുഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും ശാശ്വത പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഓരോ മഴക്കാലത്തും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം വീടും കൃഷിയും ഉപജീവന മാര്‍ഗവും ഉപേക്ഷിച്ച്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നത്. എല്ലാ വര്‍ഷവും ഒരേ ദുരിതം ആവര്‍ത്തിക്കുമ്പോഴും ശാശ്വത പരിഹാരത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതാണ് ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം എന്നും അനൂപ് ആന്റണി പറഞ്ഞു.

ജനങ്ങളുടെ ജീവനും സുരക്ഷയും മുന്‍ഗണന നല്‍കേണ്ട ഈ ഘട്ടത്തിലും കോണ്‍ഗ്രസും യുഡിഎഫും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്ന് അനൂപ് ആന്റണി ആരോപിച്ചു .

അപ്പര്‍ കുട്ടനാട്ടിലെ എല്ലാ ദുരിതബാധിതരെയും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റുന്നതിനാവശ്യമായ ബോട്ടുകളും വള്ളങ്ങളും മറ്റ് രക്ഷാസാമഗ്രികളും യുദ്ധകാലാടിസ്ഥാനത്തില്‍ വിന്യസിക്കണം. ക്യാമ്പുകളില്‍ സുരക്ഷിത താമസം, ശുദ്ധമായ കുടിവെള്ളം, മതിയായ ഭക്ഷണം, മരുന്നുകള്‍, ശുചിത്വ സൗകര്യങ്ങള്‍, വൈദ്യുതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ എന്നിവ അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവല്ല കാവുംഭാഗം സ്‌കൂളിലെ ക്യാമ്പില്‍ ദുരിതബാധിതര്‍ക്ക് ഉച്ചഭക്ഷണം ലഭിച്ചത് വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്യാമ്പ് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് അടക്കം ആളുകള്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാനുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.എല്ലാ വര്‍ഷവും ഇതേ ദുരിതം ആവര്‍ത്തിക്കുന്ന സാഹചര്യം അവസാനിപ്പിക്കാന്‍ അപ്പര്‍ കുട്ടനാടിനായി സമഗ്രമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ശാശ്വത വികസന പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തസമയത്ത് രാഷ്‌ട്രീയം മാറ്റിവെച്ച്‌ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും അവരുടെ ദുരിതം കുറയ്‌ക്കാനുമാണ് സര്‍ക്കാരും ജനപ്രതിനിധികളും മുന്‍ഗണന നല്‍കേണ്ടത്. ബിജെപി പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്കൊപ്പമുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ സന്നദ്ധസേവനങ്ങളും തുടര്‍ന്നും നല്‍കുമെന്നും അനൂപ് ആന്റണി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily