Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈശേഷിക ദര്‍ശനം

വൈശേഷിക ദര്‍ശനം

ണാദ മഹര്‍ഷിയാണ് വൈശേഷികദര്‍ശനം എന്ന സൂത്രഗ്രന്ഥം രചിച്ചത്. പത്ത് അധ്യായങ്ങളാണ് ഈ ദര്‍ശനത്തിന് ഉള്ളത്. ധര്‍മ്മ പരിപാലനത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് തുടക്കം.

എന്തില്‍ നിന്നാണോ മാനവ ജീവിതത്തിന് ഭോഗവും മോക്ഷവും ലഭിക്കുന്നത് അതാണ് ധര്‍മ്മമെന്ന് കണാദ മഹര്‍ഷി പറയുന്നു. എന്നാല്‍ ഇവിടെ നമ്മള്‍ ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. ധര്‍മ്മശാസ്ത്രഗ്രന്ഥത്തില്‍ പ്രാചീന മഹര്‍ഷിമാര്‍ ധര്‍മ്മശാസ്ത്രത്തെക്കുറിച്ച്‌ നിര്‍വചിക്കുന്നുണ്ട്. ആ വീക്ഷണത്തില്‍ നിന്നല്ല കണാദന്റെ വിചിന്തനം. അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ അനാഛാദനം ചെയ്യുന്നത് പ്രകൃതിയിലുള്ള ദ്രവ്യങ്ങളെ കുറിച്ചും അവയുടെ സവിശേഷതകളെ കുറിച്ചുമാണ്. മനുസ്മൃതിയിലും, ജൈമിനി മഹര്‍ഷിയുടെ പൂര്‍വമീമാംസയിലും കാണുന്ന സദാചാരപരമായ ധര്‍മ്മവ്യവസ്ഥ വൈശേഷിക ദര്‍ശനത്തില്‍ അനാവരണം ചെയ്യപ്പെടുന്നില്ല.

ഭൗതിക ജീവിതത്തില്‍ മനുഷ്യന് സുഖപ്രദമായതെന്തും കരഗതമാക്കുന്ന സിദ്ധിയായ അഭ്യുദയ, ജഡതത്ത്വപ്രകൃതി, ചൈതന്യതത്ത്വമായ ‘പുരുഷന്‍’ എന്നിവയെ കുറിച്ചുള്ള ജ്ഞാനമാണ് മോക്ഷത്തിന് കാരണഭൂതമാകുന്നത്. ദ്രവ്യാദിവിഷയക തത്ത്വജ്ഞാനമാണ് മോക്ഷപ്രാപ്തിക്കുള്ള മറ്റൊരു സ്വരൂപമായി ഇതില്‍ വിവക്ഷിക്കുന്നത്.

ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം എന്നിവയാണ് ദ്രവ്യാദിപദാര്‍ത്ഥങ്ങള്‍ എന്ന് പറയുന്നത്. ഇവ തമ്മിലുള്ള സമാനധര്‍മ്മവും വിപരീത ധര്‍മ്മവും ഏതൊക്കെയാണെന്ന ശരിയായ അറിവാണ് ദ്രവ്യാദി വിഷയതത്ത്വജ്ഞാനസ്വരൂപം. പദാര്‍ത്ഥങ്ങള്‍ തമ്മിലുള്ള സാമാന്യ സവിശേഷതയെ സാധര്‍മ്മ്യംഎന്ന് പറയുന്നു. അതിന് വിപരീതമായതിനെ വൈധ്യര്‍മ്മ്യസവിശേഷത എന്നുമാണ് സൂചിപ്പിക്കുന്നത്. ഈ ജ്ഞാനത്തെ നാം തിരിച്ചറിയണമെന്നും അതിന് രണ്ട് ഉപായങ്ങള്‍ ഉള്ളതായി ദര്‍ശനത്തില്‍ പറയുന്നുണ്ട്.

ആദ്യത്തേത് ശാബ്ദികം, രണ്ടാമത്തേത് സാക്ഷാത്കൃതം. ഇതില്‍ ആദ്യത്തേത് ഗുരുമുഖത്ത് നിന്ന് അഭ്യസിക്കണമെന്നും രണ്ടാമത്തേതിന് അനുമാനത്തെയും ആശ്രയിക്കേണ്ടി വരുമെന്നും പറയുന്നു. സ്ഥൂല പദാര്‍ത്ഥങ്ങളുടെ ജ്ഞാനം നമുക്ക് ഇന്ദ്രിയങ്ങളില്‍ നിന്ന് ലഭിക്കും. എന്നാല്‍ സൂക്ഷ്മാവസ്ഥയില്‍ ഉള്ളതിനെപ്പറ്റിയുള്ള ജ്ഞാനത്തിന് അനുമാനത്തെ ആശ്രയിക്കേണ്ടിവരും. പക്ഷേ മൂലതത്ത്വത്തിന്റെ സാക്ഷാത്ക്കാരം ലഭിക്കുന്നതു വരെ സാധകന് അഭ്യുദയനിശ്രേയസിദ്ധി കരഗതമാകുന്നില്ല. അവ ലഭിക്കുന്നതിന് ഈശ്വരപ്രേരകമായ ധര്‍മ്മാചരണം ആവശ്യമാണ്. തുടര്‍ന്ന് വൈശേഷിക ദര്‍ശനത്തിലെ ദ്രവ്യങ്ങളെ കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. പിന്നീടുള്ള സൂത്രത്തില്‍ അഞ്ച് വിധത്തിലുള്ള കര്‍മ്മ ബന്ധങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. കര്‍മ്മങ്ങള്‍ അഞ്ച് വിധത്തില്‍ ആണെന്ന് കണാദമഹര്‍ഷി പറയുന്നു. ഉത്‌ക്ഷേപണം, അവക്ഷേപണം, ആകുഞ്ചനം, പ്രസാരണം, ഗമനം. വളരെ വിശദമായി ഈ കര്‍മ്മങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച്‌ ദര്‍ശനത്തില്‍ വിശദമാക്കുന്നു.

വൈദികമായ വര്‍ണ്ണവ്യവസ്ഥയെ കുറിച്ച്‌ ദര്‍ശനത്തില്‍ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ ഭൂരിഭാഗം സാമാന്യ ജനങ്ങളാണ്. അവരില്‍ നിലവാരം ഉള്ളവര്‍ ഉണ്ടാവും. സാധാരണ ഗതിയില്‍ നാലുതരം ദരിദ്രര്‍ ഉള്‍പ്പെട്ടതാണ് ജനങ്ങള്‍ എന്ന് മഹര്‍ഷി പറയുന്നു. ജ്ഞാനദാരിദ്ര്യം, ന്യായദാരിദ്രം, ധനദാരിദ്ര്യം, കര്‍മ്മദാരിദ്ര്യം എന്നിവയാണ് ഈ നാലു ദാരിദ്ര്യങ്ങള്‍. ബ്രാഹ്‌മണര്‍ സകലര്‍ക്കും അറിവ് നല്‍കി ജ്ഞാനദാരിദ്ര്യം ഇല്ലാതാക്കുന്നു. ക്ഷത്രിയര്‍ നിക്ഷ്പക്ഷ ദണ്ഡനീതിയിലൂടെ ന്യായദാരിദ്ര്യം സമൂഹത്തില്‍ നിന്ന് ഒഴിവാക്കുന്നു. വൈശ്യര്‍ കൃഷി-വാണിജ്യങ്ങളിലൂടെ ധനദാരിദ്ര്യം ഇല്ലാതാക്കും. ശൂദ്രര്‍ നിരന്തര കര്‍മത്തിലൂടെ ആലസ്യം എന്ന ദാരിദ്ര്യം അകറ്റുന്നതായും കാണാദ മഹര്‍ഷി പറയുന്നു. ധര്‍മ്മത്തെക്കുറിച്ചും വൈശേഷിക ദര്‍ശനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മത്തിന്റെ ഫലത്തെ അഥവാ പ്രയോജനത്തെ അടിസ്ഥാനമാക്കി ദൃഷ്ടം, അദൃഷ്ടം എന്നിങ്ങനെ രണ്ടു വിഭജനം വേറെയുമുണ്ട്. ഈ ജന്മത്തില്‍ തന്നെ പ്രയോജനമുള്ളത് ദൃഷ്ടധര്‍മ്മം. എന്നാല്‍ ചില അനുഷ്ഠാനങ്ങളുടെ ഫലം ഇഹലോകത്തില്‍ ദൃശ്യമാകില്ല. അങ്ങനെയുള്ളവയാണ് അദൃഷ്ടം. നിത്യ ജീവിതത്തില്‍ നാം അനുഷ്ഠിക്കേണ്ട ധര്‍മ്മത്തെക്കുറിച്ചും അറിയേണ്ട ജ്ഞാനത്തെക്കുറിച്ചും വൈശേഷിക ദര്‍ശനം വിശദമാക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily