Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

പൊയിലൂര്‍: ചമതക്കാട് പൂവനായി പുതിയവീട്ടില്‍ കൂറ്റേരിന്റെവിട ജാനു അമ്മയുടെ വിയോഗം പൊയിലൂര്‍ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് തീരാനഷ്ടമായി.

സ്‌നേഹവും കരുതലും നിറഞ്ഞ പെരുമാറ്റത്തിലൂടെ നിരവധി പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്ന ജാനു അമ്മയുടെ വേര്‍പാട് കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു പോലെ വേദനയായി.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സ്വന്തം അമ്മയെപ്പോലെ സ്‌നേഹവും കരുതലും നല്‍കിയിരുന്ന ജാനു അമ്മയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാത്ത പ്രവര്‍ത്തകര്‍ വിരളമായിരുന്നു. വീട്ടിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഭക്ഷണം വിളമ്പി നല്‍കുകയും സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്ന അമ്മയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്കെന്നും ആശ്വാസമായിരുന്നു.

അടിയന്തരാവസ്ഥയ്‌ക്ക് മുമ്പുതന്നെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കുടുംബമായിരുന്നു പൂവനായി പുതിയ വീട്. ജാനു അമ്മയുടെ ഭര്‍ത്താവ് കാര്യാറമ്പന്‍ ഗോവിന്ദന്‍ ആദ്യകാല ജനസംഘ പ്രവര്‍ത്തകനായിരുന്നു. ജനസംഘത്തിന്റെ നിരവധി യോഗങ്ങള്‍ വീട്ടില്‍ നടന്നിട്ടുണ്ട്. ഗോവിന്ദനോടൊപ്പം ഭാര്യയും മക്കളും പ്രസ്ഥാനത്തിന് ഉറച്ച പിന്തുണയുമായി നിലകൊണ്ടു. അക്കാലത്തെ പ്രതികൂല സാഹചര്യങ്ങളിലും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് കുടുംബം നല്‍കിയ പിന്തുണയും സ്‌നേഹവും ഇന്നും പ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു.

ആദ്യകാലങ്ങളില്‍ ശാഖയില്‍ കൃത്യമായി പങ്കെടുക്കുകയും പഥസഞ്ചലനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന ഗോവിന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. പിന്നീട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന സംഘര്‍ഷഭരിതമായ കാലഘട്ടങ്ങളിലും കുടുംബം പ്രസ്ഥാനത്തോടുള്ള ആത്മബന്ധം കൈവിട്ടില്ല.

പ്രതിസന്ധിഘട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്ന സാന്നിധ്യമായിരുന്നു ജാനു അമ്മ. പ്രയാസകരമായ സാഹചര്യങ്ങളെ ധൈര്യപൂര്‍വം നേരിടാന്‍ അമ്മ നല്‍കിയ പിന്തുണയും പ്രോത്സാഹനവും പല പ്രവര്‍ത്തകരുടെയും ഓര്‍മകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. വീട്ടില്‍ നിരവധി തവണ പോലീസുകാരെത്തിയിരുന്ന സാഹചര്യങ്ങളിലും കുടുംബം പതറാതെ പ്രവര്‍ത്തകര്‍ക്ക് താങ്ങായി നിന്നു.

മകന്‍ സുരേന്ദ്രന്‍ പെരിങ്ങളം മണ്ഡലത്തില്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചപ്പോഴും അദ്ദേഹത്തിന് താങ്ങും തണലുമായി നിന്നത് അമ്മയായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുപോകാന്‍ സുരേന്ദ്രന് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ അമ്മയുടെ സാന്നിധ്യം കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രചോദനമായിരുന്നു.

പൊയിലൂര്‍ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആവേശവും നല്‍കുന്ന കുടുംബമായിരുന്നു പൂവനായി പുതിയ വീട്. വീടിന്റെ വാതില്‍ പ്രവര്‍ത്തകര്‍ക്കായി എപ്പോഴും തുറന്നുവെച്ചിരുന്ന ഒരു സ്‌നേഹമനസ്സായിരുന്നു ജാനു അമ്മയുടേത്. പ്രസ്ഥാനത്തോടുള്ള ആത്മബന്ധത്തോടൊപ്പം മനുഷ്യസ്‌നേഹത്തിനും കുടുംബബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയ അമ്മയുടെ ജീവിതം പുതുതലമുറയ്‌ക്കും ഓര്‍മിക്കാവുന്ന മാതൃകയാണ്.

ജാനു അമ്മയുടെ വേര്‍പാടറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. നേതാക്കളും പൊതുപ്രവര്‍ത്തകരും സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവരും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എന്‍.കെ. നാണു മാസ്റ്റര്‍, എം.ആര്‍. സുരേഷ്, പി.ജി. സന്തോഷ്, പി. സത്യപ്രകാശ്, അഡ്വ. ഷിജിലാല്‍, സി.കെ. കുഞ്ഞിക്കണ്ണന്‍, എം.പി. സുമേഷ്, വി.പി. ബാലന്‍, കെ.കെ. ധനഞ്ജയന്‍, കെ.പി. ചന്ദ്രന്‍ മാസ്റ്റര്‍, ഹരീഷ് കടവത്തൂര്‍, എന്‍. രാഘവന്‍, എ.കെ. ഭാസ്‌കരന്‍, പൂവ്വത്തൂര്‍ ശശി, ടി.കെ. സജീവന്‍, എ. സജീവന്‍, എന്‍. രതി, രാജേഷ് കൊച്ചിയങ്ങാടി, പ്രഭാകരന്‍ വള്ള്യായി, കെ.പി. സുഖില, കെ സഹജ, പി.പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അ നുശോചനം അറിയിച്ചു.

പി.പി. രാമചന്ദ്രന്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily