Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

തിരുവനന്തപുരം: മാവേലിക്കരയ്‌ക്കടുത്ത് ചെട്ടികുളങ്ങരയിലുള്ള തന്റെ ചെറിയ വീട്ടില്‍ നിന്നുമുള്ള ചെറിയ വ്യവസായ സംരംഭത്തിലൂടെ മിതേഷ് ഒരു മാസം സമ്പാദിക്കുന്നത് 50,000 രൂപ.

. ‘ടേപ്പ് സ്മിത്ത് എന്റർപ്രൈസ്’ (Tape Smith Enterprise) എന്നതാണ് ഇരുപത്തിമൂന്നുകാരനായ മിതേഷ് മധുകുട്ടന്റെ സംരംഭത്തിന്റെ പേര്. മൂന്ന് വർഷം മുൻപ്, ഒരു സ്ഥിര വരുമാനം ലക്ഷ്യമിട്ടാണ് മിതേഷ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇന്ന് സ്വന്തമായി ജോലിയും മികച്ച വരുമാനവും നല്‍കുന്ന ഒന്നായി മാറിയിരിക്കുന്നു.

സെല്ലോ ടേപ്പ്, പാക്കിങ് ടേപ്പ്, മാസ്കിങ് ടേപ്പ് എന്നിവയാണ് പ്രധാനമായും ഇവിടെ നിർമ്മിക്കുന്നത്. പായ്‌ക്കിങ് മേഖലയില്‍ ഏറെ ആവശ്യകതയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ, പെട്ടി പാക്ക് ചെയ്യുന്നതിനും ഇൻസുലേഷനുമായി ഉപയോഗിക്കുന്ന ടേപ്പുകളും, എഴുത്തുകള്‍ മറയ്‌ക്കുന്നതിനായുള്ള മാസ്കുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

ഈ സംരംഭത്തിന്റെ നടത്തിപ്പിനായി ഏകദേശം രണ്ട് ലക്ഷം രൂപയാണ് മുതല്‍മുടക്കിയത്. ഒരു സെല്ലോ ടേപ്പ് മേക്കിങ് മെഷീൻ മാത്രമാണ് ഈ സ്ഥാപനത്തിലുള്ളത്. സിംഗിള്‍ ഫേസില്‍ പ്രവർത്തിക്കുന്ന ഈ മെഷീനായതിനാല്‍ പ്രത്യേക കണക്ഷനുകളുടെ ആവശ്യമില്ലാതെ തന്നെ വീട്ടിലെ വൈദ്യുതി കണക്ഷൻ ഉപയോഗിച്ച്‌ പ്രവർത്തനം സുഗമമായി നടക്കുന്നു. മിതേഷ് തന്നെയാണ് ഉല്‍പ്പാദനവും ഓർഡറുകള്‍ എടുക്കുന്നതും വിതരണവും എല്ലാം കൈകാര്യം ചെയ്യുന്നത്. ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാൻ അദ്ദേഹത്തിന്റെ അമ്മയായ ഉഷയും കൂടെയുണ്ട്. മിതേഷും അമ്മയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.

ഗുജറാത്തില്‍ നിന്നെത്തിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. സ്റ്റേഷനറി ഷോപ്പുകള്‍, സൂപ്പർമാർക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പന നടക്കുന്നത്. കൂടാതെ, ഹോള്‍സെയില്‍ കേന്ദ്രങ്ങളില്‍ നേരിട്ടുപോയി ഓർഡറുകള്‍ പിടിച്ച്‌ വിതരണവും ചെയ്യുന്നുണ്ട്. കായംകുളം കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. പ്രതിമാസം 50,000 രൂപയുടെ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്ന മിതേഷിന്, അതില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാൻ സാധിക്കുന്നു. കൂലി ഉള്‍പ്പെടെ മാസത്തില്‍ 50,000 രൂപ വരുമാനം നേടാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇടയ്‌ക്കിടെ ഉപഭോക്താക്കള്‍ ക്രെഡിറ്റ് ചോദിക്കുന്നതാണ് ഈ ബിസിനസ്സില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെങ്കിലും, പ്രാദേശിക തലത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണിയുണ്ടെന്ന് മിതേഷ് ആത്മവിശ്വാസത്തോടെ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily