Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമലയിലെ സ്വര്‍ണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വര്‍ണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎല്‍എ

ശബരിമലയിലെ സ്വര്‍ണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വര്‍ണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎല്‍എ

തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്നും പകരം മുക്കുപണ്ടം കണ്ടെത്തിയെന്നുമുള്ള വാർത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ വി മുരളീധരൻ എംഎല്‍എ.

2012ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തർ സമർപ്പിച്ച 445.78 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടത്തെക്കുറിച്ചാണ് ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. കണക്കെടുപ്പിനിടെ സമാനമായ രൂപത്തിലുള്ള 240 ഗ്രാം തൂക്കമുള്ള മറ്റൊരു കിരീടം കണ്ടെത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നും ആറന്മുളയില്‍ സുരക്ഷിതമാണെന്നുമാണ് ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ വിശദീകരണം. അങ്ങനെയെങ്കില്‍ യഥാർഥ കിരീടം എവിടെയാണ്, രേഖകളില്‍ അതിന്റെ സ്ഥാനം എന്താണ്, സ്ട്രോങ് റൂമില്‍ കണ്ടെത്തിയ കിരീടം ഏതാണെന്നതടക്കമുള്ള കാര്യങ്ങളില്‍ സർക്കാർ വ്യക്തമായ വിശദീകരണം നല്‍കണം.

ഇതിനിടയില്‍ ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം എവിടെയാണ് എത്തിയതെന്നും സർക്കാർ വ്യക്തമാക്കണം. സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി എസ്.ഐ.ടിക്ക് നിർദേശം നല്‍കിയിരുന്നു. 15 പ്രതികളില്‍ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമായിരിക്കെ, ആ അനുമതിക്കായി എസ്.ഐ.ടി അപേക്ഷ നല്‍കിയിട്ടില്ലെന്നത് അന്വേഷണത്തിന്റെ ഗൗരവത്തെ ചോദ്യം ചെയ്യുന്നതാണ്.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും അന്വേഷണ നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും ആഭ്യന്തര, ദേവസ്വം വകുപ്പുകള്‍ വിശദീകരിക്കണം.

തിരഞ്ഞെടുപ്പ് കാലത്ത് 'സ്വർണം കട്ടവൻ ആരപ്പാ?' എന്ന പാട്ടുമായി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയവരാണ് യു.ഡി.എഫിന്റെ നേതാക്കളും പ്രവർത്തകരും. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച്‌ ഒരക്ഷരം പോലും മിണ്ടാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനായി മാത്രം ശബരിമല സ്വർണക്കൊള്ള ഉയർത്തുകയും അധികാരത്തിലെത്തിയ ശേഷം ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ മൗനം പാലിക്കുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്.

ഇതിലൂടെ ഇൻഡി സഖ്യത്തിലെ ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്പര ധാരണയാണ് വ്യക്തമാകുന്നത്. ശബരിമല സ്വർണക്കൊള്ളയെ രാഷ്‌ട്രീയ നേട്ടത്തിനായി മാത്രം ഉപയോഗിക്കുകയും അധികാരത്തിലെത്തിയ ശേഷം കേസിലെ യഥാർഥ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല.

ശബരിമലയിലെ സ്വർണവും വിലപിടിപ്പുള്ള തിരുവാഭരണങ്ങളും സംബന്ധിച്ച ഓരോ കാര്യത്തിനും കൃത്യമായ കണക്കും ഉത്തരവാദിത്തവും ഉറപ്പാക്കണം. സ്വർണക്കൊള്ളയിലെ അന്വേഷണം എവിടെ എത്തി, കുറ്റപത്രം സമർപ്പിക്കാൻ എന്താണ് തടസ്സം, 55.72 പവൻ സ്വർണക്കിരീടത്തെക്കുറിച്ചുള്ള യഥാർഥ വസ്തുത എന്താണ് എന്നിവ സർക്കാർ അടിയന്തരമായി വ്യക്തമാക്കണം എന്നും വി. മുരളീധരൻ എംഎല്‍എ പറഞ്ഞു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily