വി ഡി സതീശന് വേണ്ടി കൊല്ലത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മണ്‍റോതുരുത്തിലാണ് ഫ്ലക്സ് ബോർഡുകള്‍ വച്ചത്. പട നയിച്ചവൻ കേരളം നയിക്കട്ടെ എന്ന് ആണ് ഫ്ലക്സ് ബോർഡിലെ വാചകം.
ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് മണ്‍റോതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡ് ഉയർന്നിരിക്കുന്നത്. വൈകുന്നേരത്തോടെ കൂടുതല്‍ ബോർഡുകള്‍ സ്ഥാപിക്കും എന്ന് പ്രവർത്തകർ പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളുടെ പേരില്‍ ഫ്ളക്സ് ബോർഡുകള്‍ ഉയരുന്നുണ്ട്. കെ സി വേണുഗോപാല്‍, വി ഡി സതീശൻ എന്നിവരുടെ പേരിലാണ് കൂടുതല്‍ ഫ്ളക്സുകള്‍ ഉയരുന്നത്. ഇവർക്കെതിരെയും പ്രവർത്തകർ ഫ്ളക്സ് വെക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഹൈക്കമാൻഡാണെന്നും അതിന് സോഷ്യല്‍ മീഡിയ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ മാനദണ്ഡമല്ലെന്നും ആണ് രമേശ് ചെന്നിത്തല പറയുന്നത്.
വി ഡി സതീശനായി സൈബർ ഇടങ്ങളില്‍ വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നതിനിടെ ഇന്ന് രമേശ് ചെന്നിത്തല ദില്ലിയില്‍ എത്തിയിരുന്നു. സതീശനെ ലക്ഷ്യം വെച്ചുള്ള കൃത്യമായ ഒളിയമ്പായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഈ പ്രതികരണത്തെ കാണുന്നത്. ഫ്ലെക്സ് വെക്കാനും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തെ തീരുമാനിക്കുന്നത് ഇത്തരം സമ്മർദ്ദങ്ങള്‍ നോക്കിയല്ല. ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

