Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹയഗ്രീവ ഗോപാല മന്ത്രം

ഹയഗ്രീവ ഗോപാല മന്ത്രം

ഹയഗ്രീവന്‍റെ ഉല്‍പ്പത്തി- അസുരനായ ഹയഗ്രീവന്‍ അതികഠിന തപസ്സിലൂടെ ദുര്‍ഗ്ഗാദേവിയെ പ്രത്യക്ഷയാക്കി ദേവിയില്‍ നിന്നും മറ്റൊരു ഹയഗ്രീവന് മാത്രമേ തന്നെ വധിക്കാന്‍ കഴിയുകയുള്ളൂ എന്ന വരം നേടി.

വരസാഫല്യത്തില്‍ ഏറെ അഹങ്കാരിയായ ഹയഗ്രീവന്‍ ദേവന്മാരേയും മുനിമാരേയും ക്രൂരമായി ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. അസുരന്‍റെ ഉപദ്രവങ്ങളില്‍ പൊറുതിമുട്ടി ദേവന്മാരും മുനിമാരും വിഷ്ണുഭഗവാനില്‍ അഭയം തേടി.

ഹയഗ്രീവനുമായി ഭഗവാന്‍ വിഷ്ണു ഘോരയുദ്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും അജയ്യനായ ഹയഗ്രീവനെ പരാജയപ്പെടുത്താന്‍ സാക്ഷാല്‍ മഹാവിഷ്ണുവിന് പോലുമായില്ലത്രേ. അവശനായ ഭഗവാന്‍ വൈകുണ്ഠത്തിലെത്തി പത്മാസനത്തില്‍ യോഗനിദ്ര തുടങ്ങി. തന്‍റെ വില്ലിന്‍റെ അഗ്രത്ത് ശിരസ്സ് ചായ്ച്ച്‌ വയ്ച്ചുകൊണ്ടായിരുന്നു ഭഗവാന്‍റെ നിദ്ര. ഭയവിഹ്വലരായ ദേവന്മാര്‍ വിഷ്ണുവിന്‍റെ അരികില്‍ വീണ്ടുമെത്തി. എന്നാല്‍ അവരുടെ മുറവിളികള്‍ക്ക് ഭഗവാനെ നിദ്രയില്‍ നിന്നും ഉണര്‍ത്താനായില്ല. ഒടുവില്‍ ദേവന്മാര്‍ സഹായം അപേക്ഷിച്ച്‌ ബ്രഹ്മാവിനരികിലെത്തി സങ്കടം ബോധിപ്പിച്ചു.

ബ്രഹ്മാവ് ചിതലുകളെ സൃഷ്ടിച്ചു. അവയോട് ഭഗവാന്‍ വിഷ്ണുവിന്‍റെ വില്ലിന്‍റെ ഞാണ്‍ കടിച്ചുമുറിച്ച്‌ നിദ്രയ്ക്ക് ഭംഗം വരുത്താന്‍ നിര്‍ദ്ദേശിച്ചു. ചിതലുകള്‍ അപ്രകാരം ചെയ്തതോടെ ദിഗന്തങ്ങള്‍ പിളരുന്ന ശബ്ദത്തോടെ ഞാണ്‍ പൊട്ടി. ഞാണിന്‍റെ അഗ്രഭാഗത്ത് ചായ്ച്ചുവച്ചിരുന്ന ഭഗവാന്‍റെ ശിരസ്സ് ഛേദിക്കപ്പെട്ടു. പരിഭ്രാന്തരായ ദേവന്മാര്‍ പരാശക്തിയെ രക്ഷയ്ക്കായി അഭയം പ്രാപിച്ചു. ദേവന്മാരുടെ ദയനീയതയില്‍ മനസ്സലിഞ്ഞ് ദേവി ഇപ്രകാരം അരുള്‍ ചെയ്തു.

'കാര്യകാരണങ്ങള്‍ ഇല്ലാതെ പ്രപഞ്ചത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഹയഗ്രീവന് ഞാന്‍ നല്‍കിയ വരപ്രകാരം മറ്റൊരു ഹയഗ്രീവന് മാത്രമേ അഹങ്കാരിയായ ആ അസുരനെ വകവരുത്താനാകൂ. ഇപ്പോള്‍ അതിനുള്ള നേരമാണ്. ഭഗവാന്‍റെ ഛേദിക്കപ്പെട്ട ശിരസ്സിന്‍റെ സ്ഥാനത്ത് ഒരു ഹയത്തിന്‍റെ(കുതിരയുടെ) ശിരസ്സ് പിടിപ്പിക്കുക. ദേവന്മാര്‍ പരാശക്തിയുടെ നിര്‍ദ്ദേശപ്രകാരം ഒരു വെള്ളക്കുതിരയുടെ ശിരസ്സ്(ഗ്രീവം) വിഷ്ണുവിന്‍റെ കഴുത്തില്‍ ഉറപ്പിച്ചു. ബ്രഹ്മദേവന്‍ വിഷ്ണുവിന് ജീവന്‍ നല്‍കി. ഭഗവാന്‍ ഹയഗ്രീവന്‍ അസുരനായ ഹയഗ്രീവനെ യുദ്ധത്തില്‍ വധിച്ചു.

മഹാവിഷ്ണു ദര്‍ശിച്ച പരാശക്തിയെ അഗസ്ത്യമുനിയുടെ ആഗ്രഹപ്രകാരം ആയിരം നാമങ്ങളിലൂടെ പറഞ്ഞുകൊടുക്കുന്നതാണ് 'ലളിതാസഹസ്രനാമം.'
വിദ്യാര്‍ത്ഥികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നതിനും പരീക്ഷകളില്‍ ഉന്നതവിജയം നേടാനും കുട്ടികളുടെ സംസാരശേഷി മെച്ചപ്പെടാനും ഹയഗ്രീവ ഭഗവാനെ ഭജിക്കുന്നത് ഏറെ ഫലപ്രദം. തേന്‍ വഴിപാടാണ് ഹയഗ്രീവ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്.

കേരളത്തില്‍ ഹയഗ്രീവ ക്ഷേത്രങ്ങള്‍ ഇല്ല. തമിഴ്നാട്ടിലെ കടലൂരിലുള്ള തിരുവഹീന്ദ്രപുരം ശ്രീലക്ഷ്മി ഹയഗ്രീവ പെരുമാള്‍ ക്ഷേത്രം ഏറെ പ്രശസ്തം. കടലൂരിനടുത്തുള്ള ഔഷധഗിരി മലമുകളിലാണ് ക്ഷേത്രം.

ചെങ്കല്‍പ്പട്ട് ചെട്ടിപ്പുണ്യം യോഗഹയഗ്രീവപ്പെരുമാള്‍ക്ഷേത്രം, മധുര- പെരിയാര്‍ ചിന്നക്കടൈ ഹയഗ്രീവക്ഷേത്രം എന്നിവയും പ്രശസ്തമാണ്.

കര്‍ണ്ണാടക

* ബംഗളുരു മെജസ്റ്റിക്കിന് അടുത്തുള്ള ശ്രീലക്ഷ്മി ഹയഗ്രീവക്ഷേത്രം.

* മൈസൂരിലെ ശ്രീലക്ഷ്മി ഹയഗ്രീവക്ഷേത്രം.

ആന്ധ്രാപ്രദേശ്

* തിരുമലയിലെ നോര്‍ത്ത് മാഡ സ്ട്രീറ്റിലുള്ള ശ്രീലക്ഷ്മി ഹയഗ്രീവസ്വാമിക്ഷേത്രം.

* കൃഷ്ണജില്ലയിലെ മച്ചിലി പട്ടണം(റാം നായിഡു പേട്ട്) ഹയഗ്രീവ ട്രസ്റ്റ് ക്ഷേത്രം.

* വിശാഖപട്ടണത്തെ മാംഗമാരി പെറ്റയിലെ ബീച്ച്‌ റോഡിലുള്ള ഹയഗ്രീവസ്വാമിക്ഷേത്രം.

തെലുങ്കാന

യാദഗിരിഗുട്ട(വാംഗപള്ളി റോഡില്‍) ശ്രീലക്ഷ്മി ഹയഗ്രീവ സ്വാമിക്ഷേത്രം. മഹബൂബ് നഗര്‍ വെങ്കിടേശ്വര കോളനിയില്‍ പാര്‍ക്കാല മഠത്തിന് സമീപമുള്ള ശ്രീലക്ഷ്മി ഹയഗ്രീവസ്വാമി ക്ഷേത്രം. ഹൈദ്രാബാദ് പീര്‍സാദിഗുഡയിലെ ഹയഗ്രീവസ്വാമി ക്ഷേത്രം.

അസമിലെ കാംരൂപ് ജില്ലയില്‍ ഹയഗ്രീവ മാധവക്ഷേത്രം.

ഹയഗ്രീവ ഗോപാല മന്ത്രം

വിദ്യയുടെ അധിദേവനായിട്ടാണ് ഹയഗ്രീവസ്വാമിയെ ആരാധിക്കുന്നത്. അതിനാല്‍ ഈ ഹയഗ്രീവ ഗോപാലമന്ത്രം ജപിക്കുന്നത് വിദ്യാവിജയത്തിന് നന്ന്.

ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ്വ വാഗീശ്വരേശ്വരാ
സര്‍വ്വ വേദമയാചിന്ത്യ
സര്‍വ്വം ബോധയ ബോധയ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Jyothisha Ratnam