മുന്‍പ് രണ്ടുതവണ ഭഗവാന്‍ സതീശന്‍ നമ്പൂതിരിയെ തന്‍റെ ചാരേ ചേര്‍ത്തു വാത്സല്യം ചൊരിഞ്ഞു.
2014 ഏപ്രില്‍ ഒന്ന് മുതല്‍ ആറുമാസക്കാലവും 2020 ല്‍ കോവിഡിന്‍റെ അതിപ്രസരസമയത്ത് ചെറിയച്ഛന്‍റെ മകന്‍ സുമേഷ് മേല്‍ശാന്തിയായി ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിനുണ്ടായ ശാരീരിക പ്രശ്നങ്ങള്‍ കാരണം ആ കാലയളവില്‍ കുറച്ചുകാലം താല്‍ക്കാലിക ചുമതലയിലും മേല്‍ശാന്തിയുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
എല്ലാം ഗുരുവായൂരപ്പന്‍റെ കടാക്ഷം... അത്രതന്നെ... അറിവായ കാലം മുതല്‍ ഗുരുവായൂരപ്പന്‍ മാത്രമാണ് മനസ്സില്‍. വേദമന്ത്രങ്ങള്‍ പഠിക്കുമ്പോഴും വിദ്യാഭ്യാസം നേടുമ്പോഴുമൊക്കെ മുറുകെപ്പിടിച്ചത് കണ്ണനെത്തന്നെയാണ്. കണ്ണന്‍ തന്ന പുണ്യമാണ് ഇന്നത്തെ ഈ ഞാന്‍...
വേദമന്ത്രപഠനമൊക്കെ കഴിഞ്ഞ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ഹൈദ്രാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഏതാനും വര്‍ഷം ജോലി ചെയ്തു. വേദങ്ങളും ഗണിതശാസ്ത്രവും തമ്മില്‍ ഒരു സാമീപ്യവുമില്ലാതിരുന്നിട്ടും ആദ്യം തേടിയവഴി അതായി തോന്നി. എന്നാല്‍ ആ തോന്നല്‍ അധികകാലം നിലനിന്നില്ല. മനസ്സിന്‍റെയും താളം മാറി. പിന്നെ ഗുരുവായൂരപ്പനില്‍ പൂര്‍ണ്ണമായും അര്‍പ്പിക്കണമെന്ന മോഹമായി.
അങ്ങനെ നേരെ പഴയത്ത് ഇല്ലത്തേയ്ക്ക്. അന്ന് മുതല്‍ ഈ നിമിഷം വരെ ആ പാദാരവിന്ദത്തില്‍ അര്‍പ്പിക്കാന്‍ അടങ്ങാത്ത ആത്മവ്യഥയാണ്.
വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികള്‍ പിറന്ന ശേഷം പല ക്ഷേത്രങ്ങളിലേക്കും ശാന്തിക്കാരനാകാന്‍ അന്വേഷിച്ചു വന്നിരുന്നു. അമേരിക്കയിലെ ഷിക്കാഗോയിലെ അമ്പലത്തിലേക്ക് മേല്‍ശാന്തിയായി ചെല്ലണമെന്ന് പറഞ്ഞ് വളരെ നിര്‍ബന്ധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം, മികച്ച താമസസൗകര്യം, ചോദിക്കുന്ന ശമ്പളം ഒക്കെ തരാമെന്നവര്‍ സമ്മതിച്ചു.
എന്നാല്‍ എനിക്ക് എന്‍റെ ഗുരുവായൂരപ്പന്‍ മാത്രം മതി എന്ന ഉറച്ച തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചില്ല. എന്‍റെ ഭഗവാനെ പൂജിക്കണം.
നിഷ്ക്കളങ്കമായി പുഞ്ചിരിക്കുന്ന ആ മുഖം മാത്രമാണ് മുന്നില്‍...
എനിക്കിന്ന് എന്തെല്ലാമുണ്ടോ അതെല്ലാം തന്നത് എന്‍റെ ഗുരുവായൂരപ്പനാണ്.
മരിക്കും വരെ ആ പുഞ്ചിരി കാണണം.
ആ ചൈതന്യത്തെ പരിപാലിക്കണം. ഭഗവാന്‍റെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. ഇപ്പോള്‍ അമ്പത്തിയെട്ട് വയസ്സുണ്ട്. മുപ്പത്തിയഞ്ച് വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തുവരുന്നു.
അച്ഛനായ ഇട്ടിരവി നമ്പൂതിരി, പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരി, മുത്തച്ഛന്‍റെ സഹോദരനായ ഇരവി നമ്പൂതിരി എന്നിവരില്‍ നിന്നുമാണ് പൂജാവിധികള്‍ പഠിച്ചത്.അമ്മ പരേതയായ ശാന്താ അന്തര്‍ജ്ജനം.
ഓരോ തവണയും മേല്‍ശാന്തി നിയമനത്തിനുവേണ്ടി അപേക്ഷ നല്‍കാറുണ്ട്.
വീണ്ടുമൊരിക്കല്‍ കിട്ടും എന്ന പ്രതീക്ഷയില്‍ ഓരോ തവണത്തെ നറുക്കെടുപ്പും കടന്നുപോകും.
നറുക്കെടുപ്പ് സമയത്ത് ഒരിക്കല്‍പോലും അവിടെ നില്‍ക്കാറില്ല. ഇത്തവണയും നടതുറന്ന് ഭഗവാനെ തൊഴുതശേഷം ഉച്ചഭക്ഷണത്തിനായി ഇല്ലത്തേക്ക് മടങ്ങി. ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്‍റെ പിന്നിലുള്ള പഴയത്തില്ലത്തിലെത്തി ഭക്ഷണം കഴിച്ച് കൈകഴുകുമ്പോഴാണ് ഓതിക്കനായ ശ്രീനാഥ് നമ്പൂതിരിയുടെ ഫോണ്‍ വന്നത്.
തനിക്കാണ് നറുക്ക് വീണതെന്നും തന്നെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തുവെന്നും അവനാണറിയിച്ചത്.
ഭഗവാനെ മനസ്സില്‍ സ്തുതിച്ചുകൊണ്ട് നിറമിഴികളോടെ അപ്പോള്‍തന്നെ ഗുരുവായൂരമ്പലത്തിലേക്ക് തിരിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു അപ്പോള്‍. ഭഗവദ് സന്നിധിയിലെത്തി സാഷ്ടാംഗ പ്രണാമമര്‍പ്പിച്ചശേഷം നേരെ തന്ത്രി മഠത്തിലേക്ക്...
അവിടെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്‍റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി.ശനിയാഴ്ച മുതല്‍ ഭജനമിരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പിന്നെ ചില മുന്‍ മേല്‍ശാന്തിമാരെകൂടിക്കണ്ടു അനുഗ്രഹം വാങ്ങി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാല് ഓതിക്കന്‍ ഇല്ലക്കാരാണ് പൂജാകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയുള്ള ആറുമാസക്കാലം പുറപ്പെടാ ശാന്തിയായി ഓതിക്കന്‍ കുടുംബാംഗമായ പഴയത്തില്ലത്തിലെ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയായി തുടരും.
ഇത്തവണ നാല്‍പ്പത്തിയൊന്നുപേരെയാണ് മേല്‍ശാന്തിയാകാനുള്ള കൂടിക്കാഴ്ചയ്ക്കായി ആദ്യം തെരഞ്ഞെടുത്തത്. അതില്‍ മുപ്പത്തിയെട്ട് പേര്‍ പങ്കെടുത്തു. അവരില്‍ അഞ്ചുപേര്‍ അയോഗ്യരായി.
ബാക്കി മുപ്പത്തിമൂന്ന് പേരുകള്‍ നറുക്കിട്ടു. ഉച്ചപൂജയ്ക്കായി നടതുറക്കുന്ന സമയത്ത് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം അഡ്മിനിസ്ട്രേറ്റര്‍ എസ്.ഹരി ഗോപാല്‍ പേരുകള്‍ വായിച്ച് നറുക്ക് ഓരോന്നായി വെള്ളിക്കുടത്തില്‍ നിക്ഷേപിക്കാനായി കൊടുത്തു.
ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍മാരായ പ്രമോദ് കളരിക്കല്‍, എം. രാധ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി തെക്കും പുറത്ത് നാരായണന്‍ നമ്പൂതിരി നറുക്കെടുത്തു.
ഭക്തജനങ്ങളെ സാക്ഷിയാക്കി നടന്ന നറുക്കെടുപ്പില്‍ നറുക്കുവീണത് പഴയത്ത് സതീശന്‍ നമ്പൂതിരിക്ക്.
അതെ..
ഭഗവാന്‍റെ ഇഷ്ടസതീര്‍ത്ഥ്യനെ ഗുരുവായൂരപ്പന്‍ തെരഞ്ഞെടുത്തിരിക്കുന്നു ആറുമാസത്തേയ്ക്ക്...
ഭാര്യ ഒറ്റപ്പാലം ലക്കിടി മേച്ചേരി ഇല്ലത്ത് ഷീജാ അന്തര്‍ജനം. രണ്ട് മക്കള്‍. മൂത്തമകള്‍ ഡോ. ശ്രീരഞ്ജിനി (ബാംഗ്ലൂരില്‍ ആയുര്‍വേദ ഡോക്ടറായി വര്‍ക്ക് ചെയ്യുന്നു. വിവാഹിത-ഭര്‍ത്താവ്: വിഷ്ണു- ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍), രണ്ടാമത്തെ മകള്‍: ശ്രീവിദ്യ(ചെന്നൈയില്‍ ഐ.ടി ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു.)
ശ്രീകുമാര്‍ ഗുരുവായൂര്‍
(9188539739)

