Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പുര്‍: പുതിയ തലമുറയില്‍ കൂടിവരുന്ന ഏകാന്തതയും മാനസിക അസ്ഥിരതയും തടയാന്‍, കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ.

മോഹന്‍ ഭാഗവത്. കുട്ടി കരയുമ്പോള്‍ അവനെ സമാശ്വസിപ്പിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നല്‍കിയല്ല, ശരിയായ ആശയ വിനിമയത്തിലൂടെയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ സമര്‍പ്പണ്‍ വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

മുന്‍കാലങ്ങളില്‍, കുടുംബത്തിനുള്ളില്‍ ഒരുമിച്ചിരുന്ന് നാമസങ്കീര്‍ത്തനം നടത്തുകയും കഥ പറയുകയും ചെയ്യുന്ന പാരമ്പര്യമുണ്ടായിരുന്നു. അതിലൂടെയാണ് നമ്മുടെ തലമുറ മാനസികമായ കരുത്ത് നേടിയത്. പന്ത്രണ്ടാം ക്ലാസിലും മറ്റും പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ ശകാരം ഭയന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും നമ്മുടെ കുട്ടികള്‍ പതറിപ്പോവുകയാണ്.

മുത്തശ്ശിക്കഥകള്‍ നല്‍കിയ ആത്മവിശ്വാസം ഇന്നില്ല. കൂട്ടുകുടുംബങ്ങള്‍ നല്‍കിയ ഇഴയടുപ്പം നഷ്ടമായിരിക്കുന്നു. അച്ഛനമ്മമാര്‍ കുട്ടികളെ ടിവിയുടെയോ ഗൂഗിള്‍ ബാബയുടെയോ കാരുണ്യത്തിന് വിട്ടുകൊടുക്കുന്നു. ഈ സാഹചര്യങ്ങള്‍ അപകടകരമാണ്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള മനസ് പുതിയ തലമുറയ്‌ക്ക് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കുടുംബവും സമൂഹവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം. കുട്ടികളും യുവാക്കളും നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കണം, സര്‍സംഘചാലക് പറഞ്ഞു.

ശരീരം മാത്രമല്ല മനസും ആരോഗ്യപൂര്‍ണമാകണം. ആരോഗ്യമില്ലാത്ത ശരീരം മനസിനെയും ദുര്‍ബലപ്പെടുത്തുന്നു. മനസാണ് മനുഷ്യനെ തടവിലാക്കുന്നതും മോചിപ്പിക്കുന്നതും. ജനനത്തോടെ തന്നെ മനസും രൂപപ്പെടും. അനുഭവങ്ങളിലൂടെയാണ് മനസ് രൂപപ്പെടുന്നത്. പോസിറ്റീവായ അനുഭവങ്ങള്‍ ക്രിയാത്മകമായ ജീവിതം പ്രദാനം ചെയ്യും. എന്നാല്‍ നെഗറ്റീവ് ചിന്തകള്‍ മനസിനെ ദുര്‍ബലപ്പെടുത്തും. മനുഷ്യ വികാസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മനസ് നിര്‍ണായക പങ്ക് വഹിക്കുന്നു. മാനസികാരോഗ്യ പഠനത്തില്‍ ഭാരതത്തിന് സമ്പന്നമായ പാരമ്പര്യമുണ്ട്. അത് പഠനവിഷയമാക്കണമെന്ന് സര്‍സംഘചാലക് ഓര്‍മിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily