Dailyhunt
വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

ടുത്തടുത്തിരിക്കുമ്പോഴും പരസ്പരം ചേരാത്ത വിപരീതമുഖങ്ങളുള്ള രണ്ടു വ്യഞ്ജനങ്ങളാണ് ധ യും ന യും. ഒന്നിനെ തല തിരിച്ചിട്ടാല്‍ മറ്റതാവും.

ഇവയ്‌ക്കൊപ്പം ഒരു അനുസ്വാരവും ചേര്‍ത്താല്‍ ധനം എന്ന പദമുണ്ടാവും. ധ വരവും ന ചെലവുമാണെങ്കില്‍ വരുമാനത്തിന്റെ മിച്ചമാവാം പൂജ്യമിട്ടെഴുതുന്ന അനുസ്വാരം. ഏതു ധനവാനും ഒടുവില്‍ ഈ അനുസ്വാരത്തിലേക്കു ചുരുങ്ങും എന്നതാണല്ലോ സമ്പത്തിന്റെ തത്ത്വശാസ്ത്രം. പണമില്ലാത്തവന്‍ പിണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ പണം ആളേക്കൊല്ലി എന്നു മറുചൊല്ലുമുണ്ട്. പണത്തിനു മീതേ പരുന്തും പറക്കില്ല എന്ന് അഭിമാനിക്കാന്‍ വരട്ടെ, അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം എന്ന മുന്നറിയിപ്പ് അവഗണിക്കാനാവില്ലല്ലോ. സമ്പത്തിനെ കുറിച്ചുള്ള വിചാരങ്ങള്‍ ഇങ്ങനെ വിരുദ്ധദിശകളിലേക്ക് ഒരേ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് പുരുഷാര്‍ത്ഥങ്ങളുണ്ട്. ജീവിതം എന്തിനാണ് എന്ന ചോദ്യത്തിന്റെ നാല് ഉത്തരങ്ങളാണിവ. ഇതില്‍ രണ്ടാമതായാണ് സമ്പത്ത് വരുന്നത്. ജീവിതം പണമുണ്ടാക്കാനും സുഖമനുഭവിക്കാനുമാണ് എന്ന ലോകസാധാരണമായ ചിന്ത ഭാരതീയര്‍ക്കു സ്വീകാര്യമല്ല. സുഖവും സമൃദ്ധിയുമൊക്കെ വേണ്ടതുതന്നെ. എന്നാല്‍ ധര്‍മ്മത്തെ പിന്തുടരാത്ത ധനവും സുഖവും അപകടമുണ്ടാക്കുമെന്ന തിരിച്ചറിവ് ഇവിടെയുണ്ട്. ഭാരതത്തില്‍ ധര്‍മ്മം പണത്തിനു മീതേ പറക്കുന്ന കൃഷ്ണപ്പരുന്താകുന്നു. രാജാ ഹരിശ്ചന്ദ്രനും ശ്രീരാമചന്ദ്രനും നളമഹാരാജാവും യുധിഷ്ഠിരനും ധര്‍മ്മത്തിന്റെ ചുട്ടുപഴുത്ത പാതയിലൂടെത്തന്നെ നടന്നാണ് അര്‍ത്ഥം നേടിയത്. സര്‍വസമ്പാദ്യങ്ങളും ഉപേക്ഷിച്ച്‌ ധര്‍മ്മത്തെ ശരണം പ്രാപിച്ചാണ് സിദ്ധാര്‍ത്ഥകുമാരന്‍ ശ്രീബുദ്ധനായത്. ധര്‍മ്മത്തിനു വേണ്ടി അര്‍ത്ഥം ഉപേക്ഷിച്ചാണ് എം.കെ. ഗാന്ധി മഹാത്മാവായത്. ധര്‍മ്മത്തിന്റെ ഉരകല്ലില്‍ മാറ്റുരച്ചുനോക്കി മാത്രമേ ധനത്തെ സ്വീകരിക്കാവൂ എന്ന നീതിശാസ്ത്രത്തിന്റെ പുതിയ മൊഴിഭേദങ്ങളാണ് ഇവിടെ സമാഹരിച്ചിട്ടുള്ള മണിച്ചൊല്ലുകള്‍.

ചൊല്ലുകള്‍ നമ്മുടെ സാഹിത്യത്തറവാട്ടിലെ ഔഷധസസ്യങ്ങളാണ്. ദീര്‍ഘകാലത്തെ ജീവിതാനുഭവങ്ങളില്‍നിന്നു കണ്ടെത്തിയ നാട്ടുവെളിച്ചം. വരുംതലമുറയ്‌ക്കു കരുതിവച്ചിരിക്കുന്ന അമൃതകണങ്ങള്‍. ഓരോ പഴഞ്ചൊല്ലും പ്രകൃതിയുടെ കടങ്കഥയ്‌ക്ക് മനുഷ്യന്‍ കണ്ടെത്തിയ ഉത്തരമാണ്. നാട്ടുവര്‍ത്തമാനങ്ങളില്‍ പണ്ട് പുതുമഴയില്‍ ആലിപ്പഴം പോലെ പഴഞ്ചൊല്ലുകള്‍ ഉതിരുമായിരുന്നു. പത്തു പഴഞ്ചൊല്ലെങ്കിലും പറയാതെ ഒരു നല്ല പ്രസംഗം പൂര്‍ത്തിയാവുമായിരുന്നില്ല. ഭാഷയിലേക്കും കവിതയിലേക്കുമുള്ള പ്രണയം ആരംഭിക്കുന്നത് ഇമ്പമാര്‍ന്ന ഇത്തരം ചൊല്ലുകളിലൂടെയാണ്. വേണമെങ്കില്‍ ചക്ക വേരേലും കായ്‌ക്കും എന്നു കണ്ടെത്താന്‍ പ്രകൃതി സഹായിച്ചിരുന്നു. അണ്ണാന്‍കുഞ്ഞിനും തന്നാലായത് എന്നു തീരുമാനിക്കാന്‍ ഇതിഹാസകഥയുടെ പിന്തുണയും കിട്ടി. തീയില്‍ കുരുത്തു വെയിലത്തു വാടാത്ത കരുത്തും ഒരുമയോടെ ഉലക്കമേലേ കിടന്ന കഥയും കാട്ടിലെ തടി തേവരുടെ ആനയെക്കൊണ്ടു വലിപ്പിച്ച കൗശലവുമെല്ലാം പഴഞ്ചൊല്ലുകളിലൂടെ നാമറിഞ്ഞ നാട്ടുവെളിച്ചങ്ങളാണ്. ഈ നാട്ടുവെളിച്ചം സമൃദ്ധമായി ഉപയോഗിച്ച ആദ്യത്തെ മഹാകവി കുഞ്ചന്‍നമ്പ്യാരാണ്. പഴഞ്ചൊല്ലുകള്‍ക്കൊപ്പം അനേകം പുതിയ ചൊല്ലുകള്‍ കൂടി നിര്‍മ്മിച്ച്‌ അദ്ദേഹം ചൊല്‍ സാഹിത്യത്തെ സമ്പന്നമാക്കി. ‘വാക്യം രസാത്മകം കാവ്യം’ എന്ന ലക്ഷണപ്രകാരം ശബ്ദസുഖവും അര്‍ത്ഥഭംഗിയും ചേര്‍ന്ന് രസകരമാക്കിയ നമ്പ്യാരുടെ ചൊല്ലുകളെ ചിമിഴിലൊതുക്കിയ സ്വതന്ത്രകാവ്യമെന്ന നിലക്കുതന്നെ പരിഗണിക്കാം.

‘കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം’
എന്നും
‘അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം’
എന്നും മറ്റും ഫലിതപരിഹാസങ്ങളുടെ വേഷം ധരിച്ചുവരുന്ന സാമൂഹ്യവിമര്‍ശനങ്ങളുടെ പ്രഹരശേഷി പ്രവചനാതീതമാണ്.

നമ്പ്യാര്‍ക്കുശേഷം ചൊല്‍സാഹിത്യത്തെ സ്വാംശീകരിച്ച്‌ കാവ്യരചന നിര്‍വഹിച്ച അസാമാന്യകവിയാണ് കുഞ്ഞുണ്ണിമാഷ്. കവിതയെ എങ്ങനെ ആറ്റിക്കുറുക്കിയെടുക്കാം എന്ന വിഷയത്തില്‍ അഗ്ര്യപൂജയ്‌ക്ക് അര്‍ഹനാണ് അദ്ദേഹം. രണ്ടു വരി തന്നെ തികച്ചു വേണമെന്നില്ല. ഒന്നര വരിയിലും ഒറ്റവരിയിലും ചിലപ്പോള്‍ അരവരിയില്‍പ്പോലും അനായാസം കവിത കുറുക്കിയെടുക്കാന്‍ കുഞ്ഞുണ്ണി മാസ്റ്റര്‍ക്കറിയാം. കുറുക്കിയെടുത്താല്‍ കുറിക്കു കൊള്ളും എന്നാണല്ലോ പ്രമാണം. സമൂഹത്തെയും അവനവനെത്തന്നെയും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞുണ്ണിമാസ്റ്റര്‍ കുറിച്ചുവിട്ട കുറുങ്കവിതകള്‍ ചൊല്‍സാഹിത്യത്തിലെ സുവര്‍ണരേഖകളാണ്.

കുഞ്ചന്‍നമ്പ്യാരുടെയും കുഞ്ഞുണ്ണിമാഷിന്റെയും കുലത്തില്‍ പിറന്ന പുതിയ കാലത്തിന്റെ ചൊല്‍ക്കവിയാണ് മണി കെ ചെന്താപ്പൂര് എന്ന് നിസ്സംശയം പറയാം. ഇവിടെ സമാഹരിച്ചിട്ടുള്ള 125 ചൊല്‍ക്കവിതകള്‍ എല്ലാംതന്നെ കാച്ചിക്കുറുക്കിയ ജീവിതാനുഭവങ്ങളാണ്. മണി എന്ന അനേകാര്‍ത്ഥദ്യോതകമായ ഒരു പദത്തെ മുന്‍നിര്‍ത്തിയാണ് ഇതിലെ എല്ലാ ചൊല്ലുകളും കോര്‍ത്തെടുത്തിട്ടുള്ളത്. മണി എന്ന മനുഷ്യന്‍, മണി എന്ന സമയം, മണി എന്ന ധനം. ഈ മൂന്നര്‍ത്ഥങ്ങളും ഇവിടെ സംഗമിക്കുന്നുണ്ട്. ഒപ്പം അമൂല്യമായത് എന്ന വിശേഷണം കൂടിയെടുത്താല്‍ ജീവിതത്തില്‍ ആവശ്യമായ ധര്‍മ്മബോധം എന്ന മണിയെ പ്രകാശിപ്പിക്കുന്ന രചനകളാണ് ഇതിന്റെ ഉള്ളടക്കം.

മണിയുള്ള മരുമകന്‍ മൂത്ത മകന്‍
മണികൊണ്ടെറിഞ്ഞാല്‍ മണികണ്ഠനും വീഴും
മണിയടുത്തിരുന്നാല്‍ മഹിളയടുത്തിരിക്കും പോലെ മുതലായ ചൊല്ലുകള്‍ ചുറ്റുമുള്ള സമൂഹത്തില്‍നിന്നുള്ള നിരീക്ഷണങ്ങളാണ്. അവ രചയിതാവിന്റെ അഭിപ്രായമല്ല. ആ നിരീക്ഷണങ്ങളോടു വിയോജിക്കുന്ന കവിയെയാണ് വായനക്കാര്‍ തിരഞ്ഞെടുക്കുക.

മണിയുണ്ടെങ്കില്‍ തലയെടുപ്പ്
മണിയുണ്ടെങ്കില്‍ ഉയിരെടുപ്പ്
എന്ന ചൊല്ലില്‍ രണ്ടാം പാദം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ തലയെടുപ്പ് തലകൊയ്യലായി മാറുകയാണ്. പണം പതുക്കെ മനുഷ്യനെ ഇരയിട്ടു പിടിച്ച്‌ ഇരയാക്കുകയാണെന്ന ഭീകരസത്യം പാക്കനാരെപ്പോലെ ഈ കവിയും തിരിച്ചറിഞ്ഞിരിക്കുന്നു.

‘മണി കണ്ടുവരുന്നവരെ മതിലിനപ്പുറം നിര്‍ത്തണം’ എന്ന വിവേകം,’മണി മടിയില്‍ കരുതിയേ മണിമേട കെട്ടാവൂ’ എന്ന പ്രായോഗികബുദ്ധി,’മണിയ്‌ക്കു വേണ്ടി മറുനാട്ടില്‍ മരിക്കരുത്’ എന്ന ദിശാബോധം,’മണികേറ്റം മലപോലെ, മണിയിറക്കം മട പൊട്ടും പോലെ’ എന്ന ഉള്‍ക്കാഴ്ചഇങ്ങനെ മണിച്ചൊല്ലുകളില്‍ മുഴങ്ങുന്ന ധര്‍മ്മ ചിന്തകളാണ് ഈ കൃതിയെ മഹനീയമാക്കുന്നത്.

മണിക്ക് പണമെന്ന അര്‍ത്ഥം ഇംഗ്ലീഷിലല്ലേ എന്ന ആശങ്ക വേണ്ടതില്ല. പ്രചുരപ്രചാരത്താല്‍ അതിന്നു മലയാളമായിക്കഴിഞ്ഞു. ഭൂമി, അഗ്‌നി, വായു, രാത്രി പോലെയുള്ള സംസ്‌കൃതതത്സമങ്ങള്‍ ഇന്നു മലയാളപദങ്ങളായി മാറിയിട്ടുണ്ടല്ലോ. അതുപോലെ മണിയേയും ആംഗലതത്സമമായി പരിഗണിക്കാം. പെണ്മണി, കണ്‍മണി മുതലായ പദങ്ങളില്‍ മണി സ്‌നേഹാധിക്യത്തിന്റെ സൂചകമാണ്. ഇന്നത്തെ ലോകം പണത്തെയാണ് സ്‌നേഹിക്കുന്നത്. പണമാണ് അവര്‍ക്ക് മണി. അവിടെനിന്ന് ഒരു ചുവടുമാറ്റം ഈ കവിതകള്‍ ലക്ഷ്യം വയ്‌ക്കുന്നു. പണം പ്രിയമായ ലോകത്തുനിന്ന് ധര്‍മ്മം പ്രിയമായ ലോകത്തേക്കുള്ള പരിവര്‍ത്തനം. അതിനുള്ള പ്രേരണയും പ്രതീക്ഷയുമായി ഈ മണിച്ചൊല്ലുകളെ ഹൃദയത്തില്‍ സൂക്ഷിക്കുക.

മണിച്ചൊല്ലുകള്‍ (ബാലസാഹിത്യം) ചെന്താപ്പൂര്
വില: 120
ദേശിംഗനാട് സാഹിത്യ സംഘം,കൊല്ലം 691577

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily