ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതില്‍ അറസ്റ്റിലായതിന് പിന്നാലെ ടിവികെയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ.
"ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞോ? ആരുടെയെങ്കിലും പേര് പറഞ്ഞോ? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ? കോടതികള്‍ തീരുമാനിക്കട്ടെ,”അധികാരികള്‍ “പ്രതികാരബുദ്ധിയോടെ” പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാവേരി വിഷയത്തില്‍ ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഭരണകക്ഷിക്ക് മറുപടിയില്ല. അതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. എന്റെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വ്യാജപ്രചാരണം നടത്തുകയാണ്. ഈ കെട്ടിച്ചമച്ച കേസിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാൻ ഞാൻ തയ്യാറാണ്. എനിക്ക് ഭയമില്ല. ഇത് രാഷ്‌ട്രീയ വിഷയമാക്കാനുള്ള ബുദ്ധിപോലും അവർക്കില്ല. അവർ ഒരു കൂട്ടം വിഡ്ഢികളാണ്. എന്ത് പ്രത്യാഘാതം വന്നാലും ഞാൻ നേരിടുമെന്നുംഅദ്ദേഹം പ്രതികരിച്ചു.
തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം നടത്തിയ സംഭവത്തിലാണ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ വസതിയിലെത്തിയാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ തഞ്ചാവൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ഡി.എം.കെ ആരോപിച്ചു.
ഉച്ചയ്‌ക്ക് 12 മണിവരെ നിർബന്ധിത നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി പൊലീസിന് നിർദേശം നല്‍കിയിരുന്നെങ്കിലും 11 മണിയോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വിവരമറിഞ്ഞതോടെ മുതിർന്ന ഡി.എം.കെ നേതാക്കളും മന്ത്രിമാരായ ഇ.വി. വേലു, കെ.എൻ. നെഹ്റു, പി.കെ. ശേഖർബാബു, മാ. സുബ്രഹ്മണ്യൻ എന്നിവർ ഉദയനിധിയുടെ വസതിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

