ഇസ്ലാമബാദ്: പുരാതന ഭാരതത്തിലെ വിദ്യാഭ്യാസ കേന്ദ്രവും പുരാതന നഗരവുമായ തക്ഷശിലയില്‍ പാകിസ്ഥാന്റെ പുനര്‍നിര്‍മ്മാണം.
പഴയതെല്ലാം പൊളിച്ച് കോണ്‍ക്രീറ്റ് ചെയ്യുകയാണ്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച ഐക്യരാഷ്‌ട്രസഭയുടെ സംഘടനയായ യുനസ്‌കോ ഇത്തരം പരിപാടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
നളന്ദയും തക്ഷശിലയും പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. ഇതില്‍ തക്ഷശില സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിലായി. തക്ഷശിലയിലെ വന്‍ ചരിത്രപ്രാധാന്യമുള്ള രണ്ടിടങ്ങളിലാണ് നിര്‍മ്മാണം നടത്തുന്നത്. ഇത് വേഗം നിര്‍ത്തണം. ഇല്ലെങ്കില്‍ തക്ഷശിലയെ അപകടത്തിലാക്കിയ ചരിത്ര കേന്ദ്രങ്ങളുടെ പട്ടികയില്‍ പെടുത്തുമെന്നും യുണൈറ്റഡ് നേഷന്‍സ് എജ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനസ്‌കോ) മുന്നറിയിപ്പ് നല്‍കി.
രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശമുള്ള, വേദകാലത്ത് പിറവികൊണ്ട കേന്ദ്രമാണ് തക്ഷശില. ഇവിടുത്തെ മൊഹറ മൊറാദു, സിര്‍കാപ് എന്നീ കേന്ദ്രങ്ങളാണ് പാക് സര്‍ക്കാരിന്റെ ഭീഷണി നേരിടുന്നത്. പുരാതന നഗരശേഷിപ്പുകള്‍ പൊളിക്കുക, പഴയ മതിലുകളും ഭിത്തികളും എല്ലാം പൊളിച്ച് പുതിയവ പണിയുക, പലതിന്റെയും ഉയരം കൂട്ടുക തുടങ്ങിയ പണികളാണ് പാക് അധികൃതര്‍ ചെയ്യുന്നത്. ചില സഞ്ചാരികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി യുനസ്‌കോയ്‌ക്ക് ചിത്രങ്ങള്‍ സഹിതം പരാതി നല്‍കിയത്. പുരാതന ഭിത്തിയിലെ പ്ലാസ്റ്ററിങ്ങ് പൊളിച്ച് സിമന്റ് തേച്ചുപിടിപ്പിക്കുന്നുമുണ്ട്. മനോഹാരിതയും പഴമയും തുടിക്കുന്ന കല്ലുകള്‍ ഇളക്കി മാറ്റി പുതിയ കല്ലുകള്‍ വച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. മൊഹ്‌റ മുറാദുവിലെ മണ്‍ മുറ്റം നീക്കി അത്യാധുനിക രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ട്. മുന്‍പ് പുരാവസ്തുക്കള്‍ പൊളിച്ച് സ്റ്റേഡിയം പണിയാന്‍ പദ്ധതി തുടങ്ങിയതാണ്. വലിയ എതിര്‍പ്പ് ഉയര്‍ന്നതോടെ പദ്ധതി ഉപേക്ഷിച്ചു. അധിനിവേശങ്ങളെ ചെറുത്ത് നൂറ്റാണ്ടുകള്‍ നിലകൊണ്ട തക്ഷശില ഇന്ന് ചില പ്രത്യേക ലക്ഷ്യത്തോടെയുള്ള ‘അക്ഷമയെ’ ചെറുക്കാന്‍ സാധ്യതയില്ല. ഒരു പുരാവസ്തു ഗവേഷകന്‍ പ്രതികരിച്ചു.
ലോക പൈതൃക നഗരമായി യുനസ്‌കോ പ്രഖ്യാപിച്ച സ്ഥലമാണ് തക്ഷശില. 1000 ബിസിയില്‍ നിര്‍മ്മിച്ച നഗരം പാകിസ്ഥാനിലെ വടക്കന്‍ പഞ്ചാബിലാണ്. ഒരു കാലത്ത് ഗാന്ധാര ദേശത്തിന്റെ തലസ്ഥാനമായിരുന്നു. സിന്ധൂ നദിയുടെ കിഴക്കന്‍ തീരത്താണ്. ഒരു സമയത്ത് മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായും നിലകൊണ്ടു. ശിലകളുടെ നഗരം എന്നതില്‍ നിന്നാണ് തക്ഷശില എന്ന പേര് വന്നത്. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനായ ഋഷഭനാഥന്‍ മകന്‍ ബാഹുബലിയെ ഏല്‍പ്പിച്ച സ്ഥലമെന്നാണ് ജൈനമതം പറയുന്നത്. ഹിന്ദു, ബൗദ്ധ ജൈനമതങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യമുള്ള സ്ഥലമാണിത്.

