ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റില്‍ രാജിന് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ.
തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ഇയാള്‍ എട്ടു വയസുള്ള കുട്ടിയെയാണ് അതിക്രൂരമായി പീഡിപ്പിച്ചത്. മറ്റു വകുപ്പുകളിലായി 35 വർഷം കഠിന തടവും പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി പ്രതിക്കെതിരെ വിധിച്ചു.
2023 സെപ്റ്റംബർ ഏഴിന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ പ്രതിയെ ചുമട്ടു തൊഴിലാളികളുടെ സഹായത്തോടെയാണ് പിടികൂടിയത്. പോക്സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍ രാജ്.
അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; 55കാരന് 72 വർഷം കഠിനതടവും പിഴയും
അതേസമയം പെരുമ്പാവൂരില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ മധ്യവയസ്കനെതിരെയും പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാന് (55) 72 വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പെരുമ്പാവൂർ കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാള്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന പിതാവിനെ അന്വേഷിച്ച് എത്തിയ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

