ഡാളസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഫുട്ബോള്‍ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാള്‍ഡോയുടെ പോർച്ചുഗല്‍ ഇന്ന് നടന്ന പ്രീക്വാർട്ടറില്‍ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി വഴങ്ങി.
ഇഞ്ചുറി ടൈമില്‍ പിറന്ന നാടകീയ ഗോളിലാണ് സ്പാനിഷ് പട വിജയമുറപ്പിച്ചത്. ഇതോടെ, കരിയറിലെ ആറാം ലോകകപ്പ് കിരീടമെന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആജീവനാന്ത സ്വപ്നമാണ് മൈതാനത്ത് പൊലിഞ്ഞത്. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനവും രാജിവച്ചു.
നിശ്ചിത 90 മിനിറ്റിലും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു കളിയുടെ 91-ാം മിനിറ്റില്‍ സ്പെയിൻ വിധി എഴുതിയത്.
പകരക്കാരനായി കളത്തിലിറങ്ങിയ താരം മൈക്കല്‍ മെറിനോയാണ് ടീമിന്റെ രക്ഷകനായത്. മറ്റൊരു പകരക്കാരനായ ഫെറാൻ ടോറസ് ബോക്സിലേക്ക് നല്‍കിയ കൃത്യതയാർന്ന പാസ് സ്വീകരിച്ച്, മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ മെറിനോ പോർച്ചുഗീസ് വലകുലുക്കുകയായിരുന്നു. മത്സരത്തിലുടനീളം പന്തടക്കത്തില്‍ സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയില്‍ സുവര്‍ണാവസരങ്ങള്‍ പാഴാക്കിയിരുന്നു. സ്പാനിഷ് സ്ട്രൈക്കർ മൈക്കല്‍ ഒയാർസബാലിന് ലഭിച്ച മികച്ചൊരു അവസരം മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തില്‍ പോർച്ചുഗലിന് മുന്നിലെത്താൻ അവസരങ്ങള്‍ ലഭിച്ചിരുന്നു.
11-ാം മിനിറ്റില്‍ ബ്രൂണോ ഫെർണാണ്ടസിന്റെ പാസില്‍ നിന്ന് റൊണാള്‍ഡോ തൊടുത്ത ശക്തമായ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പർ ഉനൈ സിമോണ്‍ അവിശ്വസനീയമാംവിധം തട്ടിയകറ്റി. പിന്നീട് 59-ാം മിനിറ്റില്‍ ജോവാവോ ഫെലിക്സിന്റെ ക്രോസില്‍ നിന്ന് സി ആർ 7 നടത്തിയ വോളി ശ്രമവും ലക്ഷ്യം കാണാതെ പോയി.
മത്സരത്തിനിടയില്‍ പ്രമുഖ പ്രതിരോധ താരം നൂനോ മെൻഡസിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് പോർച്ചുഗലിന് കനത്ത തിരിച്ചടിയായി. പ്രതിരോധ നിരയിലെ ഈ വിള്ളല്‍ മുതലെടുത്താണ് അവസാന നിമിഷങ്ങളില്‍ സ്പെയിൻ ആക്രമണം ശക്തമാക്കിയത്.
ഇരു പകുതികളിലും ഇരുഭാഗത്തും മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോള്‍ കീപ്പർമാരുടെ സേവുകളാണ് ലക്ഷ്യം ഭേദിക്കുന്നതില്‍ തടസമായി നിന്നത്. ടൂർണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി. 2010നുശേഷം സ്‌പെയ്‌നിന്റെ ആദ്യ ക്വാർട്ടറാണ്. ആവേശകരമായ ഈ വിജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ സ്പെയിൻ, അടുത്ത മത്സരത്തില്‍ ബെല്‍ജിയം-യുഎസ്‌എ പോരാട്ടത്തിലെ വിജയികളെ നേരിടും.
മത്സരത്തിന് ശേഷം മൈതാനത്ത് വികാരാധീനനായി പൊട്ടിക്കരയുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ദൃശ്യം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് നോവായി മാറി. ഈ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് 39കാരനായ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്പാനിഷ് കളിക്കാർ അവരുടെ നാടകീയ വിജയം ആഘോഷിക്കുമ്പോള്‍, യാമല്‍ ആഹ്ലാദ പ്രകടനങ്ങളില്‍ നിന്ന് മാറി നിന്ന് റൊണാള്‍ഡോയെ ആശ്വസിപ്പിച്ചു. 41 കാരനായ അല്‍ നാസർ താരത്തെ ആലിംഗനം ചെയ്യുന്ന ബാഴ്‌സലോണ കൗമാരക്കാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി.

