Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം 15 മില്യണ്‍ കാഴ്‌ചക്കാരുമായി ട്രെയിലര്‍

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം 15 മില്യണ്‍ കാഴ്‌ചക്കാരുമായി ട്രെയിലര്‍

കൊച്ചി: ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ രാമായണയുടെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ ഇന്ന് പുര്‍ച്ചെയാണ് പുറത്തുവിട്ടത്.

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ട്രെയിലര്‍ റിലീസായിരുന്നു അത്. എന്നാല്‍ ട്രെയിലര്‍ റിലീസ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ 4.15 ന് പുറത്തിറങ്ങിയ ട്രെയിലര്‍ റിലീസ് ചെയ്‌ത് വെറും 12 മണിക്കൂറുകള്‍ക്കൊണ്ട് 15 ദശലക്ഷം(15 മില്യണ്‍) കാഴ്ച്ക്കാരാണ് കണ്ടത്. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷയും വീണ്ടും ശക്തമാകുകയാണ്. ട്രെയിലർ പുറത്തിറങ്ങിയ ആദ്യ നിമിഷങ്ങള്‍ മുതല്‍ തന്നെ ആരാധകരും സിനിമാപ്രേമികളും അതിനെ ഏറ്റെടുത്തിരുന്നു.

അതിശയിപ്പിക്കുന്ന ദൃശ്യഭംഗി, ലോകോത്തര നിലവാരത്തിലുള്ള വിഎഫ്‌എക്സ്, ശക്തമായ പശ്ചാത്തല സംഗീതം, വമ്പൻ താരനിര എന്നിവ ചേർന്ന ട്രെയിലർ ഇന്ത്യൻ സിനിമയുടെ പുതിയ മാനദണ്ഡമാകുമെന്ന വിലയിരുത്തലാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്.

ട്രെയിലറിലെ ഏറ്റവും വലിയ ആകർഷണം ഭഗവാൻ ശ്രീരാമനായി രണ്‍ബീർ കപൂർ എത്തുന്നതാണ്. ശാന്തതയും ധർമ്മനിഷ്ഠയും നിറഞ്ഞ ശ്രീരാമന്റെ അവതാരം ട്രെയിലറിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. അതേസമയം, അഹങ്കാരവും അതിശക്തമായ വ്യക്തിത്വവും നിറഞ്ഞ രാവണനായി യാഷ് എത്തുന്ന രംഗങ്ങളും പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തുന്നു.

സീതയായി സായ് പല്ലവിയും, ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു. ഹനുമാന്റെ ശക്തമായ കഥാപാത്രത്തെ സണ്ണി ഡിയോള്‍ അവതരിപ്പിക്കുന്നതും ചിത്രത്തോടുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ട്രെയിലറിലെ ദൃശ്യവിസ്‌മയവും താരങ്ങളുടെ പ്രകടനവുമെല്ലാം ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നുണ്ട്.

ട്രെയിലറിലെ ഓരോ ഫ്രെയിമും അതിന്റെ ഭംഗിയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയാണ്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഎഫ്‌എക്സ് സ്റ്റുഡിയോ ഡി എന്‍ ഇ ജിയുടെ സാങ്കേതിക മികവ് ചിത്രത്തില്‍ പൂർണമായി പ്രതിഫലിക്കുന്നുവെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത സംഗീതമാണ്. ഹോളിവുഡിലെ ഇതിഹാസ സംഗീതസംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ സംഗീതത്തിന്റെ അഭിമാനമായ എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം, ഇത് സംഗീതത്തിന്റെ അപൂർവ സംഗമമാകുമെന്ന് തന്നെയാണ് സിനിമാസ്വാദകര്‍ വിലയിരുത്തുന്നത്.

റിലീസിന് മുമ്പേ തന്നെ ചിത്രം ബിസിനസ് രംഗത്തും റെക്കോർഡുകള്‍ സൃഷ്ടിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ റിപ്പോർട്ട് പ്രകാരം ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് തുകയ്‌ക്കാണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആദ്യഘട്ടത്തില്‍ 100 കോടി രൂപ ലക്ഷ്യമിട്ടിരുന്നെങ്കിലും, 75 കോടിയുടെ കരാറും വ്യവസായത്തില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

‘ദംഗല്‍’, ‘ഛിച്ചോറെ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം, ലോകത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ തലമുറയ്‌ക്ക് മുന്നിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.

നമിത് മല്‍ഹോത്രയുടെ ഡി.എൻ.ഇ.ജിയും യാഷിന്റെ മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയില്‍ ധർമ പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം സോണി പിക്‌ചേഴ്സിന്റെ സഹകരണത്തോടെ ലോകമെമ്പാടും വമ്പൻ റിലീസായാണ് എത്തുക.രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

‘രാമായണം: ഭാഗം 1’ 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily