പത്തനംതിട്ട: ശബരിമലയില്‍ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വരുന്ന മണ്ഡലകാലത്ത് അരവണ ഉള്‍പ്പെടെയുള്ള പ്രസാദങ്ങള്‍ ഉണ്ടാക്കാനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അത് ദൈവഹിതമാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഈശ്വരനാണ് ഞങ്ങളെക്കൊണ്ട് അങ്ങനെയൊരു തീരുമാനം എടുപ്പിച്ചതെന്നും ജയകുമാർ പറഞ്ഞു.
മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ചർച്ച ഇന്ന് നടക്കും. അതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ജയകുമാർ. മില്‍മ നല്‍കിയ നെയ്യില്‍ ദോഷമുണ്ടെന്ന് ഇനി എങ്ങനെ പരിശോധിക്കുമെന്ന് എനിക്കറിയില്ല. ഫുഡ് സേഫ്‌റ്റി ലബോറട്ടറിയില്‍ സാമ്പിള്‍ പരിശോധിച്ച ശേഷമാണ് മില്‍മ നല്‍കിയ എല്ലാ നെയ്യും ശബരിമലയില്‍ കയറ്റിയിട്ടുള്ളത്. അതില്‍ എന്തെങ്കിലും പോരായ്‌മ ഉണ്ടായതായി ഇതുവരെ പരാതി ഉയർന്നിട്ടില്ല. ഉപയോഗിച്ച് കഴിഞ്ഞ നെയ്യ് മോശമായിരുന്നോ എന്ന് എങ്ങനെ കണ്ടുപിടിക്കുമെന്നും അറിയില്ല. എന്തായാലും ഞങ്ങളിനി പുറത്തുനിന്നും നെയ്യ് വാങ്ങുന്നില്ല. വിഷയത്തില്‍ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് അന്വേഷണം വേണമോ എന്ന് ഇന്നത്തെ ചർച്ചയ്‌ക്ക് ശേഷം തീരുമാനിക്കും’ – കെ ജയകുമാർ പറഞ്ഞു.
‘മില്‍മ നെയ്യില്‍ ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണ്. മില്‍മയുടെ അന്വേഷണം വരുന്നതിന് മുമ്പ് തന്നെ ഈ വർഷത്തെ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആവശ്യത്തിലധികം നെയ്യ് ഭക്തർ ഉള്‍പ്പെടെ ശബരിമലയില്‍ കൊണ്ടുവരുന്നുണ്ട്. അതിനാലാണ് പുറത്തുനിന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും കെ. ജയകുമാർ പറഞ്ഞു.
ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വിതരണത്തില്‍ ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്‍മയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കധികം നഷ്‌ടമുണ്ടായെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. വിഷയത്തില്‍ അന്വേഷണം നടത്താൻ ദേവസ്വം സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

