Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്പലപ്പുഴയിലെ ശ്രീ ഗുരുവായൂരപ്പന്‍

അമ്പലപ്പുഴയിലെ ശ്രീ ഗുരുവായൂരപ്പന്‍

Jyothisha Ratnam 3 days ago

മ്പലപ്പുഴ കണ്ണനും ഗുരുവായൂര്‍ കണ്ണനും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഇരുക്ഷേത്ര സന്നിധികളിലേയും പ്രതിഷ്ഠ സാക്ഷാല്‍ കണ്ണന്‍.

സാക്ഷാല്‍ ഗുരുവായൂരപ്പന്‍ പന്ത്രണ്ട് വര്‍ഷങ്ങളിലധികം അമ്പലപ്പുഴയിലായിരുന്നു എന്ന് ചരിത്രം. ഗുരുവായൂരിലെ ഉച്ചപൂജയ്ക്കുശേഷം ഗുരുവായൂരപ്പന്‍ അമ്പലപ്പുഴയിലേയ്ക്ക് ആഗതനാകുന്നു എന്ന് വിശ്വാസം. ഗുരുവായൂരില്‍ ശീവേലി വൈകിട്ടാണ് നടത്തുന്നത് എന്നതിന്‍റെ കാരണവും ഇതാണത്രേ...

സാമൂതിരിയും, നാട്ടുരാജാക്കന്മാരും മലബാര്‍ ഭരിക്കുന്ന കാലം. മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി 1766 ല്‍ മലബാര്‍ പിടിച്ചെടുക്കുകയും ചാവക്കാട് വരെ എത്തുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രവും ആക്രമിച്ച്‌ കൊള്ളയടിക്കാന്‍ ഹൈദരാലിക്ക് പദ്ധതിയുണ്ടായിരുന്നു. ഹൈദരാലിയുടെ സര്‍വ്വസൈന്യാധിപനായിരുന്ന വെങ്കട നാരായണയ്യരുടെ ഇടപെടലുകളെ തുടര്‍ന്ന് വടക്കോട്ട് വാര്യര്‍ 10,000 പണം(35,000 രൂപ) ഹൈദരാലിക്ക് കാഴ്ചവച്ച്‌ ക്ഷേത്രത്തെ സംരക്ഷിച്ചു.

ഹൈദരാലിയുടെ കാലശേഷം മകന്‍ ടിപ്പു മൈസൂര്‍ ഭരണാധികാരിയായി. അധികാരം ഏറ്റ ഉടന്‍തന്നെ അദ്ദേഹം മലബാറിനെ ആക്രമിച്ചു. മൈസൂര്‍ പട പൊന്നാനിവരെ എത്തിച്ചു. ടിപ്പുവിന്‍റെ ആക്രമണത്തെ ഭയന്ന് ഗുരുവായൂര്‍ ക്ഷേത്രാധികാരികള്‍ ഭഗവാന്‍റെ ശക്തി ചൈതന്യം ശീവേലി തിടമ്പിലേയ്ക്ക് ആവാഹിച്ച്‌ മൂലവിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറില്‍ ഒളിപ്പിക്കുന്നു. ശീവേലി തിടമ്പുമായി മല്ലിശ്ശേരി നമ്പൂതിരിയും, കക്കാട് ഓതിക്കനും, സഹായികളും വഞ്ചിയില്‍ അമ്പലപ്പുഴയിലേയ്ക്ക് രക്ഷപ്പെടുന്നു. അന്നത്തെ കൊച്ചി രാജാവ് ടിപ്പുവിന്‍റെ ആശ്രിതന്‍ ആയിരുന്നതിനാലാണത്രേ ഇവര്‍ തിരുവിതാംകൂറിന്‍റെ ഭാഗമായ അമ്പലപ്പുഴയിലേക്ക് നീങ്ങുന്നത്.

ടിപ്പുവിന്‍റെ ആക്രമണം ഗുരുവായൂരില്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള അനുമാനത്തില്‍ അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവ് ഗുരുവായൂരപ്പന് വേണ്ടി അമ്പലപ്പുഴയില്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തിരുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തോടു ചേര്‍ന്ന് തെക്ക് ഭാഗത്തായി ശ്രീകോവില്‍, തിടപ്പള്ളി, പൂജയ്ക്കും അഭിഷേകത്തിനുമായി വെള്ളം എടുക്കുന്നതിനുള്ള കിണര്‍ എന്നിവയും പണികഴിപ്പിച്ചിരുന്നു. മാത്രമല്ല അമ്പലപ്പുഴ ക്ഷേത്രത്തിന്‍റെ നിത്യനിദാനക്കണക്കുകളില്‍ ഉള്‍പ്പെടുത്താതെ ഈ ക്ഷേത്രത്തിന്‍റെ നിത്യച്ചെലവുകളെല്ലാം രാജാവ് നേരിട്ട് നല്‍കുകയായിരുന്നു പതിവ്.

നിവേദ്യത്തിനുള്ള ചെലവ്, ശാന്തിക്കാര്‍ക്ക് നല്‍കേണ്ട തുക എന്നിവയ്ക്ക് രാജാവായിരുന്നു പണം നല്‍കിയിരുന്നത്. ശാന്തിക്കാര്‍ക്കായി ചെമ്പകശ്ശേരി കൊട്ടാരത്തിനരികില്‍ മഠങ്ങളും നിര്‍മ്മിച്ചിരുന്നു. അമ്പലപ്പുഴ ഭഗവാന്‍റെ വിശേഷാല്‍ നൈവേദ്യമായ പാല്‍പ്പായസം ഗുരുവായൂരപ്പനും നേദിച്ചിരുന്നത്രേ.

എ.ഡി 1800 നോട് അടുത്ത് ഗുരുവായൂരപ്പന്‍റെ വിഗ്രഹം തിരികെ ഗുരുവായൂരിലേക്ക് കൊണ്ടുപോയെങ്കിലും അമ്പലപ്പുഴ പാല്‍പ്പായസം ഏറെ ഇഷ്ടപ്പെട്ട് ഭഗവാന്‍ അത് ഭുജിക്കുന്നതിനായി ശീവേലി സമയത്ത് അമ്പലപ്പുഴയിലേക്ക് എഴുന്നെള്ളുമത്രേ.

ശ്രീകൃഷ്ണ ഭഗവാന്‍റെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്‍പ്പത്തില്‍ വലതുഭുജത്തില്‍ ചമ്മട്ടിയും, ഇടതുകൈയില്‍ പാഞ്ചജന്യവുമായി നിലകൊള്ളുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണഭഗവാന്‍റെ പ്രതിഷ്ഠയാണിവിടെ.

പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസവും വേലകളിയും ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ രാജാവ് പൂരാടം തിരുനാള്‍ ദേവനാരായണന്‍ ക്രി. വര്‍ഷം 1545 ലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ചരിത്രം. ശിവന്‍, ഗണപതി, അയ്യപ്പന്‍, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവയ്ക്കും പ്രതിഷ്ഠകളുണ്ട്. തെക്കന്‍ ഗുരുവായൂര്‍ എന്നും ക്ഷേത്രം അറിയപ്പെടുന്നു.

അഷ്ടമിരോഹിണി ദിനം ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. ഈ ദിനം നടത്തുന്ന ഉണ്ണിയപ്പ നിവേദ്യം ഏറെ പ്രശസ്തം. 120 പറ അരിയുടെ ഉണ്ണിയപ്പം അഷ്ടമിരോഹിണി ദിനം മുതലുള്ള 3 ദിവസങ്ങളില്‍ ഭഗവാന് സമര്‍പ്പിക്കും.

ഉത്രാടക്കുലക്കാഴ്ച സമര്‍പ്പണവും ക്ഷേത്രത്തില്‍ ആചരിക്കുന്ന മറ്റൊരു ആഘോഷമാണ്. തിരുവോണം, അവിട്ടം നാളുകളില്‍ ആനപ്പുറത്തെഴുന്നെള്ളത്ത്, വൃശ്ചികം 1 മുതല്‍ 40 ദിവസം വരെ നടത്തുന്ന ക്ഷീരധാര, മകരം 1-12 വരെ നടത്തുന്ന 12 കളഭം, ഇടവമാസത്തില്‍ നടത്തുന്ന 30,000 കളഭം, മേടവിഷു, മീനമാസത്തിലെ തിരുവോണം ആറാട്ട് ക്രമത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഉത്സവം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി വിഗ്രഹലബ്ധിയുമായി ബന്ധപ്പെട്ട് നടത്തുന്ന മൂലക്കാഴ്ച(ചമ്പക്കുളം വള്ളംകളി) 12 വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന പള്ളിപ്പാന ഇവയെല്ലാം ക്ഷേത്രത്തിലെ മുഖ്യവിശേഷ ആഘോഷങ്ങളാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Jyothisha Ratnam