ചെന്നൈ : സംസ്ഥാനത്ത് ടാസ്മാക് മദ്യശാലകളോടു ചേർന്നു പ്രവർത്തിക്കുന്ന 2,640 ബാറുകള്‍ പൂട്ടാൻ ഉത്തരവിട്ട് വിജയ് സർക്കാർ.
ടാസ്മാക് കടകളില്‍ നിന്നു വാങ്ങുന്ന മദ്യം കുടിക്കാൻ സൗകര്യം ഒരുക്കുകയും വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ക്കാണ് ബാർ ലൈസൻസുകള്‍ നല്‍കിയിരുന്നത്. ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ചതിനെ തുടർന്നാണ് പൂട്ടാനുള്ള ഉത്തരവിട്ടത്. പുതിയ ടെൻഡറുകള്‍ ക്ഷണിച്ചായിരിക്കും ഇനി ബാറുകള്‍ക്ക് ലൈസൻസ് നല്‍കുക. കഴിഞ്ഞ ദിവസം മദ്യനിരോധന - എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ സാന്നിധ്യത്തില്‍ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ബാറുകള്‍ പൂട്ടുന്ന സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളിലെ മദ്യപാനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്. 2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. 2026 ജനുവരിയില്‍ ഈ ലൈസൻസ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ ഇത് 2026 ജൂണ്‍ വരെ നീട്ടിനല്‍കുകയായിരുന്നു. ഈ നീട്ടിനല്‍കിയ കാലാവധിയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടിയത്. തമിഴ്നാട്ടില്‍ നേരത്തെയുള്ള നിയമ പ്രകാരം സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും 50 മീറ്റർ പരിധിയില്‍ മദ്യഷോപ്പുകള്‍ പാടില്ല. എന്നാല്‍ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്.
SUMMARY: Vijay Govt orders in Tamil Nadu

