Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

മിഥുനം, ഒന്ന്, രണ്ട്: ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലേക്കു ആയിരങ്ങള്‍ പ്രവഹിക്കുന്ന പുണ്യദിനങ്ങള്‍ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലെ 52 കരകളടങ്ങിയ ഓണാട്ടുകര ദേശക്കാര്‍ വ്രതശുദ്ധിയോടെ തങ്ങളുടെആയോധന പാടവം കാഴ്ചവയ്‌ക്കുവാന്‍ പരബ്രഹ്‌മസവിധത്തില്‍ എത്തുന്നത് ഈ ദിവസങ്ങളിലാണ്.

എന്നോ വേര്‍പിരിഞ്ഞ തായ്‌വഴികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ അളന്നെടുക്കുവാന്‍ നടന്ന ഒരു യുദ്ധത്തിന്റെ സ്മരണ പുതുക്കലാകാം ഈ ആയുധാഭ്യാസ പ്രകടനം.

പരബ്രഹ്‌മത്തിന്റെ തിരുമുമ്പില്‍ തങ്ങളുടെ പാടവം കാണിക്കയാക്കി യോദ്ധാക്കള്‍ ഇവിടെ ആത്മനിര്‍വൃതിയടയുന്നു. വേണാട്ടിനോട് വിധേയത്വംകാണിച്ച തായ്‌വഴിയും, വേണാട്ടില്‍ ലയിക്കാതിരുന്ന തായ്‌വഴിയും തമ്മില്‍ നടന്നിരുന്ന സംഘര്‍ഷ പരമ്പരങ്ങളുടെ അവസാനയുദ്ധം ഓച്ചിറയില്‍വച്ചു നടന്നുവെന്നും അതിന്റെ ആചരണമാണ് ഇന്നും മിഥുനമാസത്തില്‍ ഒന്നുംരണ്ടും ദിവസങ്ങളില്‍ നടക്കുന്നത് എന്നാണ് പണ്ഡിതമതം.

ആദ്യകാലങ്ങളില്‍ ഓച്ചിറക്കളിക്ക് ഇരുതലമൂര്‍ച്ചയുള്ള ‘കായംകുളംവാളും’ തോല്‍പരിചയും ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്ന് യോദ്ധാക്കള്‍ക്ക് ഗുരുതരമായ പരുക്കുകള്‍ പറ്റുന്നതും, മരണംസംഭവിക്കുന്നതു അപൂര്‍വ്വമല്ലായിരുന്നു. സര്‍.ടി മാധവറാവു ദിവാനായിരുന്നു കാലത്ത് ഓച്ചിറയില്‍ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട്‌വിളംബരം പുറപ്പെടുവിപ്പിക്കുകയും അതിനെ തുടര്‍ന്ന് അലക്-കമുകിന്റെ തടി ചെത്തിമിനുസപ്പെടുത്തിയെടുക്കുന്നതുകൊണ്ടു നിര്‍മ്മിച്ച വാളുകളും കൃത്രിമ പരിചകളും ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.

ഓടനാടിന്റെ പ്രതാപകാലത്ത് ഓച്ചിറയും,ചക്കുവളളിയും ചെറിയനാടും നൂറനാടും കരുനാഗപ്പള്ളിയും കണ്ടിയൂരും പ്രധാന പടനിലങ്ങളായിരുന്നു. 52 കരകളില്‍ നിന്നും നൂറുകണക്കിന് ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ ഏകദേശം അയ്യായിരത്തോളം അഭ്യാസികള്‍ രണ്ടു ദിവസത്തെ പയറ്റിനുവേണ്ടി എത്താറുണ്ട്. 41 ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ് ഇവര്‍ കളിക്കണ്ടത്തില്‍ എത്തുന്നത്. മുന്‍പൊക്കെ പടയാളികള്‍ക്ക് മുണ്ട് തറ്റുടുത്തതും തലയില്‍കെട്ടുമായിരുന്നു വേഷമെങ്കില്‍ ഇപ്പോള്‍ അത് ബനിയനും ട്രൗസറിനും വഴിമാറിക്കൊടുത്തിരിക്കുകയാണ്.

ഓച്ചിറക്കളിയില്‍ പ്രധാനമായും രണ്ട് ഇനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കളിക്കളത്തില്‍ ഇറങ്ങുന്നതിനു മുന്‍പുളള പയറ്റുപ്രദര്‍ശനമായ ‘കരക്കളി’യും, എട്ടുകണ്ടത്തില്‍ നടത്തുന്ന ‘തകിടകളി’യുമാണ് ഇവ രണ്ടും. അതില്‍തന്നെ ആദ്യത്തേത് തെക്കെക്കണ്ടത്തിലും, കളിക്കാരുടെ അഭ്യാസമികവ് തെളിയിക്കുന്ന പ്രദര്‍ശനം വടക്കേക്കണ്ടത്തിലുമാണ് നടക്കുന്നത്. കളരിപ്പയറ്റിലെ അടവുകള്‍ തന്നെയാണ് ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്. ”വാളെടുത്തു വീശിതിരിഞ്ഞമര്‍ന്ന് മാറ്റാതെ നോക്കി ഗജമുഖംകൊണ്ടാഞ്ഞു വെട്ടി, വലത്തുവീശി മൂന്നു വെട്ടിചുറ്റിത്തിരിഞ്ഞു മാറി കുതിച്ചുചാടി പരിചയില്‍ താണമര്‍ന്ന് തെരുത്ത് ഏറ്റുപൊങ്ങിപ്പിരിഞ്ഞ്, വീശിമാറിപ്പൊങ്ങി നിലയമര്‍ന്ന്” എന്നും മറ്റുമുള്ള വായ്‌പ്പയറ്റിന്റെ വായ്‌ത്താരി ഇവിടെയും പ്രസക്തമാണ്.

കളരിയഭ്യാസത്തിനുള്ള കളരികള്‍ കിഴക്കുപടിഞ്ഞാറായി നിര്‍മ്മിക്കുന്നു. ഇതിനുള്ളില്‍ തെക്കുപടിഞ്ഞാറെ മൂലയില്‍ ഏഴുതട്ടുകളുള്ള പൂത്തറയും ഇതിനെ ഭദ്രകാളിത്തറ എന്നും പറയും-നടുവിലായി ഗണപതിത്തറയും ഗുരുസ്ഥാനവും നിര്‍മ്മിക്കുന്നു. ആയുധവിദ്യയ്‌ക്കുള്ള ആയുധങ്ങള്‍ പൂത്തറയിലാണ് സൂക്ഷിക്കുന്നത്. കളരികളില്‍ നിലവിളക്കുകൊളുത്തി സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചുവെച്ച്‌ കളരിഭദ്രകാളിയേയും ഗണപതിയേയും ഗുരുപരമ്പരയെയും വിധിപ്രകാരം പൂജിക്കുന്നത് പ്രധാന ദിനചര്യയാണ്. ആയുധാഭ്യാസത്തിനിടയില്‍ അപകടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകുവാതിരിക്കുവാന്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.

ദേഹാഭ്യാസം, ആയുധാഭ്യാസം, വെറും കൈപ്രയോഗം എന്നിവയും കളരിയിലെ മൂന്നു പ്രധാനതരങ്ങളാണ്. സാധാരണഗതിയില്‍ ശരീരത്തെ നിയന്ത്രണാതീതമാക്കുന്ന മെയ്യൊരുക്കവും, ആയുധാഭ്യാസവും, മര്‍മ്മവിദ്യകളടങ്ങിയ കൈപ്രയോഗവും ഭംഗിയായി അഭ്യസിക്കുന്നതിന് കുറഞ്ഞത്. 12 വര്‍ഷത്തെ കഠിന പ്രയത്‌നം ആവശ്യമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

ഈ വര്‍ഷം മിഥുനം ഒന്ന് ജൂണ്‍ 15ന് രാവിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ഓച്ചിറക്കളിക്കു തുടക്കമാകും. ഉച്ചയ്‌ക്ക്‌ശേഷം 52 കരകളില്‍ നിന്നും വരുന്ന കളരിഗുരുക്കന്മാരുടെ നേതൃത്വത്തില്‍ വരുന്ന അഭ്യാസികള്‍, കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കും.

എഴുന്നള്ളത്ത് കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍ ചുറ്റി മഹാലക്ഷ്മിക്കാവും ഗണപതി ആല്‍ത്തറയും കടന്ന് തെക്കേ കണ്ടത്തിന്റെ നടുവിലെത്തുന്നു. തുടര്‍ന്ന് യോദ്ധാക്കള്‍ കിഴക്കും പടിഞ്ഞാറും കരകളിലെത്തി മെയ്‌വഴക്കവും, അഭ്യാസങ്ങളും പ്രദര്‍ശിപ്പിക്കുന്ന ‘കരകളി’ ആരംഭിക്കുന്നു.

അങ്കത്തിനു സമയമായി എന്ന സൂചന നല്‍കികൊണ്ട് ശ്രീകൃഷ്ണപരുന്ത് ആകാശത്തില്‍ കളിക്കളത്തിനു മുകളിലായി വട്ടമിട്ടു പറക്കുമ്പോള്‍ ഇരുകരകളില്‍ നിന്നു കരനാഥന്മാര്‍ പടനിലത്തേക്കു കുതിക്കുന്നു. പരസ്പരം ഹസ്തദാനം ചെയ്തു കര പറഞ്ഞ് അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത് മുഖാമുഖംകാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിയുന്നതോടെ അന്നത്തെ ചടങ്ങുകള്‍ അവസാനിക്കും. രണ്ടാംദിവസം ഉച്ചയ്‌ക്കുശേഷം യോദ്ധാക്കള്‍ കളിക്കണ്ടത്തിലേക്ക് എത്തുകയും ‘തകിടകളിയില്‍’ പ്രാഗത്ഭ്യം തെളിയിക്കുന്നതും. കളിക്കുശേഷം ഭരണസമിതി സമ്മാനമായി നല്‍കുന്ന ‘പണക്കിഴി’ സ്വീകരിച്ച്‌സദ്യയുമുണ്ട് കരകളിലേക്കു മടങ്ങുന്നതോടെ ഈ വര്‍ഷത്തെ ഓച്ചിറക്കളിക്കു സമാപനമാകുന്നു. തൊട്ടടുത്ത മൂന്നു ദിവസങ്ങളില്‍ ഇവിടെ നടക്കുന്ന കന്നുകാലിപ്രദര്‍ശനം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ഓച്ചിറയെക്കുറിച്ചു പറഞ്ഞാല്‍ മറ്റു ദേവാലയങ്ങളില്‍ നിന്നെല്ലാം വേറിട്ടു ഒരു സങ്കല്‍പമാണ് ഇവിടെ നിലനില്‍ക്കുന്നത്. പരബ്രഹ്‌മ തേജസ്സിന്റെ പരമപാവനമായ സാന്നിദ്ധ്യം കൊണ്ട് ഇവിടം ഭക്തജനമനസ്സുകളില്‍ ആത്മനിര്‍വൃതിയുടെ അമൃതം നിറയ്‌ക്കുന്നു. കൊല്ലം ജില്ലയുടെ ഏറ്റവും വടക്കേയറ്റത്ത് ആലപ്പുഴ ജില്ലയുടെ തെക്കേ അതിരിനോടു തൊട്ടുകിടക്കുന്ന ഈ പുണ്യഭൂമി ശ്രീകോവിലും നാലമ്പലവും ബലിക്കല്ലുകളും ഷഢാധാര പ്രതിഷ്ഠകളുമില്ലാത്ത അപൂര്‍വ്വതകള്‍കൊണ്ട് ശ്രദ്ധേയമാണ്. കൊല്ലം ആലപ്പുഴ ദേശീയപാതയില്‍ നിന്നും ഗോപുരവാതില്‍ കടന്ന് അകത്തേക്കു കയറുമ്പോള്‍ വിഘ്‌നഹരനായ മഹാഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നു. വീണ്ടും പടിഞ്ഞാറേക്കു വരുമ്പോള്‍ കിഴക്കും പടിഞ്ഞാറുമായി തലയെടുപ്പോടെ നില്ക്കുന്ന തറകളോടുകൂടിയ ആല്‍മരങ്ങളും അവയ്‌ക്കു വടക്കുമാറി ‘ഒണ്ടിക്കാവില്‍’ എന്ന് അന്വര്‍ത്ഥമാക്കുന്ന കാവുംവടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മഹാലക്ഷ്മിക്കാവും, അയ്യപ്പക്ഷേത്രവും, നാഗരാജാക്ഷേത്രവും ചേര്‍ന്നാല്‍ ഓച്ചിറ ക്ഷേത്രമാകും. ആല്‍ത്തറകളില്‍ ഒന്നില്‍രൂപാതീതനായ ശ്രീ പരമേശ്വരനേയും മറ്റൊന്നില്‍ നിര്‍ഗുണോവാസകരുടെ പരബ്രഹ്‌മത്തെയും ആരാധിക്കുന്ന അശരണരരുടെ ആശാകേന്ദ്രമാണ് ഓച്ചിറ.

ഓച്ചിറയുമായി ബന്ധപ്പെട്ട ഐതീഹ്യം അകവൂര്‍ചാത്തന്റെ കാലത്തേതാണ്. പറയിപെറ്റ പന്തിരുകുലത്തിലെ അകവൂര്‍ ചാത്തന്‍, ആലുവായ്‌ക്കടുത്ത് അകവൂര്‍ മനയ്‌ക്കലെ ആശ്രിതനായിരുന്നു. മനയ്‌ക്കലെ നമ്പൂതിരിയോട് അദ്ദേഹം ആരാധിക്കുന്ന ഈശ്വരന്റെ രൂപത്തെക്കുറിച്ച്‌ ചാത്തന്‍ ഉന്നയിച്ച സംശയത്തിന് പരിഹാസമായി പോത്തിനെപ്പോലിരിക്കും എന്ന് നമ്പൂതിരി പറഞ്ഞു. നിഷ്‌കളങ്ക ഭക്തനായ ചാത്തന്‍ ഈശ്വരനെ പോത്തിന്റെ രൂപത്തില്‍ ആരാധിക്കുകയും, ഈശ്വരന്‍ പോത്തിന്റെ രൂപത്തില്‍ തന്നെ ചാത്തനു പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ചാത്തന്റെ പോത്ത് പരബ്രഹ്‌മമാണെന്ന് നമ്പൂതിരി ഓച്ചിറവച്ചായിരുന്നുതിരിച്ചറിഞ്ഞത്.
ദേവവാഹനമായ ഋഷഭത്തിന്റെ പ്രതീകമായ കാളക്കൂറ്റന്‍മാര്‍ ഓച്ചിറയിലെ മറ്റൊരു ആകര്‍ഷണകേന്ദ്രമാണ്. മറ്റു ക്ഷേത്രത്തില്‍ നിന്നും വ്യത്യസ്തമായി ഭഗവാന്‍ ഈ വാഹനത്തിലാണ് എഴുന്നെള്ളുന്നത്. ഓച്ചിറ ക്ഷേത്രവും വീരശൈവരും തമ്മിലുള്ള ബന്ധം പുരാതനം തന്നെയാണ്.

ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍ ചിങ്ങമാസത്തിലെ തിരുവോണത്തിനു ശേഷം വരുന്ന ഇരുപത്തിയെട്ടാം ഓണം, വൃശ്ചികം 1 മുതല്‍ 12 വരെയുള്ള പന്ത്രണ്ടുവിളക്ക് മഹോത്സവം, മിഥുനമാസത്തിലെ ഓച്ചിറക്കളി എന്നിവയാണ്. വൃശ്ചികത്തിലെ 12 വിളക്കിന് ആയിരക്കണക്കിനു ഭക്തരാണ് ഇവിടെ കുടില്‍കെട്ടി ഭജനം പാര്‍ക്കുന്നത്. നിത്യാന്നദാനം ഇവിടുത്തെ പ്രധാന വഴിപാടാണ്. ധര്‍മ്മസദ്യയും കര്‍ക്കിടമാസത്തിലെ രാമായണസദ്യയും ഇവിടെ നടന്നുവരുന്നു.

ഉച്ചനീചത്വങ്ങളില്ലാതെ എല്ലാ ജാതിമതസ്ഥരും, ഓച്ചിറ പരബ്രഹ്‌മത്തിന്റെ മുന്‍പില്‍ ശരണം പ്രാപിക്കുന്നു. അതിനായി ആയിരങ്ങളാണ് ദിനവും ഇവിടെ എത്തുന്നത്. ഒരു വിഭാഗത്തിന് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന സമയത്തു പോലും എല്ലാവര്‍ക്കും ഓച്ചിറയില്‍ ആരാധനയ്‌ക്ക് എത്താമായിരുന്നു. സമത്വം സഹവര്‍ത്തിത്വം, സഹോദര്യം എന്നിവയുടെസ്വാംശീകരണമാണ് നമുക്ക് ഓച്ചിറ എന്ന ഈ പുണ്യഭൂമിയില്‍ ദൃശ്യമാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily