
കാവാലം ശശികുമാറിന്റെ ‘സഖാവും സേവകനും’ എന്ന കാവ്യത്തെക്കുറിച്ച് എഴുതുമ്പോള്‍ ആദ്യമേ തുറന്നു സമ്മതിക്കട്ടെ;ഒരു സാധാരണ വായനക്കാരൻ എന്ന നിലയിലാണ് ഞാൻ ഈ പുസ്തകത്തെ സമീപിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ശശികുമാറിന്റെ പല കവിതകളും ഞാൻ ശ്രദ്ധയോടെ വായിച്ചുവരുന്നു. അതിന് പ്രധാന കാരണം അവയുടെ ലാളിത്യമാണ്.
അദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാരനെ കുഴക്കുന്ന സങ്കീർണ്ണതകളില്ലാത്ത ഹൃദയത്തില്‍ തൊടുന്ന ഭാഷയിലും ജീവിതാനുഭവങ്ങളുടെ സത്യസന്ധതയിലൂന്നി നില്ക്കുന്നു. അതിലുപരി, അവ ഓരോന്നും വായനക്കാരന് പ്രത്യാശയും ആത്മവിശ്വാസവും നല്‍കുന്നതോടൊപ്പം ജീവിതത്തെ കൂടുതല്‍ അർത്ഥപൂർണമായി കാണാനുള്ള സന്ദേശങ്ങളും നല്കുന്നു. മനുഷ്യനോടും ജീവിതത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതിനാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ ജീവിതാനുഭവങ്ങളുടെ ആത്മസാക്ഷ്യങ്ങളാണ്.
ആറാമത്തെ പുസ്തകം
സമകാലിക മലയാള കവിതയില്‍ വ്യത്യസ്തമായ ഒരു സ്ഥാനം നേടിയെടുക്കുന്ന കൃതിയാണ് ശശികുമാറിന്റെ ഈ ആറാമത്തെ കവിതാ സമാഹാരം എന്നു ഞാൻ കരുതുന്നു. കവിത എന്നത് വെറും ഭാവനയോ ഭാഷാ പ്രകടനമോ അല്ല, മറിച്ച് ജീവിതാനുഭവങ്ങളുടെ ആത്മസാക്ഷ്യമാണ് എന്നത് ഈ സമാഹാരത്തിലെ ഓരോ കവിതയും സൂചിപ്പിക്കുന്നു. ഇവിടെ കവി സ്വയംസേവകനെന്ന നിലയിലും സാമൂഹികസാംസ്കാരികസാഹിത്യ പ്രവർത്തകനെന്ന നിലയിലും പതിറ്റാണ്ടുകളായി സമാഹരിച്ച അനുഭവസമ്പത്ത് കവിതകളിലൂടെ പങ്കുവയ്ക്കുകയാണ്.

ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത, അത് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയർത്തുന്ന ഗ്രന്ഥമോ ആശയപ്രചാരണത്തിന്റെ ഉപകരണമോ ആകാതെ, സാധാരണക്കാരന്റെ വിചാരങ്ങളെ കവിതയാക്കിയിരിക്കുന്നു എന്നതാണ്. സംഘജീവിതം, സേവനം, ദേശസ്നേഹം, ആത്മീയത, മനുഷ്യബന്ധങ്ങള്‍, ഏകാന്തത, പ്രതീക്ഷ, നിരാശ, സമർപ്പണം എന്നിവയെല്ലാം കവിതകളില്‍ അദ്ദേഹം സ്വാഭാവികമായി ലയിപ്പിച്ചിരിക്കുന്നു.
11 ഖണ്ഡങ്ങള്‍
ഈ സമാഹാരത്തിലെ പതിനൊന്ന് ഖണ്ഡങ്ങള്‍: സൗഹൃദം, ഗ്രാമം, വികസനം, ഉരകല്ല്, വാദം, മോഡല്‍, പ്രതിവാദം, മൂന്നാംവഴി, നീള്‍വഴി, നേർവഴി, ഒരേ വഴി എന്നിങ്ങനെയാണ്. ശീർഷകങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ വ്യക്തിജീവിതത്തില്‍ നിന്ന് സാമൂഹികജീവിതത്തിലേക്കും അവിടെനിന്ന് ദേശീയവും ദാർശനികവുമായ ചിന്തകളിലേക്കും വ്യാപിച്ചുകിടക്കുന്ന ഒരു കാവ്യ യാത്രയാണ്. സൗഹൃദത്തിന്റെയും ഗ്രാമജീവിതത്തിന്റെയും നന്മകള് മുതല്‍ വികസനത്തിന്റെ യഥാർത്ഥ അർത്ഥം, ആശയസംഘർഷങ്ങള്, സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, ഒടുവില്‍ മനുഷ്യരാശിയുടെ ഏകത്വബോധം വരെ ഈ കവിതകള്‍ സ്പർശിക്കുന്നു.
കവി പി.കെ. ഗോപിയുടെ
അവതാരിക
പ്രശസത കവി പി.കെ. ഗോപി അവതാരികയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഈ കവിതകള്‍ ”വർത്തമാനകാലത്തിന്റെ അരക്ഷിതാവസ്ഥക്കെതിരെ ആത്മപ്രതിരോധത്തിന്റെ തീപ്പിടിച്ച ആശയങ്ങള്‍ ഓരോ വാക്കിനെയും സമരസജ്ജമാക്കുന്നു. കണ്ണീരും മന്ദഹാസവും സമം ചേർത്തുവച്ച കവിതയുടെ ജ്ഞാന ദർശനത്തിലൂടെ കാവാലം ശശികുമാർ അകം നീറി നടക്കുന്നു. പ്രതീക്ഷയോടെ എഴുതുന്നു.”
കവിതകളുടെ പൊതുസ്വഭാവം, സ്വയംമറന്ന് സമൂഹത്തിനുവേണ്ടി ജീവിക്കുന്ന വ്യക്തികളോടുള്ള ആദരവാണ്.
പുസ്തകത്തിന്റെ തലക്കെട്ടായ ‘സഖാവും സേവകനും’ ഒരു ആശയപ്രഖ്യാപനമാണ്. ‘സഖാവ്’ എന്നത് ഒരു സംഘടനയിലെ അംഗം മാത്രമല്ല; സമൂഹത്തിന്റെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച വ്യക്തിയുമാണ്. വാദം എന്ന ഖണ്ഡത്തില്‍ കവി ഒരു സഖാവ് ഇന്നനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളെ ചിത്രീകരിക്കുന്നു:
‘സത്യത്തിലെങ്ങും പ്രയോഗപ്പരീക്ഷയില്
നിത്യമായ് തോല്ക്കയാണെങ്കിലെന്തേ
ഇപ്പോഴും തള്ളിപ്പറയാൻ തയാറല്ല
ല്ലീയിസം; ലോകോത്തരം സുഹൃത്തേ.
എന്തൊക്കെ വാഗ്ദാനമായിരുന്നു! പിന്നെ-
യെന്തെല്ലാം മാതൃകയായിരുന്നു
സോവിയറ്റും പിന്നെ ചൈനയും പോളണ്ടും
ക്യൂബയുമൊക്കെയെന്തായിരുന്നു!
എന്തെന്തുവാക്കുകള്‍, ചിന്ത, വിചാരങ്ങള്‍
എന്തെല്ലാം പാഴായിപ്പോയി നോക്കൂ
രാജ്യങ്ങളോരോന്നു മാറി മാറിപ്പോകെ
രായ്ക്കുരാമാനം ‘ഇസ’ ങ്ങള് മാറി’…
രാഷ്ട്രീയം മാത്രമല്ല
ഈ സമാഹാരത്തെ രാഷ്ട്രീയ ചിന്താസരണികളുമായി മാത്രം ബന്ധപ്പെടുത്തി വായിക്കുന്നത് അപൂർണമായിരിക്കും. ഗ്രന്ഥത്തിന് ഒരു സമഗ്ര പഠനം എഴുതിയ ഡോ. ശ്രീ ശൈലം ഉണ്ണികൃഷ്ണൻ നിരീക്ഷിക്കുന്നതുപോലെ, ‘ജീവിതയാഥാർഥ്യങ്ങളെ വിസ്മരിച്ചും അയഥാർത്ഥമായ തത്ത്വപരികല്പനകളില് അഭിരമിച്ചും കൃത്രിമ ജീവിതം നയിക്കുന്നവരോടുള്ള കനത്ത ചോദ്യങ്ങളാണ് ഈ കവ്യത്തില്‍ ആമൂലാഗ്രം മുഴങ്ങിക്കേള്‍ക്കുന്നത്.’
‘വികസനം’ എന്ന കവിതയില്‍ വികസനത്തെ വെറും റോഡുകളുടെയും കെട്ടിടങ്ങളുടെയും ടൂറിസത്തിന്റെയും അടിസ്ഥാനത്തില്‍ അളക്കാനാവില്ലെന്ന് കവി ഓർമ്മിപ്പിക്കുന്നു: ഈ വരികള്‍:
‘ഹൈസ്പീഡില്‍’ കാര്യങ്ങള്നീങ്ങുവാനായ് ‘സെമി
ഹൈസ്പീഡ്’ പാതകള്‍ വന്നീടെണം
കായലില്‍ ടൂറിസം കാട്ടിലും ടൂറിസം
കാണുന്നിടമെല്ലാം ‘കാശാ’ ക്കണം’
പ്രകൃതിയോടിണങ്ങാത്ത വികസനം അപൂർണ്ണമാണെന്ന ആശയം അവതരിപ്പിക്കുന്നതോടൊപ്പം ഭൗതിക പുരോഗതിയോടൊപ്പം സംസ്കാരവും മൂല്യങ്ങളും മാനവികതയും വളരേണ്ടതുണ്ടെന്ന സന്ദേശമാണ് കവി നല്‍കുന്നത്.
ഉരകല്ലിന്റെ അനിവാര്യത
സമാഹാരത്തിലെ ശ്രദ്ധേയമായ ഖണ്ഡങ്ങളിലൊന്നാണ് ‘ഉരകല്ല്’. ജീവിതത്തില്‍ ആദർശവും ആത്മാർത്ഥതയുമുണ്ടാകേണ്ടതിനെക്കുറിച്ചു കവി ഇങ്ങനെ നിരീക്ഷിക്കുന്നു:
‘വ്യക്തികള്‍ ആദർശ ധീരരായീടണം
തത്ത്വത്തിലൂന്നി നയങ്ങള്‍ വേണം
‘ആള് മരിച്ചാലും വെടികയില്ലാദർശ’
മാത്മാർഥമായങ്ങനായീടെണം’
സ്വർണ്ണത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഉരകല്ല് ആവശ്യമായതുപോലെ വ്യക്തികളുടെയും ആശയങ്ങളുടെയും സാമൂഹികപ്രസ്ഥാനങ്ങളുടെയും യഥാർത്ഥ മൂല്യം തിരിച്ചറിയാനുള്ള മാനദണ്ഡങ്ങള്‍ സമൂഹത്തിന് അനിവാര്യമാണെന്ന ആശയമാണ് കവി അവതരിപ്പിക്കുന്നത്.
‘മോഡല്‍’, ‘വാദം’, ‘പ്രതിവാദം’, ‘മൂന്നാംവഴി’, ‘നീള്‍വഴി’, ‘നേർവഴി’, ‘ഒരേ വഴി’ എന്നീ കവിതകളില്‍ കവി ആശയസംഘർഷങ്ങളുടെയും വികസനസങ്കല്പ്പങ്ങളുടെയും സാമൂഹിക പരീക്ഷണങ്ങളുടെയും അതീതമായി മനുഷ്യന്റെ ഏകത്വത്തെ അന്വേഷിക്കുന്നു. വികസനമാതൃകകളെക്കുറിച്ചുള്ള സമകാലിക ചർച്ചകള്‍ കവിയുടെ ഭാഷയില്‍ അവതരിപ്പിക്കുമ്പോള്‍, ചില കവിതകളിലെ ആശയങ്ങള്‍ എല്ലാ വഴികളും ആത്യന്തികമായി മനുഷ്യനന്മയിലേക്കും സാമൂഹികസൗഹാർദത്തിലേക്കും നയിക്കേണ്ടതുണ്ടെന്ന സന്ദേശം നല്കുന്നു. വ്യത്യസ്ത ചിന്തകള്‍ തമ്മിലുള്ള സംവാദത്തിന്റെ ആവശ്യകതയെ കവി ശക്തമായി ഉന്നയിക്കുന്നു.
ഗൗരവചിന്തകള്‍
കാവാലം ശശികുമാറിന്റെ കവിതകളുടെ പ്രത്യേകത, അവ വെറും വികാരപ്രകടനങ്ങളില്‍ ഒതുങ്ങുന്നില്ല എന്നതാണ്. ജീവിതം, സമൂഹം, സംസ്കാരം, വികസനം, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള ഗൗരവതരമായ ചിന്തകള്‍ ലളിതമായ ഭാഷയില്‍ അദ്ദേഹം അവതരിപ്പിക്കുന്നു.
വികസനമെന്ന പേരില്‍ പ്രകൃതിയെയും പാരമ്പര്യജീവിതരീതികളെയും നശിപ്പിക്കുന്ന പ്രവണതകളെ ചോദ്യം ചെയ്യുന്ന വരികളാണിവ. മനുഷ്യന്റെയും പ്രകൃതിയുടെയും സഹവർത്തിത്വം തകർക്കുന്ന വികസനം യഥാർത്ഥ പുരോഗതിയല്ലെന്ന സന്ദേശം കവി നല്കുന്നു.
സമാഹാരത്തിലെ ഏറ്റവും ചിന്തോദ്ദീപകമായ ഒരു ഖണ്ഡമാണ് ‘വാദം’.
ഇടതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ലക്ഷ്യമിട്ട് കവി വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിലും, അത് വ്യക്തിനിന്ദയോ മുദ്രാവാക്യമോ അല്ല; മറിച്ച് ആശയവും ജീവിതവും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ചുള്ള ഗൗരവതരമായ ഒരു സാമൂഹിക നിരീക്ഷണമായാണ് കവിത രൂപപ്പെടുന്നത്.
‘ചോപ്പും: ഇടത്തും വലത്തുമായ് വേർപിരി
ഞ്ഞൊപ്പം പിളർന്നു വളർന്നിതെണ്ണം.
ഒറ്റ ലക്ഷ്യത്തിലേക്കേറെ മാർഗങ്ങളായ്,
ഒക്കെയും നേരെയെന്നായി വാദം’
ഈ വരികളിലൂടെ ഒരേ ലക്ഷ്യം അവകാശപ്പെടുന്നവർ തന്നെ പരസ്പരം വിഭജിക്കപ്പെടുകയും, ഓരോ വിഭാഗവും തങ്ങളുടെ വഴിമാത്രമാണ് ശരിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ യാഥാർഥ്യത്തെയാണ് കവി അവതരിപ്പിക്കുന്നത്. ഒരേ പ്രത്യയശാസ്ത്രത്തിനുള്ളിലെ നിരന്തരമായ പിളർപ്പുകളും ആശയസംഘർഷങ്ങളും വളരെ ലളിതമായ ഭാഷയില്‍ അദ്ദേഹം ചിത്രീകരിക്കുന്നു. തുടർന്ന് കവി എഴുതുന്നു:
‘തോക്കിലൂടെച്ചിലർ, വാക്കിലൂടെപ്പലർ,
യുദ്ധം വഴിക്കായി പിന്നെയുള്ളോർ.
‘ബാലറ്റി’ലൂടെയും ‘ബുള്ളറ്റി’ലൂടെയും
‘ബാലൻസ്’ ചെയ്തവർ മത്സരമായ്’
ഇവിടെ വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ വ്യത്യസ്ത മാർഗങ്ങള്‍ സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രാനുഭവങ്ങളിലേക്കാണ് കവി വിരല്‍ചൂണ്ടുന്നത്. ആയുധസമരവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മില്‍ സാഹചര്യത്തിനനുസരിച്ച് മാറിമാറി സ്വീകരിച്ച നിലപാടുകളെ അദ്ദേഹം വിമർശനാത്മകമായി നിരീക്ഷിക്കുന്നു. കവിതയുടെ ഏറ്റവും ശക്തമായ വിമർശനം ഈ വരികളിലാണ്:
‘വാക്കും പ്രവൃത്തിയും തത്ത്വവും തങ്ങളില്‍
ചേർച്ചയില്ലാത്തതാം കാലമായി
വന്നപഭ്രംശങ്ങള്, പറ്റിയ തെറ്റിനെ
മറ്റൊരു തെറ്റുകൊണ്ടിട്ടുമൂടി’
ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നിർണയിക്കുന്നത് അതിന്റെ മുദ്രാവാക്യങ്ങളല്ല, ജീവിതത്തില്‍ അത് എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നതാണ്. വാക്കുകളും പ്രവർത്തനവും തമ്മിലുള്ള അന്തരം വർധിക്കുമ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ ധാർമ്മികശക്തി ക്ഷയിക്കുമെന്ന സത്യമാണ് കവി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
തെറ്റുമൂടുന്ന തെറ്റുകള്‍
തെറ്റുകള്‍ സമ്മതിച്ച് തിരുത്തുന്നതിനുപകരം, പുതിയ തെറ്റുകള്‍കൊണ്ട് പഴയ തെറ്റുകളെ മറച്ചുവയ്ക്കുന്ന രാഷ്ട്രീയ സംസ്കാരത്തെയും അദ്ദേഹം വിമർശിക്കുന്നു.
‘തെറ്റുകള്‍ തെറ്റുകളോട് സംഘർഷമായ്
മറ്റൊരു വല്യ തെറ്റായി മാറി.’
ഈ രണ്ടു വരികള്‍ കവിതയുടെ സാരാംശം തന്നെയാണ്. ആശയപരമായ ആത്മപരിശോധന നഷ്ടപ്പെടുമ്പോള്‍ തെറ്റുകള്‍ സ്വയം തിരുത്തപ്പെടുന്നില്ല; മറിച്ച് പുതിയ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കുന്നു എന്ന ചരിത്രപാഠമാണ് കവി ഓർമ്മിപ്പിക്കുന്നത്.
കവിതയുടെ അവസാനഭാഗത്ത്,
”കമ്പ്യൂട്ടർ’, ‘ട്രാക്ടറും’ ഭീകരയന്ത്രങ്ങള്,
കണ്ണില്ലാത്തോരു പിശാചസൂത്രം’
എന്ന വരികളിലൂടെ സാങ്കേതികവിദ്യയെയും യന്ത്രവല്‍ക്കരണത്തെയും എതിർത്തിരുന്ന പഴയ കമ്മ്യൂണിസ്റ്റ് സമീപനത്തെയും കവി പരാമർശിക്കുന്നു. കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാൻ മടിക്കുന്ന ആശയരീതികള് ഒടുവില്‍ യാഥാർഥ്യത്തില്‍ നിന്ന് അകന്നുപോകുമെന്ന സന്ദേശമാണ് ഇവിടെ നല്‍കുന്നത്.
‘വാദം’ എന്ന ഖണ്ഡത്തിലൂടെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വിമർശിക്കുന്നതിനപ്പുറം, ഏത് പ്രത്യയശാസ്ത്രത്തിനും ബാധകമായ ഒരു ശാശ്വതസത്യം കവി ഓർമ്മിപ്പിക്കുന്നു.
‘മോഡല്‍’ പറയുന്നത്
വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് ഏത് ആശയത്തിന്റെയും യഥാർഥ ഉരകല്ല്.
സമാഹാരത്തിലെ ‘മോഡല്‍’ എന്ന ഖണ്ഡം ഏറ്റവും മൂർച്ചയേറിയ രാഷ്ട്രീയവിശകലനങ്ങളിലൊന്നാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ വെറും സൈദ്ധാന്തികതലത്തില്‍ വിമർശിക്കുകയല്ല കവി ചെയ്യുന്നത്; അതിന്റെ പ്രായോഗിക പരാജയങ്ങളെയും ചരിത്രപരമായ വൈരുധ്യങ്ങളെയുമാണ് അദ്ദേഹം അനാവരണം ചെയ്യുന്നത്. യുക്തിയുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഉയർത്തുന്ന ചോദ്യങ്ങളാണ് ഈ കവിതയുടെ കരുത്ത്. കവിതയുടെ തുടക്കത്തില്‍ത്തന്നെ കവി ചോദിക്കുന്നു:
‘തത്ത്വം പ്രയോഗത്തിലാക്കാൻ കിടച്ചില്ലേ
മൂന്നു നാട്ടില്‍ ചെയ്തതെന്ത്? നോക്കൂ.
മൂന്നിടത്തപ്പുറം മുന്നോട്ടു വ്യാപിച്ച്
പോകാൻ കഴിയാഞ്ഞതെന്തു കൊണ്ടാം?’
ഈ ചോദ്യങ്ങള്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗിക വിജയത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയമാണ് ഉയർത്തുന്നത്. ആശയതലത്തില്‍ വലിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ച ഒരു തത്ത്വചിന്ത രാജ്യത്തെ മൂന്നു സംസ്ഥാങ്ങളിലും വിജയകരമായി പ്രവർത്തിക്കാൻ കഴിയാതിരുന്നതെന്തുകൊണ്ടാണെന്ന് കവി ചോദിക്കുന്നു.
ഒരു രാഷ്ട്രീയവാദത്തോടുള്ള വൈകാരിക പ്രതികരണമല്ല ഇത്; ചരിത്രത്തോടുള്ള സംവാദമാണ്. തുടർന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മാറിമാറിക്കൊണ്ടിരിക്കുന്ന നിലപാടുകളെ കവി വിമർശിക്കുന്നു:
‘അന്നുപറഞ്ഞവയൊക്കെ തിരുത്തുന്നു
ഇന്നു വേറെയൊന്നും ചൊന്നിടുന്നു.’
ഒരു കാലത്ത് അന്തിമസത്യമായി അവതരിപ്പിച്ച ആശയങ്ങള്‍ പിന്നീട് നിരന്തരം തിരുത്തപ്പെടുകയും, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പഴയ നിലപാടുകള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന വൈരുധ്യത്തെയാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ സ്വാഭാവികമാണെങ്കിലും, അടിസ്ഥാന പ്രത്യയശാസ്ത്രം തന്നെ നിരന്തരം പുനർനിർവചിക്കപ്പെടുമ്പോള്‍ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നാണ് കവിയുടെ വ്യക്തമായ നിരീക്ഷണം.
തൊഴിലാളിവർഗ്ഗം
കവിതയിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം തൊഴിലാളിവർഗത്തിന്റെ പേരില്‍ ആരംഭിച്ച പ്രസ്ഥാനം എങ്ങനെ മൂലധനത്തോട് പൊരുത്തപ്പെട്ടുവെന്ന വിമർശനമാണ്:
‘എന്നും തൊഴിലാളിവർഗത്തിനൊപ്പമാ
ണെന്ന്പറഞ്ഞു നടന്ന നാള്കള്
എന്നാണെന്നറിയില്ല, ചോടുമാറ്റി, നില
പാടുകള്‍ സമ്പന്നർക്കൊപ്പമാക്കി’
ഇവിടെ ആശയവും യാഥാർഥ്യവും തമ്മിലുള്ള അകലം കവി തുറന്നുകാട്ടുന്നു. ഒരുകാലത്ത് വർഗസമരത്തിന്റെ ഭാഷ സംസാരിച്ചിരുന്ന നേതൃത്വം പിന്നീട് മൂലധനത്തോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും സഹകരിക്കുന്ന അവസ്ഥയിലേക്കെത്തിയെന്നാണ് കവിയുടെ വിമർശനം. അതിലൂടെ കമ്മ്യൂണിസ്റ്റ് മാതൃക സ്വന്തം അടിസ്ഥാനതത്ത്വങ്ങളില് നിന്നുതന്നെ വ്യതിചലിച്ചുവെന്ന ആശയം ശക്തമാകുന്നു.
സാങ്കേതികവിദ്യയോടുള്ള സമീപനത്തിലെ മാറ്റവും കവി പരിഹാസാത്മകമായി അവതരിപ്പിക്കുന്നു. ഒരുകാലത്ത് എതിർത്തിരുന്ന കമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും പിന്നീട് സ്വീകരിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടി, യാഥാർഥ്യത്തിന്റെ മുമ്പില്‍ ആശയങ്ങളുടെ കാഠിന്യം ഉരുകിപ്പോകുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
കാവ്യത്തിന്റെ അവസാനഭാഗം അതിന്റെ ആശയസാരം വ്യക്തമാക്കുന്നു:
‘പോരാ, തിരുത്തണം പണ്ടത്തെ മാതൃക,
രീതി, നയം, നിലപാട് സർവം
അങ്ങനെയാണു നാം നമ്മളെ മാറ്റുന്ന
തങ്ങനെയാണ് മുന്നേറ്റുന്നത്’
ഈ വരികള്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെ സ്വയംവിമർശനമല്ല, മറിച്ച് അതിന്റെ അടിസ്ഥാന മാതൃക തന്നെ പ്രായോഗികമായി പരാജയപ്പെട്ടുവെന്ന കവിയുടെ വിലയിരുത്തലാണ്. അതിനാല്‍ ‘മോഡല്‍’ ഒരു രാഷ്ട്രീയപ്രസ്താവന മാത്രമല്ല; ചരിത്രത്തിന്റെ അനുഭവങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് മാതൃകയെ പുനർവിചാരണ ചെയ്യുന്ന കാവ്യരേഖ കൂടിയാണ്. ലളിതമായ ഭാഷയും മൂർച്ചയുള്ള ചോദ്യങ്ങളും കൊണ്ട് വലിയ രാഷ്ട്രീയ സംവാദം സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് ഈ കവിതയുടെ ഏറ്റവും വലിയ സാഹിത്യവിജയം.
‘പ്രതിവാദം’ എന്ന ഖണ്ഡത്തില്‍ കവി ദേശീയതയെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി അവതരിപ്പിക്കുന്നില്ല; മറിച്ച് അത് ഭാരതീയ ദാർശനിക പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതദർശനമാണെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അന്തർദേശീയ തൊഴിലാളി ഐക്യത്തെ മുൻനിർത്തുന്ന മാർക്സിസ്റ്റ് ആശയധാരയോട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്.
”സർവരാജ്യത്തെ തൊഴിലാളി സർവരും
സംഘടിപ്പിക്കാൻ’ നല്കുമാഹ്വാനവും
‘സ്വന്ത രാജ്യം മഹത്തെന്നു വാഴ്ത്തുന്നതും
സ്വർഗത്തിനേക്കാള്‍ മികച്ചതെന്നും’
ഈ വരികളിലൂടെ സ്വന്തം രാജ്യത്തോടുള്ള സ്നേഹവും ലോകസൗഹാർദവും പരസ്പരവിരുദ്ധങ്ങളല്ലെന്ന വാദമാണ് കവി മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം മാതൃഭൂമിയെ മഹത്തരമെന്ന് കരുതുന്നത് ഇടുങ്ങിയ ദേശീയതയല്ല; അത് സ്വാഭാവികമായ ആത്മബന്ധത്തിന്റെ പ്രകടനമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ലോകത്തെ സ്നേഹിക്കുന്നതിന്റെ ആദ്യപടിയാണ് സ്വന്തം നാടിനെ സ്നേഹിക്കുന്നതെന്ന ആശയം ഈ വരികളില്‍ അന്തർലീനമാണ്. തുടർന്ന് കവി പറയുന്നു:
‘പൊട്ടക്കിണറ്റിലിരുട്ടില് കഴിയുന്ന
കുട്ടിത്തവളയായ്ത്തീർന്നിടാതെ
നീന്തിയെത്താൻ കഴിയാത്ത കരയെത്താൻ
നീളുന്ന യാത്രയാണേറെ നല്ലൂ’
വളരെ ശക്തമായ ഒരു രൂപകമാണിത്. ഒരു പ്രത്യയശാസ്ത്രത്തിന്റെ ചുറ്റളവില്‍ മാത്രം ഒതുങ്ങി ലോകത്തെ കാണാതെ, വിശാലമായ കാഴ്ചപ്പാടിലേക്ക് വളരണമെന്ന് കവി ആഹ്വാനം ചെയ്യുന്നു.
സത്യാന്വേഷണം
സങ്കുചിതമായ ചിന്തയുടെ ഇരുട്ടില്‍ കഴിയുന്നതിനേക്കാള്‍ സത്യാന്വേഷണത്തിന്റെ ദീർഘയാത്രയാണ് ശ്രേഷ്ഠമെന്ന സന്ദേശമാണ് ഈ വരികള്‍ നല്‍കുന്നത്.
ഭാരതീയ ദേശീയതയുടെ സവിശേഷതയെ ഏറ്റവും വ്യക്തമായി അവതരിപ്പിക്കുന്ന ഭാഗം ഇതാണ്:
‘തമ്മിലെതിർക്കലല്ലല്ലാ പരസ്പരം
ചേർന്ന് സഹായം സമവായവും.’
മാർക്സിസം വർഗസംഘർഷത്തെ ചരിത്രത്തിന്റെ പ്രേരകശക്തിയായി കാണുമ്പോള്‍, ഭാരതീയ ദേശീയചിന്ത സഹകരണത്തെയും സമന്വയത്തെയും സാമൂഹിക ഐക്യത്തെയുമാണ് പ്രദാനം ചെയ്യുന്നതെന്ന് കവി ചൂണ്ടിക്കാണിക്കുന്നു. സംഘർഷത്തിലല്ല, പരസ്പരപൂരകത്വത്തിലാണ് സമൂഹത്തിന്റെ ശക്തിയെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു. കാവ്യത്തിന്റെ അവസാനത്തില്‍ കവി ഭാരതീയ ജീവിതദർശനത്തിന്റെ സാരാംശം അവതരിപ്പിക്കുന്നു:
‘മാർഗം പുരുഷാർഥം, ധർമത്തിലൂന്നിയ
കർമത്തിലർഥം ഗ്രഹിക്കവേണം.
അർഥത്താല്‍ കാമങ്ങള്‍ സാക്ഷാല്ക്കരിച്ചിടാം,
മോക്ഷമേ സ്വാത്മ, മാത്മാവ് രാഷ്ട്രം’
ധർമ്മം, അർഥം, കാമം, മോക്ഷം എന്നീ സനാതന ധർമ്മ ചതുർവിധ പുരുഷാർത്ഥങ്ങളെ ദേശീയജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ വരികള്‍ കവിതയ്ക്ക് ദാർശനികമായ ഒരു ഉയർച്ച നല്കുന്നു. രാഷ്ട്രം വെറും രാഷ്ട്രീയ സംവിധാനമല്ല, ആത്മീയവും സാംസ്കാരികവുമായ ഒരു ജീവസത്തയാണ് എന്ന ഭാരതീയ സങ്കല്‍പ്പമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
പ്രതിവാദം പറയുന്നത്
അങ്ങനെ ‘പ്രതിവാദം’ ഒരു രാഷ്ട്രീയ മറുപടി മാത്രമല്ല; ദേശീയതയുടെ ഭാരതീയ സങ്കല്‍പ്പത്തെ ദാർശനികവും സാംസ്കാരികവുമായി വിശദീകരിക്കുന്ന കാവ്യപ്രഖ്യാപനമാണ്. ലളിതമായ ഭാഷയിലും വ്യക്തമായ യുക്തിയിലൂടെയും കാവാലം ശശികുമാർ ദേശീയതയെ സംഘർഷത്തിന്റെ ആശയമല്ല, സമന്വയത്തിന്റെയും ധാർമിക ജീവിതത്തിന്റെയും ദർശനമായി അവതരിപ്പിക്കുന്നതിലാണ് ഈ കാവ്യത്തിന്റെ പ്രത്യേകത.
‘മൂന്നാം വഴി’ എന്ന ഭാഗത്തില്‍ മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പരിമിതികളെ അതിജീവിക്കുന്ന ഒരു ഭാരതീയ ജീവിതദർശനമാണ് കവി മുന്നോട്ടുവയ്ക്കുന്നത്. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷത്തിലല്ല, പരസ്പരപൂരകത്വത്തിലാണെന്ന് ഭാരതീയ ചിന്ത വിശ്വസിക്കുന്നുവെന്ന ആശയമാണ് ഈ കാവ്യത്തിന്റെ കാതല്‍. കവി പറയുന്നു:
‘വ്യക്തികള്ക്കപ്പുറത്തായി സമഷ്ടിയെ
വെച്ചാലതില്‍ തർക്കമൊന്നുമില്ല.
തോക്കുവേണ്ട, നോക്ക്, വാക്ക്, പ്രവൃത്തിയും
ചേർക്കുകിലപ്പുറം ചോരചിന്താ’
ഈ വരികളിലൂടെ വർഗസമരത്തിന്റെയും അക്രമവിപ്ലവത്തിന്റെയും ആശയങ്ങളെ കവി നിരാകരിക്കുന്നു. സമൂഹത്തില്‍ മാറ്റം വരേണ്ടത് ആയുധങ്ങളിലൂടെയല്ല; ദർശനത്തിലൂടെയും സംവാദത്തിലൂടെയും ക്രിയാത്മക പ്രവർത്തനത്തിലൂടെയുമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രക്തച്ചൊരിച്ചില്‍ ചരിത്രം സൃഷ്ടിക്കുകയല്ല, മുറിവുകള്‍ മാത്രം സൃഷ്ടിക്കുകയാണെന്ന സന്ദേശം ഈ വരികളില്‍ അടങ്ങിയിരിക്കുന്നു. തുടർന്ന് കവി എഴുതുന്നു:
‘ചിന്തകള്‍, ചർച്ചകള്‍, തീർക്കും സമസ്യകള്‍,
സംഘർഷമാറ്റും സമന്വയമാം’
ഇതാണ് കാവ്യത്തിന്റെ കേന്ദ്രസന്ദേശം.
ആശയവ്യത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും അവയുടെ പരിഹാരം സംഘർഷത്തിലല്ല, സംവാദത്തിലും സമന്വയത്തിലുമാണെന്ന് കവി വിശ്വസിക്കുന്നു. ഇത് ഭാരതീയ ദാർശനിക പാരമ്പര്യത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെയാണ്.
കവിതയുടെ അവസാനവരികള്‍ ഈ ചിന്തയെ കൂടുതല്‍ ആഴത്തിലാക്കുന്നു:
‘ഉണ്ടാകണം തർക്കമോരോ നിമിഷവും
ഉള്ളില്‍; ആത്മാവോട് യുദ്ധമേല്ക്കാം’
മറ്റുള്ളവരോട് യുദ്ധം ചെയ്യുന്നതിന് പകരം സ്വന്തം അഹങ്കാരത്തോടും ദൗർബല്യങ്ങളോടും നിരന്തരമായ ആത്മസംഘർഷം നടത്തണമെന്നാണ് കവി ഇവിടെ ആഹ്വാനം ചെയ്യുന്നത്. സമൂഹമാറ്റത്തിന്റെ ആരംഭം വ്യക്തിയുടെ ആത്മപരിവർത്തനത്തില് നിന്നാണെന്ന ഭാരതീയ സങ്കല്‍പ്പത്തെ ഈ വരികള്‍ മനോഹരമായി അവതരിപ്പിക്കുന്നു.
മൂന്നാംവഴിയില്‍
അങ്ങനെ ‘മൂന്നാം വഴി’ എന്ന ഖണ്ഡം, മുതലാളിത്തത്തിന്റെ മത്സരമനോഭാവത്തെയും കമ്മ്യൂണിസത്തിന്റെ സംഘർഷദർശനത്തെയും അതിജീവിച്ച്, സമന്വയം, സംവാദം, ധാർമ്മികത, ആത്മപരിഷ്കാരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ഭാരതീയ വികസനപാതയെ കാവ്യഭാഷയില്‍ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ സൃഷ്ടിയാണ്.
‘നീള്‍വഴി’ എന്ന ഖണ്ഡത്തില്‍ ഭാരതീയ ദേശീയതയുടെ ദാർശനിക അടിത്തറ വിശദീകരിക്കുകയാണ്. ദേശീയതയെയും സംസ്കാരത്തെയും മതവുമായി കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്ന പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്നതിനൊപ്പം, രാഷ്ട്രസങ്കല്‍പ്പം വ്യക്തിയെയും സമൂഹത്തെയും എങ്ങനെ അതിജീവിക്കുന്നുവെന്നും കവി വിശദീകരിക്കുന്നു. ആശയപ്രഖ്യാപനത്തേക്കാള് യുക്തിസഹമായ സംവാദമാണ് ഈ കവിതയുടെ മുഖമുദ്ര. കവിതയുടെ തുടക്കത്തില്‍ കവി എഴുതുന്നു:
‘സംസ്കാരമെന്നാല്‍ മതമെന്ന ചിന്തയും
ദേശസ്നേഹം മതചാർച്ചയെന്നും
ചൊല്ലിപ്പഠിപ്പിച്ചു കൊല്ലുകയല്ലയോ
വല്ലാതെ നമ്മള്; മതേതരത്വം?’
ഇവിടെ സംസ്കാരത്തെയും ദേശീയതയെയും ഇടുങ്ങിയ മതപരമായ കാഴ്ചപ്പാടിലൂടെ മാത്രം വിലയിരുത്തുന്ന സമീപനത്തെയാണ് കവി ചോദ്യം ചെയ്യുന്നത്. ഭാരതീയ ദേശീയത ഒരു മതത്തിന്റെ മേല്‍ പണിത ആശയമല്ല; മറിച്ച് ഈ മണ്ണിന്റെ സാംസ്കാരിക പാരമ്പര്യത്തിലും പൊതുവായ ദേശീയബോധത്തിലും അധിഷ്ഠിതമായ ജീവിതദർശനമാണെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. തുടർന്ന് കവി പറയുന്നു:
”നാമാണ്’, ‘ഞാനി’നും മേലേ, പരസ്പര
മാശ്രിതർ സ്വാശ്രയത്വത്തിനൊപ്പം’
ഈ വരികളില്‍ വ്യക്തിവാദത്തിനും വർഗവാദത്തിനും അതീതമായ ഭാരതീയ സാമൂഹികദർശനമാണ് പ്രതിഫലിക്കുന്നത്. വ്യക്തിയുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരസ്പരാശ്രിതത്വവും സ്വാശ്രയത്വവും ഒരുപോലെ ആവശ്യമാണ് എന്ന സന്തുലിതമായ ചിന്തയാണ് കവി അവതരിപ്പിക്കുന്നത്.
കവിതയുടെ കേന്ദ്രസന്ദേശം ഈ വരികളിലാണ്:
‘ഒന്നുമൊന്നും ചേർന്നിട്ടിണ്ടലില്ലാതുള്ള
മൂന്നാമതൊന്നിനെ സൃഷ്ടിക്കണം’
ഇത് വെറും രാഷ്ട്രീയ പ്രസ്താവനയല്ല; മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സംഘർഷാത്മക സമീപനങ്ങള്‍ക്കപ്പുറം, സമന്വയത്തിന്റെയും സഹകരണത്തിന്റെയും ഭാരതീയ വികസനപാതയെക്കുറിച്ചുള്ള കവിയുടെ ദർശനമാണ്. വിഭജനത്തിലല്ല, സൃഷ്ടിപരമായ ഐക്യത്തിലൂടെയാണ് സമൂഹം മുന്നേറേണ്ടതെന്ന ആശയം ഇവിടെ ശക്തമായി അവതരിപ്പിക്കപ്പെടുന്നു. കാവ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം രാഷ്ട്രസങ്കല്‍പ്പത്തെ നിർവചിക്കുന്ന വരികളാണ്:
‘നീയില്ല ഞാനില്ല, നമ്മളില്ലപ്പുറം
‘രാഷ്ട്രമേ നമ്മള്’ എന്നുള്ള സാരം’
ഇത് ഭാരതീയ ദേശീയതയുടെ സാരാംശമാണ്. വ്യക്തിയുടെയോ വിഭാഗത്തിന്റെയോ താല്പര്യങ്ങള്ക്കപ്പുറം രാഷ്ട്രത്തിന്റെ പൊതുക്ഷേമമാണ് പരമപ്രധാനമെന്ന ചിന്തയാണ് കവി മുന്നോട്ടുവയ്ക്കുന്നത്. വ്യക്തികേന്ദ്രീകൃത സമീപനത്തില്‍ നിന്ന് രാഷ്ട്രകേന്ദ്രീകൃതമായ ഉത്തരവാദിത്വബോധത്തിലേക്കുള്ള ഉയർച്ചയെയാണ് ഈ വരികള്‍ പ്രതിനിധീകരിക്കുന്നത്.
കപ്പലിലെ തുള
കാവ്യാവസാനത്തിലെ ഒരു ഉപമ ഏറെ ശ്രദ്ധേയമാണ്:
‘കപ്പലിനുള്ളില്‍ തുളയിട്ടു വെള്ളത്തെ
ക്കെട്ടിപ്പുണരുന്ന മൗഢ്യമാകും’
രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്ന പ്രവണതകള്‍ ഒടുവില്‍ എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ ഉപമ. സഞ്ചരിക്കുന്ന കപ്പലില്‍ത്തന്നെ ദ്വാരം ഉണ്ടാക്കുന്നവൻ സ്വന്തം സുരക്ഷയും നശിപ്പിക്കുകയാണെന്ന ലളിതമായ സത്യം ദേശീയജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കവി അവതരിപ്പിക്കുന്നു.
അങ്ങനെ ‘നീള്‍വഴി’ ദേശീയത, സാംസ്കാരിക സ്വത്വം, സാമൂഹിക സമന്വയം, രാഷ്ട്രബോധം എന്നീ ആശയങ്ങളെ ഭാരതീയ ദർശനത്തിന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന ചിന്തോദ്ദീപകമായ കാവ്യസൃഷ്ടിയായി മാറുന്നു.
‘നേർവഴി’ എന്ന കവിതയില്‍ ദേശീയതയെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പ്രചരിക്കുന്ന തെറ്റായ ധാരണകള്‍ക്ക് വ്യക്തവും യുക്തിസഹവുമായ മറുപടി നല്കുന്നു. ദേശീയതയെ മതരാഷ്ട്രവാദവുമായി കൂട്ടിക്കുഴയ്ക്കുന്ന സമീപനത്തെ വിമർശിക്കുന്നതിനൊപ്പം, ഭാരതീയ ചിന്തയുടെ അടിസ്ഥാനമായ ഏകാത്മ മാനവദർശനം എന്ന ആശയത്തെ കവി ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നു. കവി പറയുന്നു:
‘അല്ല, മതരാഷ്ട്രമല്ലോ വരുന്നുവെ
ന്നാരോ പറഞ്ഞത് തത്ത്വമാക്കി
ചെയ്യും വിമർശനമാണിന്ന് സത്യമ
ല്ലെന്നതേ സത്യം ചുരുക്കിച്ചൊല്ലാം’
ഇവിടെ യാഥാർഥ്യത്തെക്കാള്‍ പ്രചാരണങ്ങള്‍ക്കാണ് പലപ്പോഴും പ്രാധാന്യം ലഭിക്കുന്ന രാഷ്ട്രീയസാമൂഹിക സാഹചര്യത്തെയാണ് കവി വിമർശിക്കുന്നത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവർത്തിക്കപ്പെടുമ്പോള്‍ അവ സത്യമായി സ്വീകരിക്കപ്പെടുന്ന പ്രവണതയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ദേശീയതയെ മതരാഷ്ട്രവാദമായി ചിത്രീകരിക്കുന്നത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള വിമർശനമല്ല, മറിച്ച് ഒരു മുൻവിധിയുടെ ആവർത്തനമാണെന്ന നിലപാടാണ് കവിയുടേത്.
തുടർന്ന് അദ്ദേഹം ആത്മീയതയുടെ യഥാർഥ അർത്ഥം വിശദീകരിക്കുന്നു:
‘ആത്മീയതയ്ക്കേ സമഗ്രത, ആത്മീയം
ഭൗതികത്തിന്നെതിർവാക്കുമല്ല.
ഭൗതിക കാര്യങ്ങള്‍ക്കപ്പുറം ചേരുന്ന
ലൗകികാലൗകിക മേളനംതാൻ.’
ഈ വരികള്‍ ഭാരതീയ ദർശനത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുന്നു. ആത്മീയത ലോകനിഷേധമോ ഭൗതികജീവിതത്തിന്റെ വിരുദ്ധമോ അല്ല; മറിച്ച് ഭൗതികതയും ആത്മീയതയും തമ്മിലുള്ള സമന്വയമാണ്. മനുഷ്യജീവിതത്തിന്റെ സമഗ്രതയെ അംഗീകരിക്കുന്ന ഈ സമീപനമാണ് ഭാരതീയ ചിന്തയുടെ പ്രത്യേകതയെന്ന് കവി വ്യക്തമാക്കുന്നു.
ആത്മീയതയുടെ അർത്ഥം
ആത്മീയതയെ ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി കാണാതെ, ജീവിതത്തെ കൂടുതല്‍ അർത്ഥപൂർണമാക്കുന്ന ശക്തിയായി അദ്ദേഹം അവതരിപ്പിക്കുന്നു.
‘മാനവർക്കൊക്കെ മനസ്സതാണെന്നതാ
ണേകാത്മ മാനവഭാവവാദം.
എന്നു ചിന്തിച്ചത് ദർശനമായ്ക്കണ്ട്
ഭംഗിയില്‍ സാർഥകമാക്കിടുന്നു.’
ഈ വരികളില്‍ സ്വർഗീയ പണ്ഡിറ്റ് ദീൻദയാല്‍ ഉപാധ്യായ അവതരിപ്പിച്ച ഏകാത്മ മാനവദർശനം എന്ന ആശയത്തിന്റെ കാവ്യസാരം കവി അവതരിപ്പിക്കുന്നു. മനുഷ്യനെ വെറും സാമ്പത്തിക ജീവിയായോ രാഷ്ട്രീയ അളവുകോലായോ കാണാതെ, ശരീരവും മനസ്സും ബുദ്ധിയും ആത്മാവും ഉള്‍ക്കൊള്ളുന്ന സമഗ്ര വ്യക്തിത്വമായാണ് ഭാരതീയ ദർശനം കാണുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹികവും സാമ്പത്തികവും ദേശീയവുമായ പുരോഗതി ആത്മീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്ന സന്ദേശമാണ് ഈ കവിത മുന്നോട്ടുവയ്ക്കുന്നത്.
‘നേർവഴി’ വെറും പ്രതിവാദകവിതയല്ല; ഭാരതീയ ദേശീയതയുടെയും ആത്മീയതയുടെയും ഏകാത്മ മാനവദർശനത്തിന്റെയും സാരാംശം ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ദാർശനിക കാവ്യമാണ്. ആശയവ്യക്തതയും ഭാഷയുടെ ലാളിത്യവും സമന്വയദർശനവും ഈ ഖണ്ഡത്തെ സമാഹാരത്തിലെ ശ്രദ്ധേയമായ രചനകളിലൊന്നാക്കി മാറ്റുന്നു.
‘ഒരേവഴി’ യില്‍ കവി തന്റെ ചിന്തയുടെ പരിസമാപ്തിയിലെത്തുന്നു. സമാഹാരത്തിലെ മുൻ കവിതകളില്‍ കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും വിമർശിച്ചും, ഏകാത്മ മാനവദർശനത്തെയും രാഷ്ട്രബോധത്തെയും അവതരിപ്പിച്ചും സഞ്ചരിച്ച കവി, ഈ കവിതയില്‍ മനുഷ്യരാശിയുടെ അന്തിമലക്ഷ്യത്തെക്കുറിച്ചുള്ള തന്റെ ദർശനം പങ്കുവയ്ക്കുന്നു. അത് സംഘർഷത്തിന്റെ വഴിയല്ല, അദൈ്വതത്തിന്റെ വഴിയാണ്.
‘ശങ്കര ഭൂവിന്റെയദൈ്വത ഭാവത്തില്‍
ശംകരമായുള്ള ജീവിതത്ത്വം.
ശങ്കകളില്ലാത്ത കാലത്തെ ലോകത്തി
ലെങ്ങും വരട്ടെയീ വിപ്ലവത്താല്‍’
ഈ വരികളില്‍ ആദിശങ്കരാചാര്യരുടെ അദൈ്വതദർശനത്തെ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനമായി കവി അവതരിപ്പിക്കുന്നു. യഥാർഥ വിപ്ലവം അധികാരമാറ്റമോ സാമ്പത്തിക വ്യവസ്ഥയുടെ മാറ്റമോ അല്ല; മനുഷ്യന്റെ മനസ്സില്‍ നിന്ന് വിഭജനബോധവും സംശയവും അകന്നുപോകുന്ന ആത്മീയമായ പരിവർത്തനമാണെന്നാണ് കവിയുടെ നിലപാട്. അതുകൊണ്ടുതന്നെ അദ്ദേഹം ആഗ്രഹിക്കുന്ന വിപ്ലവം രക്തരൂക്ഷിതമല്ല, ചിന്തയുടെയും ബോധത്തിന്റെയും വിപ്ലവമാണ്.
‘കൊല്ലലില്ലാത്ത, കൊലവിളിയില്ലാത്ത
ശത്രുത്വമില്ലാത്ത ജീവലോകം.
സംഘർഷവും തഥാ സംഘട്ടനങ്ങളും
നിർമുക്തമായ സാമൂഹ്യകാലം’
ഈ വരികള്‍ കവിയുടെ സമാധാനദർശനത്തെ വ്യക്തമാക്കുന്നു.
വർഗസമരത്തിലൂടെയോ യുദ്ധത്തിലൂടെയോ മനുഷ്യരാശിക്ക് ശാശ്വതശാന്തി കൈവരിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. മനുഷ്യൻ മനുഷ്യനെ ശത്രുവായി കാണാത്ത, അക്രമത്തിനും വിദ്വേഷത്തിനും സ്ഥാനമില്ലാത്ത ഒരു സമൂഹമാണ് കവിയുടെ സ്വപ്നം. ഭാരതീയ ദാർശനിക പാരമ്പര്യത്തിലെ ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിന്റെ കാവ്യാവിഷ്കാരമായും ഈ വരികളെ വായിക്കാം.
കാവ്യത്തിന്റെ അവസാനഭാഗം മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് പങ്കുവയ്ക്കുന്നത്:
‘മാനുഷ ജീവിതകാലം കഴിഞ്ഞ,തി-
മാനുഷനാകാൻ കുതിക്കവേണം.
യാന്ത്രികരാകരുതപ്പുറം യന്ത്രത്തില്‍
തന്ത്രവും ചേർത്തത് സാധ്യമാക്കാം’
ശാസ്ത്രസാങ്കേതികവിദ്യയുടെ പുരോഗതി മനുഷ്യനെ യന്ത്രത്തിന്റെ അടിമയാക്കരുതെന്ന് കവി മുന്നറിയിപ്പ് നല്കുന്നു. സാങ്കേതികവിദ്യ മനുഷ്യനെ സേവിക്കണം; മനുഷ്യന്റെ ആത്മാവിനെയും മൂല്യങ്ങളെയും വിഴുങ്ങരുത്. അതുകൊണ്ടുതന്നെ യന്ത്രവല്ക്കരണത്തിനൊപ്പം മാനവികതയും ആത്മീയബോധവും വളരണം എന്ന സന്ദേശമാണ് ഈ വരികളില്‍ അടങ്ങിയിരിക്കുന്നത്. അങ്ങനെ ‘ഒരേവഴി’ എന്ന ഖണ്ഡം ഒരു രാഷ്ട്രീയപ്രഖ്യാപനമോ സാമൂഹിക വിമർശനമോ മാത്രമല്ല; അദൈ്വതം, വിശ്വമാനവത്വം, അഹിംസ, സമാധാനം, ആത്മീയത, സാങ്കേതിക പുരോഗതിയുടെ മാനവിക വിനിയോഗം എന്നിവയെ സമന്വയിപ്പിക്കുന്ന ഭാരതീയ ജീവിതദർശനത്തിന്റെ കാവ്യാവിഷ്കാരമാണ്. കാവ്യത്തിന്റെ ആശയപരമായ പര്യവസാനമായി ഈ കവിത വായനക്കാരന്റെ മനസ്സില്‍ പ്രത്യാശയും വിശ്വാസവും ഉണർത്തുന്നു.
ആഴമുള്ള ചിന്തകള്‍
‘സഖാവും സേവകനും’ ഒരു കാവ്യം മാത്രമല്ല; മനുഷ്യനെയും സമൂഹത്തെയും രാഷ്ട്രത്തെയും കുറിച്ചുള്ള കാവാലം ശശികുമാറിന്റെ ആഴമേറിയ ചിന്തകളുടെ ആവിഷ്കാരവുമാണ്. മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പരിമിതികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഭാരതത്തിന്റെ ശാശ്വതമായ സനാതന ധർമ്മദർശനമാണ് മനുഷ്യരാശിക്ക് മുന്നിലുള്ള യഥാർഥ ബദല്പാതയെന്ന് കവി ഇതിലുടനീളം സമർഥിക്കുന്നു.
സംഘർഷത്തിനുപകരം സമന്വയവും, വിദ്വേഷത്തിനുപകരം സൗഹൃദവും, ഭൗതികതയ്ക്കൊപ്പം ആത്മീയതയും, വ്യക്തികേന്ദ്രീകൃത ജീവിതത്തിനുപകരം രാഷ്ട്രത്തിന്റെയും മനുഷ്യരാശിയുടെയും ക്ഷേമവും മുൻനിർത്തുന്ന സനാതന ജീവിതദർശനത്തിലേക്കാണ് അദ്ദേഹം വായനക്കാരനെ ക്ഷണിക്കുന്നത്. സമാധാനവും സാഹോദര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ഭൂമിയെയാണ് കവി സ്വപ്നം കാണുന്നത്.
ഈ കാവ്യത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ ഭാഷയാണ്. അത്യന്തം ലളിതവും സംസാരഭാഷയോട് അടുത്തുനില്‍ക്കുന്നതുമായ ശൈലിയാണ് കാവാലം ശശികുമാർ സ്വീകരിച്ചിരിക്കുന്നത്. അലങ്കാരങ്ങളുടെ അതിപ്രസരമോ ദുർഗ്രഹമായ പ്രയോഗങ്ങളോ സങ്കീർണ്ണമായ രൂപകങ്ങളോ ഇല്ലാതെ, സാധാരണ വായനക്കാരന്റെ മനസ്സിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന ഭാഷയില്‍ വലിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഈ കാവ്യം സാഹിത്യവേദികളില്‍ മാത്രം ഒതുങ്ങാതെ സാധാരണ വായനക്കാരന്റെയും ഹൃദയത്തില്‍ ഇടംപിടിക്കുന്നു. ഈ കൃതി വായിച്ചു മാറ്റിവയ്ക്കാവുന്ന ഒരു കവിതാസമാഹാരമല്ല; വീണ്ടും വീണ്ടും വായിക്കാനും ചിന്തിക്കാനും ജീവിതത്തോട് ചേർത്തുവയ്ക്കാനും പ്രേരിപ്പിക്കുന്ന ഒരു ചിന്താഗ്രന്ഥം കൂടിയാണ്.
പുസ്തകത്തില്‍ പ്രശസ്ത വിഷ്വലൈസർ കെ.ജി. മനോജ് വരച്ച രേഖാചിത്രങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ കവിതയുടെയും ഭാവലോകവുമായി ചേർന്നുനില്‍ക്കുന്ന ഈ ചിത്രങ്ങള്‍ വായനാനുഭവത്തെ സമ്പന്നമാക്കുന്നു. കവിതയും ചിത്രവും പരസ്പര പൂരകങ്ങളാകുന്ന രീതിയിലാണ് അവ രചിച്ചിരിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തില്‍ വ്യക്തികേന്ദ്രീകൃത ജീവിതശൈലി ശക്തിപ്പെടുമ്പോള്‍ സമൂഹത്തിനുവേണ്ടി ജീവിക്കുന്ന മനുഷ്യരെ ഓർമ്മിപ്പിക്കുന്ന കൃതികളാണ് ‘സഖാവും സേവകനും’. ഇത് ഒരു സംഘപ്രവർത്തകന്റെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കാവ്യരേഖയാണ്. സമൂഹം മറന്നുപോകുന്ന നിശ്ശബ്ദ നായകരെ ഈ കവിതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നു.
‘സഖാവും സേവകനും’ വായനക്കാരനെ ആത്മപരിശോധനയിലേക്കും നയിക്കുന്ന കൃതിയാണ്. സേവനം എന്താണ്? ദേശസ്നേഹം എന്താണ്? മനുഷ്യനാകുക എന്നത് എന്താണ്? എന്ന ചോദ്യങ്ങള്‍ പുസ്തകം മുന്നോട്ടുവയ്ക്കുന്നു. കാവാലം ശശികുമാർ കവിതകളിലൂടെ ജീവിതത്തെ വ്യാഖ്യാനിക്കുകയല്ല, ജീവിതത്തെ തുറന്നു കാണിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കാവ്യം ഒരു ജീവിതപാഠപുസ്തകമായി മാറുന്നു.
സമൂഹത്തോടുള്ള ഉത്തരവാദിത്വവും മനുഷ്യനോടുള്ള സ്നേഹവും ആത്മീയതയോടുള്ള ആഭിമുഖ്യവും ഒന്നിക്കുന്ന അസാധാരണ കാവ്യമാണ് ഈ കൃതി. സമകാലിക മലയാള കവിതയില്‍ ശ്രദ്ധേയമായ ഇടം ഈ കൃതിക്ക് അർഹമാണ് എന്നതില്‍ സംശയമില്ല.
ഒടുവിലായി, ‘സഖാവും സേവകനും’ എന്ന കാവ്യം കവിതയുടെ സൗന്ദര്യം ആസ്വദിക്കാനല്ല, ജീവിതത്തിന്റെ മൂല്യങ്ങളെ വീണ്ടും തിരിച്ചറിയാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന കൃതിയാണ്. ഭാരതത്തിന്റെ ശാശ്വത മൂല്യങ്ങളെ കവിതയുടെ ലളിതവും ഹൃദയസ്പർശിയുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം വായിച്ചുകഴിഞ്ഞാലും അതിലെ പല വരികളും ചിന്തകളും വായനക്കാരന്റെ മനസ്സില്‍ പ്രതിധ്വനിച്ചേക്കാം. വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മനുഷ്യനെ കൂടുതല്‍ നല്ല മനുഷ്യനാക്കാൻ പ്രേരിപ്പിക്കുന്നു ഈ കാവ്യം. ആ അർത്ഥത്തില്‍, ഈ കാവ്യസമാഹാരം നന്മയിലേക്കും സേവനത്തിലേക്കും നമ്മെ ക്ഷണിക്കുന്ന ഒരു ജീവിതസന്ദേശം കൂടിയാണ്.
*************
വര: മനോജ്.കെ.ജി
*************
പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിലും ക്രീയേറ്റീവ് റൈറ്റിംഗിലും പി.ജി. ഡിപ്ലോമകളും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓണ്‍ലൈൻ പോർട്ടലുകളിലും ലേഖനങ്ങള്‍ എഴുതിവരുന്നു. മൂന്ന് അഭിമുഖ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്: : Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, , ‘അറിവിന്റെ അഭിമുഖങ്ങള്‍’, ക്രിസ്തുവില്‍ നിന്നും കൃഷ്ണനിലേക്ക്. മൊബൈല്‍: 9349881530.

