Dailyhunt
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍  നടക്കുന്ന പള്ളിപ്പാന മഹോത്സവം...

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാന മഹോത്സവം...

അമ്പലപ്പുഴ പള്ളിപ്പാന ഫെബ്രുവരി 8 മുതല്‍ 22 വരെ

ചെമ്പകശ്ശേരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ രാജാവ് 1615 ല്‍ നിര്‍മ്മിച്ചതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

പാര്‍ത്ഥസാരഥിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അര്‍ജ്ജുനന് ആരാധനാരഥം സമ്മാനിച്ച മൂന്ന് വിഗ്രഹങ്ങളില്‍ ഒന്നാണിതെന്നും വിശ്വസിക്കപ്പെടുന്നു.

ഗുരുവായൂരിലെയും തൃപ്പൂണിത്തുറയിലെയും വിഗ്രഹങ്ങളാണ് മറ്റ് രണ്ടെണ്ണം. കേരളത്തിലെ പ്രസിദ്ധ വൈഷ്ണവ മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്. അമ്പലത്തിലെത്താന്‍ പണ്ട് പുഴ കടക്കേണ്ടി വന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് അമ്പലപ്പുഴ എന്ന പേരുവന്നതെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഐതിഹ്യപ്രകാരം വില്വമംഗലം സ്വാമിയാരാണ് ക്ഷേത്രത്തിന് സ്ഥാനം നിശ്ചയിച്ചത്.

പണ്ട് ഈ പ്രദേശം പുഞ്ചപ്പാടങ്ങളും തോടുകളുമായിരുന്നു. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്ത് വള്ളത്തില്‍ യാത്ര ചെയ്യുമ്പോള്‍, കര്‍ണ്ണാനന്ദകരമായ ഓടക്കുഴല്‍ ഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാല്‍ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്‍റെ ഓടക്കുഴല്‍ ഗാനമാണ് കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാര്‍ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് അമ്പലപ്പുഴയില്‍ മഹാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.

ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍റെ ഭരണകാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ ആരംഭിച്ച ഒരു ഉത്സവമാണ് പള്ളിപ്പാന. 12 വര്‍ഷത്തിലൊരിക്കലാണ് പള്ളിപ്പാന നടത്തപ്പെടുന്നത്. ആദ്യത്തെ പള്ളിപ്പാന നടന്നത് കൊല്ലവര്‍ഷം 841 ല്‍ ആണ് എല്ലാ വര്‍ഷവും. മകരം ഒന്നു മുതല്‍ പന്ത്രണ്ട് ദിവസം പന്ത്രണ്ട് കളഭവും 12 പന്ത്രണ്ട് കളഭം കഴിയുമ്പോള്‍ ഒരു പള്ളിപ്പാനയും 12 പള്ളിപ്പാനകള്‍ കഴിയുമ്പോള്‍ ഒരു വിജയബലിയും നടത്തിവരുന്നു. 1954 ലാണ് മുമ്പ് വിജയബലി നടന്നത്. അടുത്ത വിജയബലി ഇനി 2098 ല്‍ ആയിരിക്കും.

ദേവാസുരയുദ്ധം നടക്കുമ്പോള്‍ മഹാവിഷ്ണുവിനെതിരെ ആഭിചാരകര്‍മ്മങ്ങള്‍ നടത്താന്‍ ശുക്രാചാര്യര്‍ തുനിയുകയും ശപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മഹാവിഷ്ണുവില്‍ ആലസ്യം പ്രകടമായി. ക്ഷീണിതനായ മഹാവിഷ്ണുവിനെ ഊര്‍ജ്ജസ്വലനാക്കാന്‍ ജ്യോതിഷത്തിന്‍റെ ദേവനായ ശ്രീസുബ്രഹ്മണ്യനാണ് പള്ളിപ്പാന നടത്താനായി ആവശ്യപ്പെട്ടത്. പരമശിവനും പാര്‍വതിയും കൂടി വേലന്‍റെ രൂപത്തില്‍ പറകൊട്ടിപ്പാടിയതാണ് ആദ്യത്തെ പള്ളിപ്പാന എന്നാണ് ഐതിഹ്യം. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരെ സാക്ഷിയാക്കിയാണ് ചടങ്ങ് നടത്തുന്നത്. ഓത്തും മുറോത്തുമാണ് പള്ളിപ്പാനയിലെ പ്രധാന ചടങ്ങുകള്‍.

വിഗ്രഹത്തിലെ അശുദ്ധികള്‍ നീക്കം ചെയ്യാനും അതിന്‍റെ ശക്തി പുനഃപ്രതിഷ്ഠിക്കാനുമാണ് ഈ ആചാരം നടത്തുന്നത്. പാനപ്പാട്ട് പാടി വിഗ്രഹത്തിന് ശക്തി പകരുന്ന പാനപ്പാട്ടുകളില്‍ ആദ്യം പരമശിവനെ സ്തുതിക്കുകയാണ് പതിവ്. പാട്ടിനൊപ്പം ശൈവവാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഓത്തും മുറോത്തും പള്ളിപ്പാനയിലെ രണ്ട് പ്രധാന ആചാരങ്ങളാണ്. ഓത്ത് പകല്‍ സമയത്ത് വേലന്മാര്‍ നടത്തുന്ന പാട്ടും കൊട്ടുമാണ്. മുറോത്ത് രാത്രി സമയത്ത് വേലത്തികളുമാണ് നടത്തുന്നത്.

ചടങ്ങില്‍ പങ്കെടുക്കുന്ന വേലന്മാര്‍ രണ്ടായി തിരിഞ്ഞ്, ഒരു വിഭാഗം ഓത്ത് അനുഷ്ഠിക്കുകയും(കുട്ടാടികള്‍) മറ്റൊരു വിഭാഗം രസികന്മാരായി(പുരാനടികള്‍) പ്രവര്‍ത്തിക്കുകയും ചെയ്യും. പുരാനടികള്‍ യജ്ഞസ്ഥലത്തിന് ചുറ്റും ഇലഞ്ഞിപ്പൂക്കളും ഓലത്തൊപ്പിയും ധരിച്ച്‌ മുഖത്ത് ചായവും പൂശി ഓടിനടന്നു കുട്ടാടികളില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കും. ഇവരെ പരമശിവന്‍റെ ഭൂതഗണങ്ങളായിട്ടാണ് കണക്കാക്കുന്നത്. ക്ഷേത്രതന്ത്രി ദൈവികശക്തി ആവാഹിച്ച ദണ്ഡ് (കൊയ്മ വടി) പുറത്തുകൊണ്ടുവന്ന് പള്ളിപ്പന്തലില്‍ എഴുന്നെള്ളിച്ചിരുത്തി കാപ്പുകെട്ടുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.

വൈകിട്ട് 5.30 വരെ ഓത്തും ദീപാരാധനയ്ക്കുശേഷം മുറോത്തും തുടങ്ങും. ചെമ്പകശ്ശേരി രാജാവിന്‍റെ കാലം മുതല്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന നടത്തിവന്നിരുന്നത് വേലന്‍പറമ്പ് കുടുംബാംഗങ്ങളായിരുന്നു. വേലന്‍ കുടുംബത്തിലെ അവസാനകണ്ണിയായ ദാക്ഷായണിയുടെ മകനായ സി. ഹരിദാസിന്‍റെ നേതൃത്വത്തിലാണ് ഇത്തവണ പള്ളിപ്പാന നടത്തുന്നത്. പൂര്‍വ്വികര്‍ പള്ളിപ്പാനയ്ക്കായി ഉപയോഗിച്ചിരുന്ന പുരാതനമായ ശംഖ്, വാള്‍, താളിയോല ഇവയൊക്കെ ഇപ്പോഴും ഇവിടെ ആചാരാനുഷ്ഠാനങ്ങളോടെ സൂക്ഷിച്ചുവരുന്നു.

ചവറ സുരന്ദ്രന്‍പിള്ള
9387918756

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Jyothisha Ratnam