Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

റ്റ്‌ലാന്റ: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് ഡി.ആര്‍ കോംഗോ പുറത്തായതിന് തൊട്ടുപിന്നാലെ ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മറ്റൊരു വാര്‍ത്ത.

മത്സരശേഷമുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരിക്കെയാണ് കോംഗോയുടെ ഫ്രഞ്ച് പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ തന്റെ പിതാവിന്റെ വിയോഗവാര്‍ത്ത അറിയുന്നത്.

വാര്‍ത്താസമ്മേളനം തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഈ സംഭവം. ഇതോടെ വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ചു. മത്സരത്തെക്കുറിച്ച്‌ ഡെസാബ്രെ സംസാരിച്ചുകൊണ്ടിരിക്കെ ടീമിന്റെ മീഡിയ ഓഫീസര്‍ ഇടപെടുകയും ഫ്രഞ്ച് ഭാഷയില്‍ ഈ ദുഃഖവാര്‍ത്ത അറിയിക്കുകയുമായിരുന്നു. ‘നന്ദി, പക്ഷേ കോച്ചിന്റെ പിതാവ് അന്തരിച്ച വിവരം ഞങ്ങള്‍ ഇതിനാല്‍ അറിയിക്കുന്നു. ഞങ്ങളുടെ ആത്മാര്‍ത്ഥമായ അനുശോചനം,’ മീഡിയ ഓഫീസര്‍ പറഞ്ഞു.

പ്രതീക്ഷിക്കാത്ത വാര്‍ത്ത കേട്ട് നിശ്ചനായിരുന്ന 49കാരനായ ഡെസാബ്രെ, വളരെ പതറിയ ശബ്ദത്തോടെ ‘മെഴ്‌സി’ (നന്ദി) എന്ന് മാത്രം പറഞ്ഞ് സീറ്റില്‍ നിന്നെഴുന്നേറ്റ് ഹാളില്‍ നിന്നും മടങ്ങുകയായിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനം ഉടനടി അവസാനിപ്പിച്ചു. ഈ വൈകാരിക നിമിഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു അറിയിപ്പ് വാര്‍ത്താസമ്മേളനത്തിനിടെ വന്നത് ശരിയായില്ലെന്നും അത് കോംഗോ കോച്ചിനുണ്ടാക്കിയ വിഷമം എത്രത്തോളം വലുതായിരിക്കുമെന്നും ആലോചിക്കണമായിരുന്നുമെന്നും വിമര്‍ശനമുണ്ട്. ഫുട്‌ബോള്‍ ലോകത്തുനിന്നും നിരവധി കളിക്കാരും ആരാധകരുമാണ് അദ്ദേഹത്തിന് അനുശോചനവുമായി രംഗത്തെത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily