Dailyhunt
വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

നുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച വിദ്യാര്‍ത്ഥി രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പലതവണ ഉണ്ടായിട്ടുണ്ട്. 2012 ജൂലൈയില്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍ വെച്ച്‌ 19 വയസ്സ് മാത്രമുള്ള വിശാലിനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അതിക്രൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു വിശാല്‍ എന്നതായിരുന്നു അവര്‍ കണ്ട ഏക കുറ്റം. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം, എസ്.എഫ്.ഐ പ്രവര്‍ത്തകരായ സാക്ഷികള്‍ ഉള്‍പ്പടെ കൂറ് മാറിയതും, കേരള പോലീസിന്റെ അന്വേഷണ അനാസ്ഥയും കാരണം വിശാലിന് നീതി നഷ്ടമാകുന്ന അവസ്ഥയാണുണ്ടായത്. എന്നാല്‍, അവിടെയും വിശാലിനൊപ്പം നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ എബിവിപി എന്ന പ്രസ്ഥാനം ഒപ്പമുണ്ടായിരുന്നു. ഇന്നും ആ നിയമപോരാട്ടം എബിവിപി തുടരുകയാണ്.

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം, 2018 ജൂലൈയിലാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് - എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലചെയ്യുന്നത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വം കാലാകാലങ്ങളായി എസ്‌എഫ്‌ഐ കലാലയങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണായുധമായി ഉപയോഗിച്ചു വരികയാണ്. എന്നാല്‍, അഭിമന്യുവിന് നീതി കിട്ടിയോ എന്ന ചോദ്യത്തിന് ഇന്നും എസ്‌എഫ്‌ഐക്ക് മറുപടിയില്ല. ഇടതുപക്ഷം ഭരിക്കുന്ന കാലത്തുതന്നെ, സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകക്കേസ് 6 വര്‍ഷത്തിലേറെയായി നീണ്ടുപോയിക്കൊണ്ടിരിക്കുന്നു. സഹല്‍ ഹംസ, മുഹമ്മദ് ഷാഹിം തുടങ്ങിയ പ്രധാന പ്രതികള്‍ കേരള പോലീസിന്റെ മൂക്കിനു താഴെ ഒളിവിലിരുന്നത് നമ്മള്‍ കണ്ടതാണ്. അഭിമന്യുവിന്റെ കേസിലെ കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വരെ കാണാതായത് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളുടെ ഭാഗമായിരുന്നു.

ഇടതുപക്ഷ - പോപ്പുലര്‍ ഫ്രണ്ട് ബാന്ധവം

കേരളത്തിലെ എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ കാലാകാലങ്ങളായി മതതീവ്രവാദ സംഘടനകളുമായി സന്ധിയിലാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, പ്രധാന തെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ - ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ സ്വീകരിക്കുന്ന നിലപാടുകള്‍. 2022-ല്‍ യുഎപിഎ നിയമത്തിലൂടെ പോപ്പുലര്‍ ഫ്രണ്ടിനെ ഭാരതത്തില്‍ നിരോധിച്ചതാണ്. എന്നാല്‍, അവരെല്ലാം തന്നെ ഇന്നും എസ്ഡിപിഐ എന്ന പേരില്‍ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളിലെല്ലാം എസ്ഡിപിഐ ഇടത്-വലത് മുന്നണികള്‍ക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്യാറുണ്ട്. 2021-ന്റെ ആവര്‍ത്തനമെന്നോണം നേമം, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ ഇത്തവണയും ഇത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. 'തെരഞ്ഞെടുപ്പില്‍ സഹായിക്കാം, പകരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കണം' എന്നതാണ് ഇവരുടെ ഡീല്‍. 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയോടെയാണ് ഇടതുപക്ഷം ഭരണം നിലനിര്‍ത്തിയത്.

കേരളത്തിന് പുറത്തെ നേരിട്ടുള്ള സഖ്യങ്ങള്‍

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ്നാട്ടിലെ ഡിഎംകെ - സി.പി.ഐ.എം സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തിരുവാരൂര്‍ ജില്ലയിലെ നന്നിലം നിയോജക മണ്ഡലത്തില്‍ എസ്.ഡി.പി.ഐ ആണ് ഈ സഖ്യത്തിന് വേണ്ടി മത്സരിക്കുന്നത്. നന്നിലം ഉള്‍പ്പെടുന്ന തമിഴ്നാട്ടിലെ കാവേരി-ഡെല്‍റ്റ മേഖല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഇടമാണ്. 1939-ലെയടക്കം പ്രസിദ്ധമായ കര്‍ഷക സമരങ്ങള്‍ നടന്ന മണ്ണാണിത്. നിലവില്‍ എസ്‌എഫ്‌ഐക്ക് വലിയ സ്വാധീനമുള്ള ഈ പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ പോകുന്നത് ഇടതുപക്ഷമാണ്. എസ്.ഡി.പിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് ആണ് അവിടെ മത്സരിക്കുന്നത്. അഭിമന്യുവിനെയും നരോത്ത് ദിലീപിനെയും കൊലപ്പെടുത്തിയവരുടെ ആദര്‍ശം പിന്തുടരുന്നവര്‍ക്ക് വേണ്ടി എസ്‌എഫ്‌ഐക്കാര്‍ അവിടെ മുദ്രാവാക്യം വിളിക്കും. ഒരുപക്ഷേ ജയിക്കുകയാണെങ്കില്‍, ഭാരതത്തിലെ ആദ്യ എസ്ഡിപിഐ എംഎല്‍എയെ സൃഷ്ടിച്ചതിന്റെ ക്രെഡിറ്റും എസ്‌എഫ്‌ഐക്ക് അവകാശപ്പെടാം.

ഇടതുപക്ഷത്തിന്റെ ആശയവൈരുദ്ധ്യം

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എക്കാലവും ഇത്തരം ആശയവൈരുദ്ധ്യങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീടും പറമ്പും പണയപ്പെടുത്തി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചത് ഈ സര്‍ക്കാരാണ്. കലാലയങ്ങളെ പാര്‍ട്ടി ഓഫീസുകളും എസ്‌എഫ്‌ഐയുടെ ഇടിമുറികളുമാക്കി മാറ്റിയതോടെ ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥയായി. പിഎസ്‌സി നിയമനങ്ങള്‍ വൈകിപ്പിച്ചും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയും യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിനും പി.എം. ശ്രീ പദ്ധതിക്കും തുരങ്കം വെച്ചതോടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മികച്ച സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പൊതുസമൂഹം ഇത്തരം അവിശുദ്ധ സഖ്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. നാടിന് കാന്‍സറിനേക്കാള്‍ മാരകമായ ഇടതുപക്ഷ-കോണ്‍ഗ്രസ്-എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്ലാമി സഖ്യത്തെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ജാഗ്രതയോടെ സമ്മതിദാന അവകാശം വിനിയോഗിക്കാം.

(എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിയംഗമാണ് ലേഖകന്‍ )

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily