രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. ശക്തനായ ഒരു ഭരണാധികാരി എന്ന ചിന്ത സമൂഹത്തെ ഫാസിസ്റ്റ് പടുകുഴിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കെ.ടി. കുഞ്ഞിക്കണ്ണൻ രചിച്ച ‘നവഫാസിസവും നവലോകക്രമവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കാലഘട്ടം നേരിടുന്ന സാമൂഹിക അവസ്ഥയെക്കുറിച്ച് ചിന്തകർ വർഷങ്ങള്‍ക്ക് മുൻപേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യം ഭരിക്കുന്നത് 12 വർഷങ്ങള്‍ക്കിടയില്‍ ഒരു വാർത്താ സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണെന്നും, അദ്ദേഹത്തോട് ചോദ്യം ചോദിക്കാൻ വിദേശ മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് അവസരം ലഭിക്കുന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
പിണറായിയുടെ വീട്ടിലെ റെയ്ഡ് ചെന്നിത്തലയെ പൂട്ടാനുള്ള 'ഗേറ്റ്‌വേ'; ചർച്ചയായി പോസ്റ്റ്
രാജ്യത്തെ സമസ്ത മേഖലകളിലും ഫാസിസ്റ്റ് ഇടപെടലുകള്‍ നടക്കുകയാണ്. ഉത്തരേന്ത്യയില്‍ അരങ്ങേറുന്ന ആക്രമണങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളും ഇതിന്റെ തെളിവാണ്. “വർഗീയവാദികള്‍ വളരെ ഭയമുള്ളവരാണ്” എന്ന ഗാന്ധിജിയുടെ വചനം നാം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വർഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്ന പാർലമെന്റ് സംവിധാനങ്ങളുടെ വെറും നിഴല്‍ മാത്രമാണ് ഇന്നുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മാറ്റങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം, സാമൂഹ്യ പ്രതിബദ്ധതയുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.

