കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അന്വേഷണം കൂടുതല്‍ നിർണായക ഘട്ടത്തിലേക്ക്. കേസില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനും പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.
ലഹരി ശൃംഖലയുടെ മുഖ്യസൂത്രധാരനായി കണ്ടെത്തിയ ഷിന്റോ ഷിബുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഷിന്റോ ഷിബു നേരത്തെയും നിരവധി ലഹരി കേസുകളില്‍ പ്രതിയാണ്. ഒടുവില്‍ കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൻതോതില്‍ എംഡിഎംഎ എത്തിച്ചിരുന്നതും ഷിന്റോയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ലഹരി ഇടപാടുകള്‍ ഉറപ്പിച്ചിരുന്നത് പ്രധാനമായും വാട്സ്‌ആപ്പ് കോളുകളും ചാറ്റുകളും വഴിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ ചാറ്റുകളാണ് കേസിലെ നിർണായക തെളിവുകളായി മാറിയത്. പിടിയിലായ അധ്യാപകർ ആദ്യം ലഹരി ഉപഭോക്താക്കളായാണ് സംഘവുമായി ബന്ധപ്പെടുകയും പിന്നീട് ശൃംഖലയുടെ ഭാഗമാവുകയും ചെയ്തെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

