Dailyhunt
യുദ്ധമുണ്ടായാല്‍ കൊല്‍ക്കത്തയില്‍ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

യുദ്ധമുണ്ടായാല്‍ കൊല്‍ക്കത്തയില്‍ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ ഭീഷണികളുടെ നീണ്ട പട്ടികയിലേക്ക് പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയെയും ഉള്‍പ്പെടുത്തി പാകിസ്ഥാന്‍.

ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ അത് അതിർത്തിയില്‍ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് നീളുമെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച സിയാല്‍കോട്ടില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കൊല്‍ക്കത്തയെ ലക്ഷ്യം വെക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചത്.

“ഇന്ത്യ ഇത്തവണ ഏതെങ്കിലും തരത്തിലുള്ള വ്യാജ ഓപ്പറേഷനുകള്‍ക്ക് മുതിർന്നാല്‍, ഇൻഷാ അള്ളാ, ഞങ്ങള്‍ അത് കൊല്‍ക്കത്തയിലേക്ക് എത്തിക്കും,” ആസിഫ് പറഞ്ഞു. സ്വന്തം ആളുകളെയോ അല്ലെങ്കില്‍ തടവിലുള്ള പാകിസ്ഥാനികളെയോ ഉപയോഗിച്ച്‌ മൃതദേഹങ്ങള്‍ പ്ലാന്റ് ചെയ്ത് ഭീകരാക്രമണമെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി സൂചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇതിന് ആധാരമായ തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.

കൊല്‍ക്കത്തയെക്കുറിച്ച്‌ മാത്രമല്ല ഖാജ ആസിഫ് പരാമർശിച്ചത്. അടുത്ത തവണ സംഘർഷമുണ്ടായാല്‍ അത് 200 മുതല്‍ 250 കിലോമീറ്റർ പരിധിയില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. “അവർ വീണ്ടും ശ്രമിച്ചാല്‍ കഴിഞ്ഞ വർഷത്തേക്കാള്‍ വലിയ അപമാനം നേരിടേണ്ടി വരും. ഇത്തവണ ഞങ്ങള്‍ അവരുടെ മണ്ണില്‍ പ്രവേശിക്കും, അവരുടെ വീടുകള്‍ക്കുള്ളില്‍ കയറി അവരെ ആക്രമിക്കും,” ആസിഫ് പ്രകോപനപരമായി സംസാരിച്ചു.

പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ സമാനതകളില്ലാത്തതും നിർണ്ണായകവുമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കവേ, 2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി അദ്ദേഹം ഓർമ്മിപ്പിച്ചു.

26 പേർ കൊല്ലപ്പെട്ട ആ ആക്രമണത്തിന് പിന്നാലെ തുടങ്ങിയ ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പാകിസ്താൻ ഇത്തരം നീചമായ പ്രവൃത്തികള്‍ ആവർത്തിച്ചാല്‍ ഒരിക്കലും മറക്കാത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily