Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

രിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആദ്യ ഗഡുവായി 25000 കോടിയിലേറെ രൂപ അനുവദിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രശംസനീയമാണ്.

പദ്ധതിയുടെ പ്രാരംഭ പുരോഗതി അവലോകനം ചെയ്ത കേന്ദ്ര ഗ്രാമ വികസനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദ്യ ആഴ്ചയില്‍ തന്നെ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചതായി അറിയിക്കുകയും, ആദ്യ ദിവസം തന്നെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ആന്ധ്ര, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ പ്രശംസിക്കുകയും ചെയ്തു. വിബി ജി റാം ജി പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കക്ഷിരാഷ്‌ട്രീയ പരിഗണനയില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

ഈ തൊഴിലുറപ്പ് പദ്ധതിയുടെ വേതന നിരക്കുകള്‍ 10 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, ഒരു സംസ്ഥാനത്തിലും പ്രതിദിനം 300 രൂപയില്‍ താഴെ വേതന നിരക്ക് ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നു.

വിബി ജി റാം ജി എന്ന പേരില്‍ പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലങ്ങള്‍ നിരവധിയാണ്. പഴയ നിയമത്തില്‍ ഉണ്ടായിരുന്ന നൂറു ദിവസത്തെ തൊഴില്‍ ലഭ്യത 125 ആയി വര്‍ധിപ്പിച്ചത് സുപ്രധാനമായ മാറ്റമാണ്. തൊഴില്‍ ചെയ്യുന്നവരുടെ ദിവസവേതനം കാലോചിതമായി പരിഷ്‌കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അ ധികാരമുണ്ട്. പഴയ നിയമപ്രകാരം ഗ്രാമപഞ്ചായത്തുകളാണ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെങ്കില്‍ പുതിയ നിയമപ്രകാരം ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്കും പദ്ധതികള്‍ നിര്‍ദ്ദേശിക്കാനും കൂടിയാലോചിച്ച്‌ നടപ്പാക്കാനും കഴിയും. 2047 ല്‍ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത പരിപാടികള്‍ക്ക് അനുസൃതമായാണ് തൊഴിലുറപ്പ് സംബന്ധിച്ച പുതിയ നിയമം നിര്‍മിച്ചത്. പഴയ നിയമത്തില്‍ ചെയ്യപ്പെടുന്ന പ്രവൃത്തികള്‍ യോജിപ്പിച്ച്‌ വികസിത ഭാരതത്തിലേക്ക് മുന്നേറാന്‍ കഴിയുമായിരുന്നില്ല. വിബി ജി റാം ജി എന്ന പുതിയ തൊഴിലുറപ്പ് നിയമം 2026 ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുമെന്നാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യഥാസമയം പദ്ധതിയുടെ അദ്യഗഡു അനുവദിച്ചതോടെ സര്‍ക്കാര്‍ വാക്കുപാലിച്ചിരിക്കുകയാണ്.

പുതിയ തൊഴിലുറപ്പ് നിയമപ്രകാരം 2047 ല്‍ വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ 16 കോടി ഗ്രാമീണ ജനതയുടെ അധ്വാനശേഷി സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 2021ല്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ പ്രഖ്യാപിച്ച വികസന മേഖലകളാണ് പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഗ്രാമീണ സമ്പദ്ഘടന ശാക്തീകരിക്കുന്നതിനുള്ള അടിസ്ഥാന മേഖലാ വികസനവും ആസ്തി നിര്‍മാണവും ജലസംഭരണവും ശുദ്ധീകരണവും വിനിയോഗവും ഗ്രാമീണ ജനതയ്‌ക്ക് അതിജീവനത്തിനായുള്ള ജീവിതോപാധികള്‍ കണ്ടെത്തുന്നതിനുള്ള കാര്‍ഷിക-ഗ്രാമ വ്യവസായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണവും പ്രകൃതി ദുരന്തനിവാരണവും മണ്ണ് സംരക്ഷണവും ജൈവകൃഷിയും നീര്‍ത്തടാധിഷ്ഠിത ആസൂത്രണവും വികസനവും എന്നീ മേഖലകളാണ് നിയമത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചുവെന്ന് മുറവിളികൂട്ടുകയാണ് പ്രതിപക്ഷം ചെയ്തത്. ഗാന്ധിജിയുടെ പേരുപറഞ്ഞ് പ്രതിഷേധിക്കുകയും കോലാഹലമുണ്ടാക്കുകയും ചെയ്താല്‍ ജനങ്ങളെ സ്വാധീനിക്കുമെന്നും, അവരെ സര്‍ക്കാരിനെതിരാക്കാമെന്നും കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും വ്യാമോഹിച്ചു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ജനങ്ങള്‍ സംശയിച്ചില്ല. തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്ത ശേഷം ബംഗാളിലും അസമിലും മറ്റും നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായാണ് ജനവിധിയുണ്ടായത്.

ഇത്തരം കാര്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് മോദി സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily