Wednesday, 08 Jul, 9.56 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ശാസ്ത്രസ്വാധ്യായത്തിന്റെ പുണ്യകാലം

ചാതുര്‍മാസ്യപുണ്യകാലം... ഇതു പേരു സൂചിപ്പിക്കുന്നപോലെ നാലുമാസത്തെ വ്രതാനുഷ്ഠാനകാലമാണ്. ആഷാഢമാസത്തിലെ ശുക്ലപക്ഷഏകാദശി മുതല്‍ കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷ ഏകാദശിവരെയാണ് വ്രതകാലം. ഗ്രീഷ്മഋതു കഴിഞ്ഞ് വര്‍ഷം, ശരത് ഋതുക്കളുടെ കാലം. ആഷാഢശുക്ല ഏകാദശി ദേവശയനീ ഏകാദശിയെന്നും, കാര്‍ത്തികശുക്ല ഏകാദശി ദേവോത്ഥാന ഏകാദശിയെന്നും അറിയപ്പെടുന്നു. പുരാണകഥകളില്‍ ഭഗവാന്‍ ശ്രീമഹാവിഷ്ണു ശയ്യയിലേക്കു പോകുന്നതും ശയ്യവിട്ടെഴുന്നേല്ക്കുന്നതുമായ പുണ്യദിനങ്ങള്‍. അതിനാല്‍ ഭഗവാന്റെ നിദ്രയ്ക്ക് ഭംഗമുണ്ടാകാതെ നാമജപത്തിലൂടെയും ശാസ്ത്രസ്വാധ്യായത്തിലൂടെയും ഇക്കാലം ചെലവഴിക്കണമെന്നാണ് വിശ്വാസം.

ദേശസഞ്ചാരിമാരായ സംന്യാസിവര്യന്മാരും മറ്റു മഹാത്മാക്കളും ഇക്കാലയളവില്‍ ഒരു ദേശത്ത് സ്ഥിരവാസമാക്കുകയും ശാസ്ത്രസ്വാധ്യായാദികള്‍ ചെയ്ത് ആ ദേശത്തെ ജനങ്ങളെ ധര്‍മ്മാചരണോത്സുകരാക്കുകയും ചെയ്യുന്നു. ഇന്ന് ഈ നാലുമാസത്തെ ആചരണക്രമം ചുരുങ്ങി രണ്ടുമാസമായാണ് ഭാരതത്തിലെ പ്രമുഖ പീഠങ്ങളും ആശ്രമങ്ങളും സംന്യാസിമാരുമെല്ലാം ആചരിച്ചുവരുന്നത്. ചില സമ്ബ്രദായത്തില്‍ നാലുമാസത്തെ ആചരണങ്ങള്‍ രാവുംപകലുമായി രണ്ടുമാസത്തില്‍ത്തന്നെ ഉള്‍പ്പെടുത്തി ആചരിക്കുന്ന പതിവുമുണ്ട്. വൈവിധ്യമാര്‍ന്നതും സര്‍വതന്ത്രസ്വതന്ത്രവുമായ ഭാരതസംസ്‌കാരത്തില്‍ വിവിധ സമ്ബ്രദായങ്ങളിലുള്ളവരും ഇക്കാലം സാധനാകാലമായി സമാചരിക്കാറുണ്ട്. ജൈന-ബൗദ്ധ-സിക്ക് ധര്‍മ്മവിശ്വാസികളും ഇക്കാലം യഥാവിധി സമാചരിക്കുന്നു. ഏകാദശി, ദ്വാദശി, പൗര്‍ണമി, കൃഷ്ണപക്ഷ അഷ്ടമി, സംക്രാന്തി ഇത്യാദി പലരുടെയും ആരംഭാവസാനങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകാറുണ്ടെന്നുമാത്രം.

ദേവന്മാരുടെ ദിനരാത്രങ്ങള്‍

സൂര്യന്‍ മകരസംക്രാന്തിയിലാരംഭിക്കുന്ന തന്റെ വടക്കോട്ടുള്ള സഞ്ചാരം (ഉത്തരായനം) പൂര്‍ത്തിയാക്കി കര്‍ക്കിടകസംക്രാന്തി മുതല്‍ തിരികെ തെക്കോട്ടേയ്ക്കുള്ള യാത്ര (ദക്ഷിണായനം) ആരംഭിക്കുന്നു. ഇതിനെ യഥാക്രമം ദേവന്മാരുടെ പകലും രാവുമായാണ് പുരാണങ്ങളുദ്‌ഘോഷിക്കുന്നത്. അങ്ങനെ ദേവന്മാരുടെ രാത്രി ആരംഭിക്കുന്ന കാലമെന്നതും ചാതുര്‍മാസ്യവ്രതാരംഭകാലത്തിന്റെ പ്രത്യേകതയാണ്. മനുഷ്യരുടെ ഒരുവര്‍ഷം ദേവതകളുടെ ഒരു ദിവസമാണല്ലോ. അതിനാലാണ് ദേവതകള്‍ ഉണര്‍ന്നിരിക്കുന്ന സമയമായ ഉത്തരായനകാലമാണ് സര്‍വപുണ്യകര്‍മ്മങ്ങള്‍ക്കും ശ്രേഷ്ഠമായി നാം കരുതുന്നത്. ഇതില്‍നിന്നുതന്നെ ദക്ഷിണായനകാലം വിശേഷകര്‍മ്മങ്ങള്‍ക്കൊന്നുംതന്നെ പറ്റിയ കാലമല്ലെന്നും സൂചിതമാകുന്നു.

വര്‍ഷകാലം നമ്മുടെ ദഹനശക്തിയെയും മറ്റു ശാരീരികപ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നുവെന്നതിനാലും ശരീരക്ഷോഭങ്ങളുള്‍പ്പെടെ പുറത്തുവരുന്നതിനാലും പിത്താധിക്യമുണ്ടാകുന്നതിനാലും ആരോഗ്യശാസ്ത്രപ്രകാരവും വളരെ പ്രാധാന്യമുള്ള സമയമാണിത്. ഈ സമയത്താണ് പല ആയുര്‍വേദചികിത്സകളും പാരമ്ബര്യചികിത്സകളും കളരിചികിത്സകളും മൃഗചികിത്സകളും എല്ലാം നടത്തുന്നതെന്നത് നമുക്കെല്ലാം പ്രത്യക്ഷാനുഭവമാണല്ലോ. ഇക്കാലയളവില്‍ സൂര്യപ്രകാശം ശരിയായ അളവില്‍ ചെടികള്‍ക്കും മറ്റും ലഭ്യമാകുന്നില്ല. തത്ഫലമായി സസ്യലതാദികളില്‍ വിഷാംശം അധികമായുള്ളതിനാല്‍ പൂര്‍വികര്‍ ഇക്കാലത്ത് ഇലകള്‍ ഭക്ഷ്യയോഗ്യമല്ലായെന്നു വിധിച്ചിരിക്കുന്നു. ആയുര്‍വേദമരുന്നു ചേരുവകളില്‍ ഇക്കാലയളവിലെ സസ്യലതകള്‍ വര്‍ജ്യവുമാണ്.

രാമായണമാസാചരണം

കേരളത്തില്‍ ചാതുര്‍മാസ്യവ്രതാചരണം ഇടക്കാലത്ത് നിലച്ച മട്ടായിരുന്നു. എന്നാലിപ്പോള്‍ പല സമ്ബ്രദായത്തിലൂടെയുള്ള ശാസ്ത്രസ്വാധ്യായത്തിലൂടെ ജനങ്ങളില്‍ ചാതുര്‍മാസ്യവ്രതാചരണ മഹിമ പ്രചരിതമാവുകയും പല പീഠാധിപതികളും തങ്ങളുടെ ചാതുര്‍മാസ്യാചരണം കേരളത്തിന്റെ വിവിധ സ്ഥാനങ്ങളില്‍ നടത്തുകയും അത്തരം വാര്‍ത്തകളിലൂടെ വ്രതമാഹാത്മ്യം മനസ്സിലാക്കി നല്ലൊരു മാറ്റത്തിലേക്ക് കേരളജനതയെത്തുന്നുണ്ടെന്നത് സന്തോഷകരമാണ്. മലയാളികളെല്ലാം പറയുന്ന പഞ്ഞമാസക്കാലമായ കര്‍ക്കിടകത്തിലെ പീഡകളകറ്റാനും ചാതുര്‍മാസ്യത്തിലെ പുണ്യം നുകരാനുമായാണ് ഈ ചാതുര്‍മാസ്യകാലത്തിന്റെ ചുരുക്കരൂപമായി കേരളത്തില്‍ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിലായി വ്യാപകമായി രാമായണമാസാചരണം സമാചരിച്ചുവരുന്നത്.

(അവസാനഭാഗം നാളെ)

വി.എം. അജയകുമാര്‍

(ആര്‍ഷവിദ്യാപ്രതിഷ്ഠാനം)

9747931007

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top