Dailyhunt
വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രം

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രം

രോ ക്ഷേത്രവും പ്രത്യേക ആരാധനാ രീതികള്‍ കൊണ്ട് ശ്രദ്ധേയമാണ്. ദേവി ക്ഷേത്രങ്ങളില്‍ എല്ലാം ഒരേ രീതിയല്ല പിന്തുടരുന്നത്.

ആഗ്രഹ സഫലീകരണത്തിനായി അമ്മേ മഹാമായേ എന്ന് വിളിക്കാത്തവര്‍ ചുരുക്കം. ഭദ്രകാളിയെ പ്രധാനമായും ആരാധിക്കുന്ന ധാരാളം ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. അതില്‍ ഏറെ പ്രധാനമാണ് വാനരന്മാരുടെ വാസംകൊണ്ടും വ്യത്യസ്തമായ പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവീക്ഷേത്രം. ചെങ്ങന്നൂർ താലൂക്കിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രവളപ്പില്‍ എട്ടേക്കർ വള്ളികള്‍ പടർന്നുനില്കുന്ന കാവാണ്. ദാരികവധത്തിനു ശേഷം രൗദ്രഭാവത്തോടെ നില്കുന്ന ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ടാ സങ്കല്പം. 1947 മുതല്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് ക്ഷേത്രം.

ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍

ഇവിടെ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. വടക്കേകാവും, തെക്കേകാവും. വടക്കേകാവിനാണ് പ്രാധാന്യം. രണ്ടു പഞ്ചായത്തുകളിലായാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ വടക്കേകാവ് ബുധനൂർപഞ്ചായത്തിലും തെക്കേകാവ് പുലിയൂർപഞ്ചായത്തിലും ആണ്. സ്ത്രീകള്‍ക്ക് വടക്കേകാവില്‍ പ്രവേശനമില്ല. വടക്കേകാവിലെ നടയുടെ പുറത്തെ ഒരുവാതിലെ തുറക്കൂ. അതിനാല്‍ മറ്റുള്ളവർക്കും അവിടുത്തെ ബിംബം കണ്ടു തൊഴാൻ പറ്റുന്നതല്ല.

കുറുപ്പൻമാരാണ് ഇവിടെ പൂജ കഴിക്കുന്നത്. അകത്തുകണ്ടത് പുറത്തുപറയില്ല എന്ന പ്രതിജ്ഞയോടെ കുറുപ്പൻമാർ പൂജാദികർമങ്ങള്‍ നിർവ്വഹിക്കുന്നു. അടിമുറ്റത്തുമഠത്തിനാണ് ഇവിടുത്തെ തന്ത്രം. തന്ത്രിയാണ് കുറുപ്പിനെ പൂജാരിയായി അവരോധിക്കുന്നത്. കൂടാതെ നടപ്പന്തല്‍ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്താണെങ്കിലും ക്ഷേത്രദർശനം കിഴക്കോട്ടാണ്. മദ്യമാണ് ക്ഷേത്രത്തിലെ പ്രധാന നിവേദ്യം. കണ്ട ചേകോൻ എന്ന ഈഴവ കുടുംബത്താനാണ് നിവേദ്യം നിവൃത്തിക്കാൻ അവകാശം. കളപ്പൊടിയാണ് ഈ കാവിലെ പ്രധാന പ്രസാദം. അരിപ്പൊടി ,മഞ്ഞള്‍പ്പൊടി,കരിപ്പൊടി,വാകയിലപ്പൊടി തുടങ്ങിയവ ചേർത്താണ് കളപ്പൊടി ഉണ്ടാക്കുന്നത്‌ .

തെക്കേ കാവില്‍ സൗമ്യഭാവത്തില്‍ ഉള്ള ഭദ്രകാളിയാണ് പ്രതിഷ്ട. എല്ലാവർക്കും ദർശനം നടത്താൻ പിന്നീട് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.ബ്രാഹ്മണരാണ് പൂജ. സ്വാതികമാർഗ്ഗ പൂജയാണിവിടെ, അതായത് രണ്ടുനേരം സാധാരണക്ഷേത്രങ്ങളിലെ പോലെയുള്ള പൂജ. തേനും ,വറപ്പൊടിയും,തിരളിയുമാണ് ഇവിടുത്തെ നിവേദ്യം.

ഉപദേവതകള്‍

ഇണ്ടിളിയപ്പൻ , യക്ഷി, ഭൂതഗണങ്ങള്‍. 2008 ഫെബ്രുവരി 18 തീയതി ഒരു ഭക്തന്റെ സമർപ്പണത്തിന്റെ ഭാഗമായി ഒരു പുതിയ ക്ഷേത്രം കൂടി ഈ കാവില്‍ പണിയുകയും സിദ്ധവിനായകനെ പ്രതിഷ്ടിക്കുകയും ചെയ്തു. വാനരയൂട്ട്‌ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്.

ആഘോഷങ്ങള്‍

ചിങ്ങത്തിലെ ചതയത്തിന് കൊടിയേറി മകം നാളില്‍ മകമഹോത്സവം നടത്തുന്നു. പതിനാലു ദിവസവും ഇവിടെകളമെഴുത്തും പാട്ടും നടത്തും.

കച്ചയേറ്

ക്ഷേത്രത്തില്‍ ഒരുമാസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനം കുറിച്ചാണ് കച്ചയേറ് നടക്കുന്നത്. ക്ഷേത്രമുറ്റത്ത് കിഴക്കുപടിഞ്ഞാറും തെക്കുവടക്കുമായി നാല്പതോളം മീറ്റർ നീളത്തിലും എട്ടടിയോളം ഉയരത്തിലുമായി വൃക്ഷങ്ങളില്‍ വലിച്ചുകെട്ടിയ രണ്ട് വടങ്ങളിലാണ് കച്ചയേറ് നടത്തിയത്.മുപ്പത്തിയൊന്നു മീറ്റർ നീളവും ആറുമുതല്‍ എട്ടുവരെ ഇഞ്ച് വീതിയുമുള്ള വെളുപ്പ്, കറുപ്പ്, ചുവപ്പ് നിറങ്ങളുള്ള തുണികളാണ് കച്ച.തപ്പിന്റെ മേളം മുറുകുമ്പോള്‍ കച്ചകള്‍ കൈയിലേന്തിയ ഭക്തർ ആർപ്പുവിളികളുമായി ക്ഷേത്രമുറ്റത്തേക്ക് ഓടിയെത്തി കച്ചകള്‍ വടത്തില്‍ എറിഞ്ഞുപിടിപ്പിക്കും. ആദ്യത്തെ ഏറിനുതന്നെ വടത്തില്‍ കച്ച പതിക്കുന്നത് അനുഗ്രഹമായി ഭക്തർ കരുതുന്നു. ദാരികാസുരനെ നിഗ്രഹിച്ച ദേവി, അസുരന്റെ വയർ പിളർന്ന് കുടല്‍മാലകള്‍ വലിച്ചെറിഞ്ഞു എന്ന ഐതിഹ്യമാണ് കച്ചയേറിനു പിന്നില്‍. കച്ചയേറിനുശേഷം കച്ചകള്‍ ശരീരത്തില്‍ ചുറ്റി ബാലന്മാർ താവടിനൃത്തം ചവിട്ടും.

പടയണി

സാധാരണ ക്ഷേത്രങ്ങളിലെ പോലത്തെ പടയണി ചിട്ടയല്ല ഇവിടുത്തെത്. ഇവിടുത്തെ പടയണിക്ക് കോലങ്ങളില്ല. ഉറഞ്ഞുതുള്ളലില്ല. പടയണിയുടെ ആദ്യപടിയായി ദേവിയെ എഴുന്നള്ളിച്ച്‌ പടയണി അമ്പലത്തില്‍ പ്രതിഷ്ഠിച്ചശേഷം പടയണിവിളി നടക്കുന്നു. തുടർന്ന് തപ്പിന്റെ താളം മുറുകുമ്പോള്‍ പടയണിവേഷക്കാർ ക്ഷേത്രമൈതാനത്ത് നിരക്കും. തുടർന്ന് മരമോന്ത, വെളിച്ചപ്പാട്, മരയ്‌ക്കാത്തി, വേടൻ, കുതിര, ജീവത എടുത്ത പോറ്റിമാർ, പരദേശി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാട്ടാളത്തി, പട്ടര്, ആയമ്മ, കാക്കാൻ, കാക്കാത്തി, ശർക്കര കടക്കാരൻ എന്നീ വേഷക്കാർ അണിനിരക്കും. ഇലന്തയും പടയും എന്നാണ് ഇവർ അറിയപ്പെടുന്നത്. ഓരോ വേഷവും രംഗത്തെത്തി ഹാസ്യരസ പ്രദായകമായ ചേഷ്ടകളും വാചക കസർത്തുക്കളും നടത്തി കാഴ്ചക്കാരെ രസിപ്പിക്കും.

സാധാരണ പടയണികളില്‍നിന്ന് വ്യത്യസ്തമായ ഈ പടയണി ഇലഞ്ഞിമേല്‍ വള്ളിക്കാവ് ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഉത്സവമാണ്. സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന നന്മതിന്മകളെ വേർതിരിച്ചുകാട്ടാൻ ഭക്തിഫലിത സമ്മിശ്രമായ സംഭവങ്ങള്‍ ഇവർ കോർത്തിണക്കിയാണ് ഈ പടയണി അവതരിപ്പിക്കുക. ദാരികാസുരനെ നിഗ്രഹിച്ച്‌ കുടല്‍മാലകള്‍ വലിച്ചെറിഞ്ഞ് സംഹാരരുദ്രയായ ദേവിയുടെ കോപം ശമിപ്പിക്കുന്നതിനായി ശിവന്റെ ഭൂതഗണങ്ങള്‍ കോമാളി വേഷംകെട്ടി ദേവിയുടെ മുന്നില്‍ വിക്രിയകള്‍കാട്ടി ദേവിയെ രസിപ്പിച്ച്‌ കോപം ശമിപ്പിക്കുവാൻ ശ്രമിച്ചുവെന്ന ഐതീഹ്യത്തിന്റെ ഓർമ പുതുക്കലാണ് ഇവിടത്തെ പടയണി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily