Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണരേഖയില്ല; മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണം: ബി. ഗോപാലകൃഷ്ണൻ

സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണരേഖയില്ല; മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണം: ബി. ഗോപാലകൃഷ്ണൻ

തൃശൂർ: മകളുടെ വിവാഹത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമർശനങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.

ഗോപാലകൃഷ്ണൻ. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും വിവാഹത്തിലെ സൗഹൃദത്തെ രാഷ്‌ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൻ ഏറെ സന്തുഷ്ടനാണെന്നും സ്നേഹവും സൗഹൃദവുമാണ് ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. മമ്മൂട്ടിയെ കൂടാതെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരെല്ലാം തന്റെ സുഹൃത്തുക്കളാണ്. നേരിട്ട് ക്ഷണിച്ചതിനെത്തുടർന്നാണ് അവർ ചടങ്ങിനെത്തിയത്. രാഷ്‌ട്രീയത്തിനതീതമായി കേരളത്തില്‍ സ്നേഹവും സൗഹൃദവും വളരണമെന്നും അദ്ദേഹം പറഞ്ഞു.

താൻ ബിജെപി പ്രവർത്തകനാണെങ്കിലും വ്യക്തിബന്ധങ്ങള്‍ക്ക് രാഷ്‌ട്രീയവുമായി ബന്ധമില്ല. സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണരേഖയില്ല. കേരളം ഒരുമിച്ച്‌ മുന്നോട്ടുപോകുന്നത് ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് ഇത്തരം സൗഹൃദങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിവാഹത്തില്‍ പങ്കെടുക്കാൻ കഴിയാതിരുന്ന മുൻമന്ത്രി ആർ. ബിന്ദു വൈകിട്ടോടെ വീട്ടിലെത്തിയതും സൗഹൃദത്തിന്റെ ഉദാഹരണമാണെന്ന് ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നില്‍ യഥാർഥ സിപിഎം പ്രവർത്തകരല്ലെന്നും സിപിഎം അനുഭാവികളെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. മകളുടെ വിവാഹത്തെ രാഷ്‌ട്രീയ വിവാദമാക്കരുതെന്നും സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും പൊതുസമൂഹത്തോട് അഭ്യർഥിച്ചു. മമ്മൂട്ടിയെ സംബന്ധിച്ച്‌ ഇത്തരം വിമർശനങ്ങള്‍ വിഷയമല്ലെന്നും അദ്ദേഹം മഹാമനസ്കനായ വ്യക്തിയാണെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മകള്‍ അനഘയുടെയും അഞ്ജിത്തിന്റെയും വിവാഹം നവംബർ ഒന്നിനാണ് ഗുരുവായൂരില്‍ നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാമെന്ന് മമ്മൂട്ടി നേരത്തെ വാക്കുനല്‍കിയിരുന്നെങ്കിലും ആലുവ പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെത്തുടർന്ന് യാത്ര ഒഴിവാക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily