ചുറ്റളവിനെ അടിസ്ഥാനപ്പെടുത്തിയാണ് വാസ്തു പ്രകാരമുള്ള നിര്‍മാണങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ദിശാടിസ്ഥാനത്തിലുള്ള ഗണിത ക്രമങ്ങളാണ് ഇവകളുടെ ആധാരം. ദിശയ്ക്കു ചേര്‍ന്ന വിധമുള്ള യോനി, വയസ്സ്, ആയവ്യയങ്ങള്‍, നക്ഷത്ര -തിഥി-വാര -കരണങ്ങള്‍ എന്നിവകളുടെ ശുഭ -അശുഭങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചുറ്റളവുകള്‍ ഉത്തമ -മധ്യമ -അധമങ്ങളാകുന്നത്. ഇവകളില്‍ ഉത്തമങ്ങള്‍ ശ്രേഷ്ഠങ്ങളും മധ്യമങ്ങള്‍ ഗുണപ്രദവും അധമങ്ങള്‍ വര്‍ജ്യവുമാകുന്നു.
കോലളവില്‍ കണക്കാക്കപ്പെടുന്ന ചുറ്റിനെ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിക്കുമ്ബോള്‍ ശേഷിക്കുന്നത് കൊണ്ട് ധ്വജാദികളായ യോനികളെ കല്‍പ്പിക്കണം. ഉദാഹരണത്തിന് 27 കോല്‍ ചുറ്റളവിനെ 3 കൊണ്ട് ഗുണിച്ചു എട്ടു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം 1 ആകുന്നു.
ആയവ്യയാദികള്‍
ചുറ്റിനെ മൂന്നില്‍ പെരുക്കി പതിനാലു കൊണ്ട് ഹരിക്കുമ്ബോള്‍ ശേഷിക്കുന്നത് വ്യയമാകുന്നു. ഇതേ ചുറ്റിനെ എട്ടില്‍ പെരുക്കി പന്ത്രണ്ടില്‍ ഹരിച്ചാല്‍ കിട്ടുന്നത് ആയവുമാകുന്നു. 'ആയാദിക്യം വ്യയത: സമ്ബാദ്യം സര്‍വഥാ അന്യഥാ ആപത്തിഃ' എന്ന പ്രമാണത്താല്‍ ചുറ്റളവുകള്‍ക്ക് ചെലവിനെക്കാള്‍ വരവ് കൂടുതല്‍ ഉണ്ടാകുന്നത് ശുഭവും മറിച്ചെങ്കില്‍ അശുഭവുമാകുന്നു.
നക്ഷത്ര-തിഥി -വാരങ്ങള്‍
ചുറ്റിനെ എട്ടില്‍ പെരുക്കിയ സംഖ്യ 27 ല്‍ ഹരിച്ചാല്‍ ശേഷിക്കുന്നവ അശ്വതി തുടങ്ങിയ നക്ഷത്രങ്ങളാകുന്നു. ഇതേ സംഖ്യയെ തന്നെ 30 ല്‍ ഹരിച്ചാല്‍ ശിഷ്ടത്താല്‍ വെളുത്ത പക്ഷം പ്രതിപദം മുതലുള്ള തിഥികളാകുന്നു. ഇതേ സംഖ്യയെ ഏഴില്‍ ഹരിച്ചാല്‍ ശേഷിക്കുന്നത് ഞായര്‍ തുടങ്ങിയ വാരങ്ങളും. ഇവകളുടെ ശുഭ- അശുഭത്വം ജ്യോതിശാസ്ത്രനിയമങ്ങളാല്‍ നിശ്ചയിക്കേണ്ടതാണ്. ഗൃഹകര്‍ത്താവിന് പൊരുത്തമുള്ള വിധം വേണം അളവുകളെ സ്വീകരിക്കാന്‍.
വയസ്സ്
നക്ഷത്രഗണനയ്ക്കായി സ്വീകരിച്ച ചുറ്റിന്റെ എട്ടില്‍ പെരുക്കിയ സംഖ്യ ഇരുപത്തേഴില്‍ ഹരിക്കുമ്ബോള്‍ കിട്ടുന്ന ഹരണഫലത്തെ അഞ്ചില്‍ ക്രമപ്പെടുത്തിയാല്‍ ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം തുടങ്ങിയ അഞ്ചു വയസ്സുകളാകുന്നു. ഇവകളില്‍ അവസാനം പറയപ്പെട്ടത് വര്‍ജ്യവും യൗവനവും കൗമാരവും ശ്രേഷ്ഠങ്ങളും വാര്‍ദ്ധക്യം, ബാല്യം എന്നിവ മാധ്യമങ്ങളുമാകുന്നു. എന്നാല്‍ ദേവാലയങ്ങള്‍ക്ക് ഈ നിയമം ബാധകമല്ലാതാകുന്നു. പല പ്രാചീന ക്ഷേത്രങ്ങള്‍ക്കും മരണച്ചുറ്റ് സ്വീകരിച്ചതായി കണ്ടിട്ടുമുണ്ട്.
ഇതു കൂടാതെ പക്ഷാന്തരമായി സൂക്ഷ്മ ഗണനക്കായി വ്യയം നാലു വിധവും ആയവും വയസ്സും ധ്രുവാദികളും ജാതിഭേദവും മേഷാദി രാശികളും രണ്ടു വീതവും ആഴ്ചയും നക്ഷത്രങ്ങളും മൂന്നു വിധവും പറയപ്പെട്ടിട്ടുണ്ട്. എങ്കിലും മുന്‍പ് പറയപ്പെട്ട വിധികള്‍ മയമതാദി പൂര്‍വഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചതിനാല്‍ സര്‍വസമ്മതങ്ങളും ശ്രേഷ്ഠങ്ങളുമാകുന്നു.
ഡോ. രാധാകൃഷ്ണന്‍ ശിവന്‍

