കോട്ടയം: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നതിന്റെ കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്. സാധാരണ വെള്ളപ്പൊക്ക സമയത്ത് മീന്‍ പിടിക്കാനിറങ്ങുന്നവര്‍ പറയുന്നു മത്സ്യങ്ങള്‍ കിട്ടാനില്ല.
വെള്ളപ്പൊക്ക സമയത്ത് നാട്ടിന്‍ പുറങ്ങളിലെ സ്ഥിരം കാഴ്ചകളാണ് തോടുകളിലേയും ആറുകളിലേയും മീന്‍ പിടുത്തം. എന്നാല്‍ ഇത്തവണ ഇതൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നാടന്‍ മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറയുന്നതായും ഇവര്‍ പറയുന്നു.
തോടുകളില്‍ നിന്നും കാരി, വരാല്‍, വാള, കൂരി, ചെമ്പല്ലി, പരല്‍, പള്ളത്തി, മണല്‍ വാള, ആറ്റു ചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുകയാണ്. ഇതോടെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലാവുന്നത്.
അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. കടുത്തുരുത്തി മാര്‍ക്കറ്റ്, കുറുപ്പന്തറ, കല്ലറ, മാന്നാര്‍, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ പിടികൂടുന്ന മത്സ്യങ്ങളുടെ വില്‍പ്പന നടക്കുന്നുണ്ട്. കല്ലറ, കടുത്തുരുത്തി, മാഞ്ഞൂര്, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, ചെമ്പ്, മുളക്കുളം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, വെള്ളൂര്‍ പഞ്ചായത്തുകളിലെ തോടുകളും പുഴകളും ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നു.
നാടൻ മത്സ്യങ്ങളുടെ വംശ നാശമാണ് മീന്‍ കുറയാന്‍ കാരണം. തോടുകളും ചെറിയ നീര്‍ച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകള്‍ ജലാശയങ്ങളുടെ അടിയിലേക്ക് വളര്‍ന്ന് വന്നതോടെ മീനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതായി. പാടശേഖരങ്ങളിലെ നെല്ലിന് അമിതമായി കീടനാശിനിയും രാസവളപ്രയോഗവും നടത്തിയതും ഈ വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും മീനുകളുടെ നാശത്തിന് കാരണമായി. കായലില്‍ നിന്ന് ഉപ്പുവെള്ളം കയറ്റി വിടാത്തതും ചില മത്സ്യങ്ങളുടെ വളർച്ചയെ കാര്യമായി ബാധിച്ചു.
ശുദ്ധജലവും ഉപ്പുവെള്ളവും ചേരുന്നിടത്തു വച്ചാണ് മിക്ക മത്സ്യങ്ങളും പ്രജനനം നടത്തുന്നത്. ഇത് നടക്കാതെ വരുന്നതോടെ ഇവയ്‌ക്ക് വലിയ വംശനാശമാണ് സംഭവിച്ചത്. കൊല്ലിവലയും വൈദ്യൂതി പ്രവഹിപ്പിച്ചും നഞ്ച് കലക്കിയുള്ളമീന്പിടിത്തവും മത്സ്യങ്ങളുടെ നാശത്തിനിടയാക്കി.

