Wednesday, 23 Sep, 5.01 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
സത്യം ജയിക്കും, ജയിച്ചേ തീരൂ

യുഎഇ കോണ്‍സുലേറ്റു വഴി ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീല്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായപ്പോള്‍, 'സത്യം ജയിക്കും സത്യമേ ജയിക്കൂ' എന്നാണ് പ്രഖ്യാപിച്ചത്. ഈ പറച്ചിലും പെരും നുണയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൊട്ടു മുന്‍പത്തെ മണിക്കൂറുകളില്‍ വരെ നടന്നതിനെക്കുറിച്ചുപോലും സത്യമല്ല മന്ത്രി പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് തന്നെ ചോദ്യം ചെയ്ത കാര്യം സമ്മതിക്കാതിരുന്ന മന്ത്രി, അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഇതിനായി രണ്ടു ദിവസം ഹാജരായെന്ന വിവരവും മറച്ചുവച്ചു. ഇപ്രകാരം ഇതുവരെ പറഞ്ഞുപോന്നതും, പിന്നീട് കൂട്ടിച്ചേര്‍ത്തതുമായ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മന്ത്രി ഇപ്പോഴിതാ ചില അര്‍ദ്ധസത്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.

കോണ്‍സുലേറ്റ് വഴി ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാവാമെന്നും, എന്നാല്‍ അതില്‍ തനിക്ക് പങ്കില്ലെന്നുമാണ് ചില ടിവി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ജലീല്‍ പറഞ്ഞിരിക്കുന്നത്. വ്യക്തിപരമായി ഖുറാന്‍ സ്വീകരിച്ചിട്ടില്ലെന്നും, കോണ്‍സുലേറ്റില്‍ നിന്നു ലഭിച്ച പാക്കറ്റുകള്‍ താന്‍ പൊട്ടിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. തന്നെ ചോദ്യം ചെയ്ത കാര്യം ഇഡി രഹസ്യമാക്കി വയ്ക്കണമായിരുന്നു, അന്വേഷണ ഏജന്‍സിയുടെ പവിത്രത കാത്തു സൂക്ഷിക്കാനാണ് താന്‍ ഈ വിവരം മറച്ചുവച്ചത് എന്നൊക്കെ ജലീലിന് അഭിപ്രായമുണ്ട്. ഇപ്പറയുന്ന കാര്യങ്ങളെക്കുറിച്ച്‌ മുന്‍പ് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ മനസ്സില്ലെന്ന് കയര്‍ക്കുകയും, മാധ്യമങ്ങളറിയാതെ ഒരു ഈച്ചപോലും പറക്കില്ലെന്ന ധാരണ തിരുത്തുകയായിരുന്നുവെന്ന് വീമ്ബടിക്കുകയും ചെയ്ത മന്ത്രിയാണ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്.

അതീവ ഗുരുതരമായ ആരോപണം ഉയര്‍ന്നുവന്ന് മാസങ്ങളോളം അത് അടിമുടി നിഷേധിച്ചുപോന്ന മന്ത്രി ജലീലിന് ഇപ്പോള്‍ ഇങ്ങനെയൊരു ബോധോദയം ഉണ്ടായിരിക്കുന്നത് സത്യസന്ധതകൊണ്ടും സദുദ്ദേശ്യംകൊണ്ടുമാണെന്ന് കരുതാനാവില്ല. മന്ത്രിയുടെ രാഷ്ട്രീയ ഭൂതകാലം പരിശോധിക്കുന്നവര്‍ക്ക് അത് ബോധ്യമാവും. ഭീകര സംഘടനയായ 'സിമി'യില്‍നിന്ന് മുസ്ലിംലീഗിലേക്കും, ലീഗില്‍നിന്ന് പിണറായി വഴി ഇടതുപക്ഷ മന്ത്രിസഭയിലേക്കും എത്തിച്ചേര്‍ന്ന ഈ രാഷ്ട്രീയ നേതാവിന് ബുദ്ധിപരമായ സത്യസന്ധതയുള്ളതായി ആര്‍ക്കും തോന്നിയിട്ടില്ല. അതിനാല്‍ കോണ്‍സുലേറ്റിലൂടെ വന്നത് ഖുറാനാണെന്നും, താന്‍ അത് ഏറ്റുവാങ്ങിയതില്‍ എന്താണ് തെറ്റെന്നും, ഇത് തെറ്റാണെങ്കില്‍ തന്നെ തൂക്കിലേറ്റട്ടെയെന്നുമൊക്കെ വെല്ലുവിളിക്കും പോലെ നടന്ന മന്ത്രിക്ക് പൊടുന്നനെ മനംമാറ്റമുണ്ടാവാന്‍ തക്കതായ കാരണങ്ങളുണ്ടാവണം.

ഇത്ര കാലവും മാധ്യമങ്ങളെ അവഹേളിച്ചു നടന്ന മന്ത്രി ജലീലിനോട് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ക്കുണ്ടായ ആഭിമുഖ്യത്തിന്റെ രഹസ്യവും കണ്ടുപിടിക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ പാര്‍ട്ടി ചാനലില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായുള്ള ജലീലിന്റെ അഭിമുഖം വന്നതിനുശേഷമാണ് മന്ത്രിയുടെ തിരുവായ് മൊഴികള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ചാനലുകള്‍ മത്സരിച്ചത്. തീര്‍ച്ചയായും ഇത് സിപിഎമ്മിന്റെയും ജലീലിന്റെയും ആവശ്യമായിരിക്കും. നിറവേറ്റിക്കൊടുക്കാന്‍ കടപ്പെട്ടവര്‍ മാധ്യമങ്ങളില്‍ വേണ്ടുവോളമുണ്ടല്ലോ. ഇതിന്റെ അണിയറക്കഥകള്‍ എന്തായിരുന്നാലും സംശയം സ്വാഭാവികമാണ്. വിദഗ്ദ്ധമായി ആസൂത്രണം ചെയ്തിട്ടുള്ള തിരക്കഥയനുസരിച്ച്‌ മന്ത്രി ജലീലും മാധ്യമങ്ങളും തങ്ങളുടെ റോള്‍ തന്മയത്വത്തോടെ അഭിനയിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

സത്യം പുറത്തുവരാതിരിക്കാനും, കുറ്റവാളികള്‍ പിടിക്കപ്പെടാതിരിക്കാനും ഇതുവരെ പ്രയോഗിച്ച അടവുകളൊക്കെ പാഴാവുകയാണെന്ന ഭീതി സിപിഎമ്മിനെയും സര്‍ക്കാരിനെയും മന്ത്രി ജലീലിനെയും പിടികൂടിയിരിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് തങ്ങളാണെന്നും, ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്നുവെന്നാണ് പുതിയ ആക്ഷേപം. സ്വര്‍ണം കടത്തിയത് അന്വേഷണ ഏജന്‍സി കണ്ടെത്തുമെന്ന് ഉറപ്പായതോടെയല്ലേ ഈ മനംമാറ്റം?

മന്ത്രി ജലീലിനെ സംരക്ഷിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ബാധ്യസ്ഥമായിരിക്കുകയാണ്. ജലീല്‍ പിടിക്കപ്പെടുന്നതോടെ പല സിപിഎം നേതാക്കളുടെയും നില പരുങ്ങലിലാവും. സര്‍ക്കാരിന്റെ പതനം ഉറപ്പാവും. ഈ സ്ഥിതിവിശേഷം ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയാല്‍ ഇക്കാര്യം തങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് അവകാശപ്പെടുക, മന്ത്രിയെ പിടികൂടിയാല്‍ അത് കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരമായി ചിത്രീകരിക്കുക. ഇതിനുള്ള കളമൊരുക്കലാണ് ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിരിക്കാമെന്ന ജലീലിന്റെ ചാനല്‍ കുമ്ബസാരങ്ങള്‍. പക്ഷേ ജലീല്‍ പറഞ്ഞതുപോലെ സ്വര്‍ണക്കടത്തു കേസില്‍ സത്യമേ ജയിക്കൂ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top