ഹൂസ്റ്റണ്‍: തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മില്‍ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകള്‍ക്ക് തുടക്കമായി.
തിരുവനന്തപുരം മേയർ വി.വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും ഇതുസംബന്ധിച്ച് ചർച്ച നടത്തി.
ഹൂസ്റ്റണ്‍ മെട്രോപൊളിറ്റൻ മേഖലയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് മിസോറി സിറ്റി. മികച്ച നഗരാസൂത്രണം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ഗുണമേന്മയുള്ള പൊതുസേവനങ്ങള്‍, വൈവിധ്യമാർന്ന ജനസമൂഹം എന്നിവ കൊണ്ട് ശ്രദ്ധേയമായ നഗരമാണിത്. ടെക്സസിലെ പ്രധാന സാമ്പത്തിക മേഖലകളിലൊന്നായ ഹൂസ്റ്റണുമായി അടുത്ത ബന്ധമുള്ള മിസോറി സിറ്റി ആരോഗ്യരംഗം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളിലും വളർച്ച കൈവരിച്ചുവരുന്ന നഗരമാണ്.

മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമുള്ള മിസോറി സിറ്റി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. നഗരഭരണ രംഗത്തും പൊതുപ്രവർത്തന മേഖലയിലും മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. മേയർ റോബിൻ ഇലക്കാട്ടിന്റെ നേതൃത്വത്തില്‍ നഗരവികസനത്തിനും സമൂഹ പങ്കാളിത്തത്തിനും നല്‍കിയ പ്രാധാന്യം ചർച്ചയില്‍ പ്രതിഫലിച്ചു.
ഇരുനഗരങ്ങളുടെയും വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ വിവിധ സഹകരണ സാധ്യതകളാണ് കൂടിക്കാഴ്ചയില്‍ വിശദമായി വിലയിരുത്തിയത്. അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങള്‍, നിക്ഷേപ-വ്യാപാര അവസരങ്ങള്‍, തദ്ദേശഭരണം, സമൂഹ പങ്കാളിത്തം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി.

നിർമിതബുദ്ധി (AI) മേഖലയിലും തിരുവനന്തപുരം-മിസോറി സിറ്റി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചർച്ച ചെയ്തു. നഗരവികസനം, സാങ്കേതികവിദ്യ, പൊതുസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കല്‍, സ്മാർട്ട് സിറ്റി ആശയങ്ങള്‍, നിക്ഷേപ അവസരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലും മിസോറി സിറ്റി കൈവരിച്ച പുരോഗതിയെക്കുറിച്ച് മേയർ റോബിൻ ഇലക്കാട്ട് വിശദീകരിച്ചു. ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, പുനരുപയോഗ പദ്ധതികള്‍, നഗര ശുചിത്വ പ്രവർത്തനങ്ങള്‍ എന്നിവ സംബന്ധിച്ച അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. മാലിന്യ സംസ്കരണ കമ്പനിയുടെ പ്രതിനിധികളും നഗര ഭരണകൂടത്തിലെ അംഗങ്ങളും ചർച്ചയില്‍ പങ്കെടുത്തു.

നഗരത്തിലെ തെരുവുനായ്‌ക്കളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും റോബിൻ ഇലക്കാട്ട് വിവരിച്ചു. നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളും (ഷെല്‍ട്ടർ കേന്ദ്രങ്ങള്‍) മേയർ വി.വി. രാജേഷ് സന്ദർശിച്ചു. മൃഗസംരക്ഷണ രംഗത്ത് മിസോറി സിറ്റി നടപ്പാക്കുന്ന പ്രവർത്തനങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തി.
മിസോറി സിറ്റിയില്‍നിന്നുള്ള ഒരു ഔദ്യോഗിക പ്രതിനിധി സംഘം തിരുവനന്തപുരത്ത് സന്ദർശനം നടത്തും. നഗരവികസനം, സാങ്കേതികവിദ്യ, മാലിന്യ സംസ്കരണം, പൊതുസേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുള്ള അവസരമാകും ഈ സന്ദർശനം.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാഫോർഡ് മേയർ കെൻ മാത്യുവുമായും തിരുവനന്തപുരം മേയർ വി.വി. രാജേഷ് കൂടിക്കാഴ്ച നടത്തി. നഗരഭരണം, പൊതുസേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകള്‍ കൂടിക്കാഴ്ചയില്‍ ചർച്ചയായി.
തിരുവനന്തപുരം നഗരവും അമേരിക്കയിലെ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നഗരവികസനത്തിലെ മികച്ച മാതൃകകള്‍ പരസ്പരം പങ്കുവെക്കുന്നതിനും പുതിയ സഹകരണ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ചകള്‍ സഹായകമാകുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു.

