Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഷ്യയില്‍ വിപ്ലവം നടന്ന 1917 ല്‍ തന്നെ മാര്‍ക്‌സിസം പരാജയപ്പെട്ടുവെന്ന് യൂറോപ്പിലെ ബുദ്ധിജീവികള്‍ മനസ്സിലാക്കിയിരുന്നു.

മാര്‍ക്‌സ് പ്രവചിച്ചതുപോലെ തൊഴിലാളിവര്‍ഗ്ഗം എല്ലാവിധത്തിലുമുള്ള ദാരിദ്ര്യം മൂലം മുതലാളി വര്‍ഗത്തിനെതിരെ കലാപം നടത്തി, അവരെ ഉന്മൂലനം ചെയ്ത് അധികാരം പിടിച്ചെടുത്തതായിരുന്നില്ല റഷ്യന്‍ വിപ്ലവം. ഒന്നാം ലോകമഹായുദ്ധത്തിന് നടുവില്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി അധികാരം കൈവെടിഞ്ഞപ്പോള്‍ ചില വിപ്ലവകാരികള്‍ ചക്രവര്‍ത്തിയേയും കുടുംബത്തെയും തടവിലാക്കി ഭരണം പിടിച്ചെടുക്കുകയായിരുന്നു.

മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ പരാജയപ്പെടാനുള്ള കാരണങ്ങള്‍ അന്വേഷിച്ചവരില്‍ പ്രധാനി ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അന്റോണിയോ ഗ്രാംഷി ആയിരുന്നു. വിപ്ലവത്തിനുശേഷം ഗ്രാംഷി പലതവണ റഷ്യ സന്ദര്‍ശിക്കുകയും, നേതാക്കന്മാരും നാട്ടുകാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പഠന ഗവേഷണങ്ങള്‍ക്കുശേഷം വിപ്ലവം പരാജയപ്പെടുത്തിയ കുറ്റവാളിയെ ഗ്രാംഷി കണ്ടെത്തി. ലോകരാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് വിപ്ലവം വിജയിക്കാത്തത് അതത് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പ്രബല ‘സംസ്‌കാരം’ മൂലമാണെന്ന് ഗ്രാംഷി കുറ്റപ്പെടുത്തി. സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ സംസ്‌കാരം ചെലുത്തുന്ന സ്വാധീനമാണ് (സാംസ്‌കാരിക മേല്‍ക്കോയ്‌മ) സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് ഗ്രാംഷി സിദ്ധാന്തിച്ചു. അതുകൊണ്ട് സോഷ്യലിസ്റ്റ് വിപ്ലവം വിജയിക്കണമെങ്കില്‍ ലോക സംസ്‌കാരങ്ങളെ തകര്‍ക്കണമെന്ന അഭിപ്രായം രൂപപ്പെട്ടു.

ഇതേ കാലയളവില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ചില പ്രൊഫസര്‍മാര്‍ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്‌സിസം’ രൂപീകരിച്ച്‌ മാര്‍ക്‌സിസത്തെ രക്ഷപ്പെടുത്താനുള്ള പരിശ്രമം ആരംഭിച്ചു. പ്രൊഫ. മാക്‌സ് ഹോര്‍ഖൈമര്‍, പ്രൊഫ. വില്‍ഹം റൈഷ്, പ്രൊഫ. ഹെര്‍ബര്‍ട്ട് മര്‍ക്യൂസ്, പ്രൊഫ. എറിക് ഫ്രോം എന്നിവരായിരുന്നു അവര്‍. ഒന്നു രണ്ട് കൊല്ലത്തിനകം സ്ഥാപനത്തിന്റെ പേരില്‍ നിന്ന് ‘മാര്‍ക്‌സിസം’ എന്ന വാക്ക് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. സ്ഥാപനം ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച്‌’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഈ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലാണ് മാര്‍ക്‌സിസത്തെ രക്ഷിക്കുന്നതിനു വേണ്ടി പ്രബലങ്ങളായ ലോക സംസ്‌കാരങ്ങളെ തകര്‍ക്കുന്നതിനുള്ള ആശയപ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടത്.

ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരും, ഴാക് ദറിദ പോലുള്ള മറ്റ് യൂറോപ്യന്‍ ഉത്തരാധുനിക ചിന്തകന്മാരും ആശയങ്ങള്‍ പകര്‍ന്നു നല്‍കി, എങ്ങനെയാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ പരിപോഷിപ്പിച്ചതെന്ന് സമഗ്രമായി പരിശോധിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണ് ഡോ. വി. സുജാത രചിച്ച ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം- കാണാപ്പുറങ്ങള്‍.’ സംസ്‌കാരത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ആശയങ്ങളെ നിരാകരിച്ചുകൊണ്ട് അന്റോണിയോ ഗ്രാംഷി വളര്‍ത്തിയെടുത്ത ‘സാംസ്‌കാരിക മേല്‍ക്കോയ്‌മ’ (കള്‍ച്ചറല്‍ ഹെഗ്മണി) എന്ന ആശയം മനുഷ്യവംശത്തെ അധികാരത്തിന്റെ മുന്നില്‍ വിധേയരായി നില്‍ക്കാന്‍ ശീലിപ്പിച്ചതിന്റെ ചരിത്രം പറയുന്നു. അടിത്തറയും മേല്‍പ്പുരയും (ബേസ് ആന്‍ഡ് സൂപ്പര്‍ സ്ട്രക്ചര്‍) എന്ന മാര്‍ക്‌സിന്റെ ആശയങ്ങള്‍ ഉല്‍പ്പാദന വ്യവസ്ഥകളെയും സാമ്പത്തിക ബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഉല്‍പ്പാദന വ്യവസ്ഥകളും സാമ്പത്തിക ബന്ധങ്ങളും എന്ന അടിത്തറ മാറുന്നതനുസരിച്ച്‌ അവയുടെമേല്‍ കെട്ടിപ്പൊക്കിയ ‘സംസ്‌കാരം’ എന്ന മേല്‍പ്പുര സ്വമേധയാ മാറിപ്പോവും എന്നാണ് മാര്‍ക്‌സ് സങ്കല്‍പ്പിച്ചത്.

എന്നാല്‍ സംസ്‌കാരത്തിന് മേല്‍ക്കോയ്‌മ ഉള്ള ഒരു സമൂഹവും സ്വമേധയാ മാറില്ലെന്ന് അന്റോണിയോ ഗ്രാംഷി പറഞ്ഞു. എത്ര പട്ടിണി ആയാലും അവര്‍ വിപ്ലവത്തിന് മുതിരില്ല. സംസ്‌കാരത്തിന്റെ പിടുത്തത്തില്‍ നിന്ന് ജനതയെ മോചിപ്പിക്കാതെ സോഷ്യലിസ്റ്റ് ജീവിതശൈലിയിലേക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനാവില്ലെന്ന് ഗ്രാംഷിയും ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ മറ്റ് പ്രൊഫസര്‍മാരും ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് പ്രബലങ്ങളായ ലോക സംസ്‌കാരങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങളെ ഉയര്‍ത്തിക്കാട്ടുകയും, അവയുടെ മൂല്യവ്യവസ്ഥയെ വിമര്‍ശിക്കുകയും ചെയ്യാനുള്ള വിപുലങ്ങളായ പദ്ധതികള്‍ തയ്യാറാക്കപ്പെട്ടു. ഇതിനു വേണ്ടിയാണ് പ്രൊഫ. മാക്‌സ് ഹൊര്‍ഖൈമര്‍ ‘ക്രിട്ടിക്കല്‍ തിയറി’ എന്ന ആശയം അതേ പേരുള്ള തന്റെ പുസ്തകത്തിലൂടെ ആവിഷ്‌കരിച്ചത്.

സംസ്‌കാരത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഭാഷയെയും ഭാഷാ ശാസ്ത്രത്തെയും പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ട് ഫെര്‍ഡിനന്റ് സോസ്യൂര്‍, ഴാക് ദറിദ, ബ്ലൂം ഫീല്‍ഡ്, നോം ചോംസ്‌കി എന്നിവര്‍ നടത്തിയ പരിശ്രമങ്ങളെ ഈ ഗ്രന്ഥത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ലോക സംസ്‌കാരങ്ങളുടെ അടിവേരിളക്കാന്‍ യൂറോപ്പിലെ പ്രൊഫസര്‍മാരായിരുന്ന മിഷേല്‍ ഫൂക്കോ, വില്‍ഹേം റൈഷ്, ഴാങ് ലിയോത്താര്‍ഡ്, തിയോഡര്‍ അഡോര്‍ണോ തുടങ്ങിയവര്‍ ഫ്രോയ്ഡിന്റെ മനഃശാസ്ത്ര തത്വങ്ങളെ ഉപയോഗിച്ച രീതിയും ഗ്രന്ഥകാരി വ്യക്തമാക്കുന്നുണ്ട്.

സംസ്‌കാരത്തെ നിലനിര്‍ത്തുകയും പരമ്പരയാ പകര്‍ന്നു നല്‍കുകയും ചെയ്യുന്ന കുടുംബം എന്ന വ്യവസ്ഥ തകര്‍ത്താല്‍ മാത്രമേ സംസ്‌കാരത്തിന്റെ പിടിയില്‍നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാന്‍ സാധിക്കൂവെന്ന് അവര്‍ മനസ്സിലാക്കി. അതിനുവേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കാനും പുസ്തകങ്ങള്‍ എഴുതാനും പ്രൊഫസര്‍മാരായ ഹെര്‍ബര്‍ട്ട് മര്‍ക്യൂസ്, എറിക് ഫ്രോം, വില്‍ഹേം റൈഷ് തുടങ്ങിയവര്‍ പരിശ്രമിച്ചു. 1936 ല്‍ പ്രസിദ്ധീകരിച്ച ‘ദ സെക്ഷ്വല്‍ റവല്യൂഷന്‍’ എന്ന വില്‍ഹേം റൈഷ്‌ന്റെ പുസ്തകം യൂറോപ്പിലെമ്പാടും ലൈംഗിക അരാജകത്വം സൃഷ്ടിച്ച്‌ കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ‘ഓരോ കുടുംബവും ഏകാധിപതികളെ സൃഷ്ടിക്കുന്ന ഫാക്ടറികളാണ്’ എന്ന ആശയം റൈഷിന്റെ ‘ദ മാസ്സ് സൈക്കോളജി ഓഫ് ഫാസിസം’ എന്ന പുസ്തകത്തിലാണ് ചര്‍ച്ച ചെയ്യുന്നത്.

ആധുനികരും ഉത്തരാധുനികരും ഘടനാവാദികളും ഘടനാനന്തരവാദികളും അപനിര്‍മ്മാണ വിദഗ്ധരും അടങ്ങുന്ന ഒരു സംഘം പ്രൊഫസര്‍മാര്‍ പ്രബലങ്ങളായ ലോക സംസ്‌കാരങ്ങളെ തകര്‍ത്ത് മാര്‍ക്‌സിനെ രക്ഷിക്കാന്‍ നടത്തിയ വിഫല ശ്രമങ്ങളുടെ വൈചാരിക ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്. അവര്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് പിന്നീട് അറിയപ്പെട്ടു; അവരുടെ പ്രവര്‍ത്തന മേഖല കള്‍ച്ചറല്‍ മാര്‍ക്‌സിസം എന്നും. നിഷേധാത്മകമായ ചിന്താധാരകളെ കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നതെങ്കിലും, ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറയുന്നതുപോലെ, ”സംസ്‌കാരം മനുഷ്യനെ അടിച്ചമര്‍ത്തുന്ന ഘടകമല്ല; മറിച്ച്‌ തലമുറകളിലൂടെ ശുദ്ധീകരിക്കപ്പെട്ട മാനവ മൂല്യങ്ങളുടെ സംരക്ഷണം ആണ് എന്ന ബോധ്യമാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനം.”

ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കപ്പെട്ടു കഴിഞ്ഞ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റ് വല്‍ക്കരണത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ പുസ്തകത്തിന്റെ പ്രസക്തി വളരെയേറെയാണ്. അപനിര്‍മാണത്തിന്റെ വക്താവായ ഴാക് ദറിദയുടെ ആശയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഗ്രന്ഥകാരി ഭാരതീയ ഭാഷാ ശാസ്ത്ര പണ്ഡിതന്‍ ആയിരുന്ന ഭര്‍തൃഹരിയുടെ ഭാഷാശാസ്ത്ര ചിന്തകളുമായി ദറിദയെ മാറ്റുരയ്‌ക്കുന്നത് ആവേശം ഉണര്‍ത്തുന്ന വായന നല്‍കും. ഇതിനെക്കുറിച്ച്‌ പുസ്തകത്തിന് അവതാരിക എഴുതിയ മുരളി പാറപ്പുറം പറയുന്നത് ഇങ്ങനെയാണ്: ”സൊസ്യൂറിന്റെയും ദറിദയുടെയും ചോംസ്‌കിയുടെയുമൊക്കെ മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നവര്‍ കാണാതെ പോയിട്ടുള്ള ഭര്‍തൃഹരിയുടെയും പാണിനിയുടെയും ഭാഷാദര്‍ശനങ്ങളുടെ ശാസ്ത്രീയ മഹത്വം വിളിച്ചോതുന്ന ഈ ഗ്രന്ഥം ആശയ സമരത്തിന്റെ പുതിയൊരു ഘട്ടത്തെ കുറിക്കുന്നു.”

ആഖ്യാന യുദ്ധങ്ങളുടെ വിവിധ പോര്‍മുഖങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഈ പുസ്തകം അക്കാദമിക രംഗത്തും പൊതു വായനയിലും താര്‍ക്കിക യുക്തിയുടെ ആയുധപ്പുരകള്‍ തുറന്നുതരും എന്ന കാര്യത്തില്‍ സംശയമില്ല. ഭാരതീയ ജ്ഞാന പാരമ്പര്യവും പാശ്ചാത്യ ജ്ഞാന പാരമ്പര്യവും മുഖാമുഖം വരുന്ന സന്ദര്‍ഭങ്ങള്‍ ഇനിയും വിവിധ മേഖലകളില്‍ സൃഷ്ടിക്കപ്പെടേണ്ടതായിട്ടുണ്ട്. അത്തരമൊരു അന്വേഷണത്തിന് ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം-കാണാപ്പുറങ്ങള്‍’ നിശ്ചയമായും പ്രേരണയാവും.

കള്‍ച്ചറല്‍ മാര്‍ക്‌സിസം- കാണാപ്പുറങ്ങള്‍ (പഠനം)
ഡോ.വി. സുജാത
ഭാരതീയ വിചാര കേന്ദ്രം
വില:₹ 200/-
ഫോണ്‍: 9495304982

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily