Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

ന്യൂദല്‍ഹി: ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഭാരത ടീമില്‍ മാറ്റം.

കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനാകാത്തതിനെ തുടര്‍ന്ന് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്‌ക്ക് പിന്‍മാറേണ്ടി വന്നിരുന്നു. ഇതിനു പകരം ജമ്മു കശ്മീരില്‍ നിന്നുള്ള പേസര്‍ ആഖിബ് നബിയെ ഭാരതീയ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി.

29കാരനായ ആഖിബ് നബിക്ക് ഭാരതടീമിലേക്കുള്ള ആദ്യ അവസരമാണ് ലഭിച്ചിരിക്കുന്നത്. പര്‍വേസ് റസൂല്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്ക് ശേഷം ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മാത്രം ജമ്മു കശ്മീര്‍ താരമാണ് ആഖിബ്. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെയാണ് ബുംറയ്‌ക്ക് ഇടതുകാലിന് പരിക്കേറ്റത്. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പുനരധിവാസത്തിലായിരുന്ന താരം ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന പരമ്പരയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാല്‍മുട്ടിലെ വീക്കവും അസ്വസ്ഥതയും പൂര്‍ണ്ണമായി മാറിയിട്ടില്ലാത്തതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ബുംറയ്‌ക്ക് വിശ്രമം അനുവദിക്കാന്‍ മെഡിക്കല്‍ സംഘവും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകള്‍ വീഴ്‌ത്തി കാഴ്‌ച്ചവച്ചുകൊണ്ടിരിക്കുന്ന മിന്നും പ്രകടനമാണ് ആഖിബ് നബിക്ക് ഭാരത ടീമിലേക്ക് വഴിതുറന്നത്. 2025-26 രഞ്ജി ട്രോഫി സീസണില്‍ മാത്രം 60 വിക്കറ്റുകള്‍ നേടി ജമ്മു കശ്മീരിന്റെ ചരിത്രപരമായ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഭാരതത്തിന് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര വിജയം അത്യന്താപേക്ഷിതമാണ്. ബുംറയുടെ അഭാവം പേസ് നിരയ്‌ക്ക് തിരിച്ചടിയാണെങ്കിലും സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ തുടങ്ങിയവര്‍ക്കൊപ്പം ആഖിബിന്റെ സാന്നിധ്യവും ടീമിന് കരുത്താകുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 15ന് ഗാല്ലയിലാണ് ഭാരതം-ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 23 മുതല്‍ കൊളംബോയിലും. ഏഴ് മുതല്‍ ത്രിദിന സന്നാഹ മത്സരം നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily