Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്‌കൂള്‍ കായികമേളക്ക് ഇന്ന് വിസില്‍; കോഴിക്കോട്ട് മൂന്നാം വട്ടം

സ്‌കൂള്‍ കായികമേളക്ക് ഇന്ന് വിസില്‍; കോഴിക്കോട്ട് മൂന്നാം വട്ടം

കോഴിക്കോട്: വേഗവും കരുത്തും മികവും മാറ്റുരയ്‌ക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് കോഴിക്കോട്ട് തുടങ്ങും..

എൻഐടിയുടെ പുതിയ സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലുമാണ് കൗമാര കായികതാരങ്ങള്‍ പുതിയ സമയവും ദൂരവും ഉയരവും കണ്ടെത്താൻ അരയും തലയും മുറുക്കി എത്തുന്നത്. വൈകിട്ട് നാലിന് എൻഐടി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ കായികമേള ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റും രാജ്യം കണ്ട ഇതിഹാസ അത്‌ലറ്റുമായ ഡോ. പി.ടി. ഉഷ എംപി ദീപശിഖ തെളിയിക്കും. നാലായിരത്തോളം താരങ്ങള്‍ അണിനിരക്കുന്ന മാർച്ച്‌പാസ്റ്റും മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാകും.
14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം കായികതാരങ്ങള്‍ ഉള്‍പ്പെടെ 15,000-ത്തിലേറെ പേരാണ് ഒരാഴ്ച നീളുന്ന മേളയില്‍ പങ്കെടുക്കുക. അത്ലറ്റിക്‌സിനൊപ്പം ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, കരാട്ടെ, വടംവലി, നെറ്റ്‌ബോള്‍, വുഷു തുടങ്ങി വിവിധ ഗെയിംസ് ഇനങ്ങളും ഉള്‍പ്പെടുത്തിയ ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന
സ്‌കൂള്‍ കായികമേളയുടെ മൂന്നാം പതിപ്പിനാണ് കോഴിക്കോട് വേദിയാകുന്നത്.
ജില്ലയിലെ പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവരെ വേദികളിലെത്തിക്കാൻ ‘ഒളിമ്പിക്‌സ് എക്‌സ്പ്രസ്’ എന്ന പേരില്‍ പ്രത്യേക ഗതാഗത സംവിധാനവും ഏർപ്പെടുത്തി.
ഉദ്ഘാടനശേഷം ജനപ്രതിനിധികള്‍ക്കായി നൂറ് മീറ്റർ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങളുമുണ്ട്. 50 വയസിന് മുകളിലും താഴെയുമുള്ള പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നാളെ നടക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളില്‍ 2,000ത്തിലധികം ഭിന്നശേഷി താരങ്ങള്‍ പങ്കെടുക്കും. അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ മത്സരങ്ങളാണുള്ളത്.31ന് വൈകിട്ട് നാലിന് കായികമേള സമാപിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily