Friday, 24 Sep, 5.01 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
തുവ്വൂര്‍ രക്തസാക്ഷി ദിന പ്രമേയം; രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയണം

1921 ലെ മാപ്പിളക്കലാപം കേരളചരിത്രത്തിലെ കറുത്ത ഏടാണ്. മഹാത്മാഗാന്ധി മുതല്‍ അംബേദ്കര്‍ വരെയുള്ള ദേശീയനേതാക്കള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇത് വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ മറവില്‍ മലബാറില്‍ ഹിന്ദുകൂട്ടക്കൊല നടപ്പാക്കുകയായിരുന്നുവെന്നത് ചരിത്രസത്യമാണ്.

മലബാര്‍ മേഖലയില്‍ പിന്നീട് സ്വാതന്ത്ര്യസമരത്തിന് വേണ്ടത്ര ജനകീയ പിന്തുണ പോലും ലഭിക്കാത്ത വിധത്തില്‍ വലിയ സാമൂഹ്യ പ്രത്യാഘാതമാണ് കലാപമുണ്ടാക്കിയത്. എന്നാല്‍ ഇതിനെ കര്‍ഷകകലാപമായും സ്വാതന്ത്ര്യസമരമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് ഉണ്ടായത്. കലാപകാരികള്‍ക്ക് സ്വാതന്ത്ര്യ പെന്‍ഷന്‍ നല്‍കാനാവില്ലെന്ന് അന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് രേഖകളില്‍ ഇത് കാണാവുന്നതാണ്. പിന്നീട് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദഫലമായി കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളായി അവതരിപ്പിക്കുകയായിരുന്നു. കലാപം സൃഷ്ടിച്ച മുറിവിനേക്കാള്‍ ആഴത്തിലുള്ള ആഘാതമാണ് ഈ വര്‍ഗ്ഗീയ പ്രീണനനീക്കം ഉണ്ടാക്കിയത്.

മാപ്പിളക്കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ കലാപകാരികള്‍ക്ക് സ്മാരകം ഉണ്ടാക്കാനുള്ള ശ്രമം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സര്‍ക്കാരും ആരംഭിച്ചിരിക്കുന്നു. കലാപത്തെയും കലാപകാരികളെയും വെള്ളപൂശാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇരകളെ അവഗണിക്കുകയും വേട്ടക്കാരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തുവാനും ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാനുമായിരിക്കണം ചരിത്രത്തെ ഉപയോഗപ്പെടുത്തേണ്ടത്.

മാപ്പിലക്കലാപകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെകുറിച്ച്‌ പുതിയ തലമുറയ്ക്ക് അവബോധം നല്‍കാന്‍ പ്രധാനകലാപകേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അക്കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ സമുദ്ധരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. അന്യാധീനപ്പെട്ട ക്ഷേത്രസ്വത്ത് തിരിച്ചുനല്‍കാന്‍ ബന്ധപ്പെട്ടവരും തയാറാകണം. സര്‍ക്കാരിന്റെ അനുഭാവ പൂര്‍ണ്ണമായ നിലപാടും ഇക്കാര്യത്തിലുണ്ടാവണം.

മാപ്പിളക്കലാപം ഉണ്ടാക്കിയ മുറിവുണക്കാനായിരിക്കണം എല്ലാവരും പരിശ്രമിക്കേണ്ടത്. കലാപം ഉണ്ടാക്കിയ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ശരിയായ ചരിത്ര അവബോധം സൃഷ്ടിക്കപ്പെടണം. ഖിലാഫത്ത് കലാപത്തെ സധൈര്യം ചെറുത്തുനിന്ന ഇസ്ലാമികധാരയും യാഥാര്‍ത്ഥ കലാപചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. നിരപരാധികളായ ഹിന്ദുക്കളെ കൊന്നുതള്ളിയ തുവ്വൂര്‍, നാഗാളികാവ് തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകള്‍ സംരക്ഷിതസ്മാരകമാക്കണം. മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവ ചരിത്രസ്മാരകങ്ങളാക്കണം. കലാപത്തെക്കുറിച്ചുള്ള ശരിയായ ചരിത്രം പുതിയ തലമുറക്ക് മനസ്സിലാക്കാന്‍ തക്ക മ്യൂസിയം മലപ്പുറത്ത് സ്ഥാപിക്കണം. രക്തസാക്ഷികളായ ഹിന്ദുക്കളുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ അവര്‍ക്ക് ഉചിതമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി എടുക്കണമെന്ന് ഈ യോഗം ആവശ്യപ്പെടന്നു. കലാപകാരികളെ വെള്ളപൂശാനും ചരിത്രത്തെ വികലമാക്കാനും സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്താനുമുള്ള മുസ്ലീം ഭീകര സംഘടനകളുടെ നീക്കങ്ങളെ തടയാന്‍ സര്‍ക്കാര്‍ നടപടികളെടുക്കണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.

മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top