Dailyhunt
വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

തിരുവനന്തപുരം: പ്രചണ്ഡപ്രചാരണങ്ങള്‍ക്കും ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനും ശേഷം കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 883 സ്ഥാനാര്‍ത്ഥികളാണ് വിവിധ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി നേടുന്നത്.

വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാരാണുള്ളത്. 1,39,21,868 സ്ത്രീവോട്ടര്‍മാരും 1,32,20,811 പുരുഷന്‍മാരും 273 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമുണ്ട്. പ്രവാസി വോട്ടര്‍മാര്‍ 2,42,093, സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം 53,984 ആണ്. 24 താത്കാലിക ബൂത്ത് ഉള്‍പ്പെടെ 30495 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 2040 പ്രശ്‌നബാധിത ബൂത്തുകളാണ്. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 352 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കുന്നതും 37 ബൂത്തുകള്‍ ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്നതുമാണ്. സുരക്ഷക്കായി സിആര്‍പിഎഫിന്റെ 160 ടീമുകളും 25,000 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും 3200 പോലീസ് വൊളന്റിയര്‍മാകരുമടക്കം വിന്യസിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് സാമ്രഗ്രികളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളില്‍ ഇന്നലെ എത്തി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തിനുള്ളില്‍ വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യം ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം ഇന്നലെ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പ്രവാസി വോട്ടര്‍മാരുടെ പോളിങ് കുറയാനാണ് സാധ്യത. പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം വിമാന നിരക്ക് കുത്തനെ കൂടിയതും വോട്ട് രേഖപ്പെടുത്താന്‍ എത്തിയാല്‍ കൃത്യസമയത്ത് തിരികെ പോകാന്‍ സാധിക്കുമോ എന്ന ആശങ്കയുമാണ് പ്രവാസി വോട്ടര്‍മാര്‍ക്കുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily