Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വായിച്ച്‌ വായിച്ച്‌ എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

വായിച്ച്‌ വായിച്ച്‌ എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

ച്ഛനും ചേട്ടനും പുസ്തകം വായിക്കുന്നത് കണ്ടായിരുന്നു യോഹന്‍ ജോസഫ് ബിജുവിന്റെ കുട്ടിക്കാലം. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരുടെ ആ വീട്ടില്‍ പുസ്തകങ്ങള്‍ക്ക് കുറവുമുണ്ടായിരുന്നില്ല.

മക്കള്‍ ചോദിക്കുന്ന പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നോ പണം കൊടുത്തോ വാങ്ങി നല്‍കാന്‍ മാതാപിതാക്കളും മടിച്ചില്ല. ചെറുപ്പത്തിലേ തുടങ്ങിയ ഈ വായനാശീലം, ഇന്ന് യോഹനെ ഈ ചെറുപ്രായത്തില്‍ത്തന്നെ മികച്ച ഇംഗ്ലീഷ് നോവലിസ്റ്റും എഴുത്തുകാരനുമാക്കി മാറ്റിയിരിക്കുകയാണ്.

അക്ഷരങ്ങള്‍ക്കൊപ്പം വളര്‍ന്ന കുട്ടിക്കാലം

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ അറിയുന്നതിന് മുന്‍പ് തന്നെ യോഹന്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കുമായിരുന്നു എന്ന് അച്ഛനും എഴുത്തുകാരനുമായ വിനായക് നിര്‍മ്മല്‍ ഓര്‍ക്കുന്നു. മറ്റ് കുട്ടികളെപ്പോലെ പുസ്തകത്താളുകള്‍ കീറിക്കളയുന്ന ശീലം യോഹന് ഇല്ലായിരുന്നു. പക്ഷേ ഈ ചെറുപ്രായത്തില്‍ ഇംഗ്ലീഷില്‍ ഇതുപോലെ എഴുതുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിനായക് നിര്‍മ്മല്‍ പറയുന്നു.

കുട്ടിയായിരിക്കുമ്പോഴേ വായന കണ്ടുവളര്‍ന്ന യോഹന്‍ അല്‍പം മുതിര്‍ന്നപ്പോഴും വായനയെ വിട്ടുപിരിഞ്ഞില്ല. നന്നേ ചെറുപ്പത്തില്‍ തുടങ്ങിയ ആ വായനയുടെ ഫലമായി എന്തൊക്കെയോ ഇംഗ്ലീഷില്‍ കുത്തിക്കുറിക്കുന്ന പതിവും യോഹനുണ്ടായിരുന്നു. അവയുടെ ആദ്യവായനക്കാരനും തിരുത്തലുകാരനും ചേട്ടന്‍ ഫ്രാന്‍സിസ് ലിയോ ആയിരുന്നു. ഈ പ്രോത്സാഹനമാണ് പിന്നീട് യോഹനെ നോവല്‍ രചനയിലേക്ക് നയിച്ചത്.

നോവലെഴുത്തിലേക്ക്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുറത്തിറങ്ങിയ ‘മിഷന്‍ ടു എ മിസ്റ്റീരിയസ് വില്ലേജ്’ ആണ് ആദ്യ നോവല്‍. ‘ഹാരി പോട്ടര്‍’ സീരീസ് പോലെ ഇതൊരു നോവല്‍ പരമ്പരയായിരിക്കുമെന്നും, ഇതിന് തുടര്‍ച്ചയായി നാല് പുസ്തകങ്ങള്‍ കൂടി വരുമെന്നും യോഹന്‍ അന്ന് പറഞ്ഞിരുന്നെങ്കിലും ആരും അത് അത്ര ഗൗരവത്തോടെ എടുത്തില്ല.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, രണ്ടു വര്‍ഷത്തിനപ്പുറം ഏഴാം ക്ലാസിലെത്തിയപ്പോള്‍ യോഹന്റെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി, ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഡിയോ’. കോഴിക്കോട്ടെ ആത്മ ബുക്‌സ് ആണ് പ്രസാധകര്‍.
രണ്ടു നോവലുകള്‍ ഉള്‍ക്കൊള്ളിച്ചതാണ് ഈ പുതിയ പുസ്തകം. ആദ്യ നോവലിന്റെ തുടര്‍ച്ചയാണ് ഇതിന്റെയും ഇതിവൃത്തം. സിനിമകളിലും പുസ്തകങ്ങളിലും ഇന്ന് ഏറെ ജനപ്രിയമായ ‘ടൈം ട്രാവല്‍’ പ്രമേയമാണ് യോഹന്‍ ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പരമ്പരയിലെ ബാക്കി രണ്ട് ഭാഗങ്ങള്‍ കൂടി വൈകാതെ എഴുതിത്തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കന്‍.

യോഹന്റെ വായനാലോകം

ത്രില്ലര്‍ നോവലുകളോടാണ് യോഹന് കൂടുതല്‍ പ്രിയം. ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ മലയാള കൃതികളും വായിച്ചു തുടങ്ങിയിട്ടുണ്ട്. സുഭാഷ് ചന്ദ്രന്‍, പി. വത്സല എന്നിവരുടെ ബാലസാഹിത്യ കൃതികള്‍ക്ക് പുറമെ, സിബി ജോണ്‍ തൂവലിന്റെ ‘ഹൈഡ്ര’, നകുല്‍ വിജിയുടെ ‘ഗോസ്റ്റ് റൈറ്റര്‍ ‘ എന്നിവയോട് അല്‍പം ഇഷ്ടക്കൂടുതലുണ്ട്.
അടുത്ത കാലത്തായി കൂടുതല്‍ ഗൗരവമുള്ള വായനയിലേക്കും യോഹന്‍ കടന്നു. അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’, ശശി തരൂരിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’, എബ്രഹാം വര്‍ഗീസിന്റെ ‘ദി കവനന്റ് ഓഫ് വാട്ടര്‍’ എന്നിവ അതില്‍ ചിലതാണ്.

വായനയ്‌ക്ക് പുറമെയുള്ള വിശേഷങ്ങള്‍

എഴുത്തിലും വായനയിലും മാത്രമൊതുങ്ങുന്നില്ല യോഹന്റെ ലോകം. ടിവി കാണലും മൊബൈല്‍ ഗെയിമിങ്ങും യോഹന് ഇഷ്ടമാണ്. സ്‌പോര്‍ട്‌സ്, ഗിറ്റാര്‍ വായന എന്നിവയിലും താല്പര്യമുണ്ട്. സ്‌കൂളിലെ വിവിധ പരിപാടികളിലൂടെ അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്നും യോഹന്‍ തെളിയിച്ചിട്ടുണ്ട്. പാലാ ചാവറ പബ്ലിക് സ്‌കൂളിലാണ് യോഹന്‍ പഠിക്കുന്നത്. പാലാ പ്രവിത്താനം തോട്ടുപുറത്ത് വിനായക് നിര്‍മ്മലിന്റെയും അദ്ധ്യാപികയായ ഷീജാമോള്‍ തോമസിന്റെയും രണ്ടാമത്തെ മകനാണ് യോഹന്‍. പ്രമുഖ പുസ്തകശാലകളിലും ആമസോണിലും യോഹന്റെ പുതിയ പുസ്തകം ലഭ്യമാണ്.

ഫോണ്‍ :9446197429

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily