തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ശക്തി കൂടിയ ന്യൂന മർദ്ദം തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കൻ രാജസ്ഥാൻ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ക്രമേണ ശക്തി കുറഞ്ഞു ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഓഗസ്റ്റ് 1 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര / അതിശക്തമായ മഴയ്‌ക്കും ഓഗസ്റ്റ് 2, 5 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 1, 2 തീയതികളില്‍ മണിക്കൂറില്‍ 40-50 വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ടയ്‌ക്ക് പുറമെ ഏഴ് ജില്ലകള്‍ക്ക് ഇന്ന് റെഡ് അലർട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ജില്ലകള്‍. അതിതീവ്രമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഴ കനക്കുന്നതിനാല്‍ പത്തനംതിട്ടയില്‍ വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ശബരിമല തീർത്ഥാടകർക്ക് യാത്രാനുമതി തുടരും. കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്തെ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുകയാണ്. പത്തനംതിട്ടയില്‍ നിലവില്‍ റെഡ് അലർട്ടാണ്.

