Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അയാളുടെ ഗൗരവത്തിലുള്ള വരവും ഇരുത്തവും 'തുടങ്ങാം' എന്നു പറഞ്ഞുള്ള പത്രസമ്മേളനവും ജനങ്ങള്‍ക്ക് നല്‍കിയ സമാധാനവും ആത്മവിശ്വാസവും ചെറുതല്ല - ഡോ. കെ ടി ജലീല്‍

അയാളുടെ ഗൗരവത്തിലുള്ള വരവും ഇരുത്തവും 'തുടങ്ങാം' എന്നു പറഞ്ഞുള്ള പത്രസമ്മേളനവും ജനങ്ങള്‍ക്ക് നല്‍കിയ സമാധാനവും ആത്മവിശ്വാസവും ചെറുതല്ല - ഡോ. കെ ടി ജലീല്‍

Kairali News 1 week ago

ല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തസമയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മാതൃകാപരമായ ഇടപെടല്‍ ചൂണ്ടിക്കാട്ടി മുൻ മന്ത്രി ഡോ.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയൻ ആരായിരുന്നു, അദ്ദേഹത്തിന്റെ ഇടപെടലുകളും ഭരണപാടവവും എന്തായിരുന്നു എന്നൊക്കെ വിശദീകരിക്കുന്ന എഴുത്ത്, ‘കേരളമേ മാപ്പിരക്കുക! ക്ഷമാപണം നടത്തുക! മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് അയാളെ തെറ്റിദ്ധരിച്ചതിന്!’ എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.

ഡോ. കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മാപ്പിരക്കുക അയാളോട്!

10 കൊല്ലം ഒരു രക്ഷിതാവിനെപ്പോലെ പിതൃ സ്ഥാനത്തു നിന്ന്, കാറ്റും കോളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കോവിഡും നിപ്പയും തിമർത്താടി ആടിയുലഞ്ഞ കേരളത്തിന് കണ്ണില്‍ എണ്ണയൊഴിച്ച്‌ രാപ്പകലില്ലാതെ അയാള്‍ കാവലിരുന്നു. വേണ്ടാത്തത് കണ്ടപ്പോള്‍ വീട്ടു കാരണവരെപ്പോലെ അയാള്‍ ദേഷ്യപ്പെട്ടു. അനുവാദമില്ലാതെ അകത്തു കയറിയവരോട് ‘കടക്ക് പുറത്തെ’ന്ന് അയാള്‍ ശബ്ദമുയർത്തി പറഞ്ഞു. നാട് ദുരന്തങ്ങളില്‍ പകച്ച്‌ നിന്നപ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ തൻ്റെ ഓഫീസിലിരുന്ന് അയാള്‍ എല്ലാം നിയന്ത്രിച്ചു. ഭരണതലപ്പത്തെ ഒന്നാമൻ ഉറങ്ങാതെ പ്രവർത്തന നിരതനായപ്പോള്‍, ജില്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും ഉദ്യോഗസ്ഥരും ഇമ വെട്ടാതെ അയാളുടെ നിർദ്ദേശങ്ങള്‍ക്ക് കാതോർത്തു. അയാളുടെ ഒരു നോട്ടം മതിയായിരുന്നു ഏത് ഉദ്യോഗസ്ഥനെയും നിലക്കു നിർത്താൻ. പ്രവർത്തിക്കാതെ വാക്കുകള്‍ കൊണ്ട് പായസം വെക്കുന്ന സിവില്‍ സർവീസുകാരെ അയാള്‍ ഒറ്റവാക്കില്‍ നിശബ്ദരാക്കി.

പ്രതിസന്ധികളുടെ നാളുകളില്‍ ഓരോ ദിവസവും സന്ധ്യാ സമയമാകുമ്പോള്‍ ടി.വിക്ക് മുമ്പില്‍ കണ്ണുന്നട്ട് സ്ത്രീകളും കുട്ടികളും യുവാക്കളും യുവതികളും അമ്മൂമ്മമാരും മുത്തച്ഛൻമാരും ഗൃഹനാഥൻമാരും ഗൃഹനാഥകളും കാതുകൂർപ്പിച്ചിരുന്നത് മൈക്കിള്‍ ജാക്സൻ്റെ ആട്ടവും പാട്ടും ആസ്വദിക്കാൻ ആയിരുന്നില്ല, അയാളെ ഒരുനോക്ക് കാണാനും കേള്‍ക്കാനുമാണ്. അയാളുടെ ഗൗരവത്തിലുള്ള വരവും ഇരുത്തവും ‘തുടങ്ങാം’ എന്നു പറഞ്ഞുള്ള പത്രസമ്മേളനവും ജനങ്ങള്‍ക്ക് നല്‍കിയ സമാധാനവും ആത്മവിശ്വാസവും ചെറുതല്ല. തങ്ങളുടെ കുടുംബം അപായത്തില്‍ പെട്ടിട്ടില്ലെന്നും റിലീഫ് കേമ്പുകളില്‍ അവർ സുരക്ഷിതരാണെന്നും പ്രവാസികള്‍ അറിഞ്ഞത് കോപ്രായങ്ങളും പരിഹാസങ്ങളും അംഗവിക്ഷോഭങ്ങളും ആക്രോഷങ്ങളുമില്ലാത്ത അയാളുടെ വാക്കുകളില്‍ നിന്നാണ്.

ദുരന്തഭൂമികളില്‍ ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട സമയത്ത് അയാള്‍ ഒരാളുടെ തീൻമേശയുടെയും മുന്നിലുമിരുന്ന് കോഴിക്കാലിനോടും നെയ്മീനിനോടും ബിരിയാണിയോടും ‘മല്‍പിടുത്തം’ നടത്തുകയായിരുന്നില്ല. വെള്ളം തലക്കുമീതെ മൂടി നില്‍ക്കുന്ന മധ്യകേരളത്തിലെ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ കാണാൻ ഹെലികോപ്റ്ററില്‍ പോകുന്നതിനു പകരം ഭാര്യാപിതാവിൻ്റെ രോഗാവസ്ഥ കാണാൻ സർക്കാർ സംവിധാനം ദുരപയോഗിച്ച്‌ അയാള്‍ പറന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കലാണ് ദുരിതാശ്വാസ പ്രവർത്തനമെന്ന് അയാള്‍ ഒരിക്കലും തെറ്റിദ്ധരിപ്പിച്ചില്ല.

– സംസ്ഥാനത്ത് അതിശക്തമായ മഴയെത്തും; 12 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്, മുന്നറിയിപ്പിലെ മാറ്റങ്ങള്‍ അറിയാം

പത്തിലധികം ആളുകള്‍ക്ക് പ്രകൃതിയുടെ വികൃതിയില്‍ ജീവൻ നഷ്ടപ്പെട്ട ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ സ്വർണ്ണക്കട ഉല്‍ഘാടനം ചെയ്യുന്നത് പോകട്ടെ, അങ്ങിനെയൊന്നിനെ കുറിച്ച്‌ അയാള്‍ ചിന്തിക്കുക പോലും ചെയ്തില്ല. സ്ഥാനത്തും അസ്ഥാനത്തും വേണ്ടിടത്തും വേണ്ടാത്തിടത്തും വാ തുറന്നും കണ്ണുരുട്ടിയും ചിരിച്ചും ഇളിച്ചും അഭിനയിച്ചും ആരെയും അയാള്‍ ‘പൂക്കികളാ’ക്കിയില്ല. ആവശ്യമുള്ളപ്പോള്‍ മാത്രം അയാള്‍ ചിരിച്ചു. അത്യാവശൃത്തിനു മാത്രം അയാള്‍ സംസാരിച്ചു. അധികപ്രസംഗം നടത്തിയവരോട് സമയാസമയങ്ങളില്‍ അയാള്‍ പ്രതികരിച്ചു. പറയേണ്ടത് പറയേണ്ട സമയത്ത് ഒരു മടിയും കൂടാതെ അയാള്‍ മൊഴിഞ്ഞു. പൊതുവേദികളില്‍ ആരോടും പ്രത്യേക മമതയോ വിദ്വേഷമോ അനിഷ്ടമോ അയാള്‍ പ്രകടിപ്പിച്ചില്ല.

ഒറ്റ മുഖമേ അയാള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ആരുടെയും കയ്യടി വാങ്ങാൻ അയാള്‍ ഒന്നും ചെയ്തില്ല. ആരുടേയും പ്രീതി സമ്പാദിക്കാനും അയാള്‍ താല്‍പര്യപ്പെട്ടില്ല.

വന്ന് കണ്ടവരോട് വലിപ്പ ചെറുപ്പം നോക്കാതെ അയാള്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു. നടക്കാത്തതാണെങ്കില്‍ ‘നടക്കില്ല’ എന്നും സാദ്ധ്യമല്ലെങ്കില്‍ ‘സാദ്ധ്യമല്ല’ എന്നും ആരുടെയും മുഖത്തു നോക്കി അയാള്‍ വെട്ടിത്തുറന്നു പറഞ്ഞു. മുഖസ്തുതി പാടി ആരെയും അയാള്‍ സുഖിപ്പിച്ചില്ല. ഒരു സമ്മാനവും ആരുടെ കയ്യില്‍ നിന്നും അയാള്‍ സ്വീകരിച്ചില്ല. എല്ലാവരേയും തുല്യരായി അയാള്‍ കണ്ടു. എന്തുകാര്യങ്ങള്‍ ചെയ്യുമ്പോഴും തന്നെ താനാക്കിയ പാർട്ടിയെ അയാള്‍ അറിയിച്ചു. പാർട്ടിക്ക് ക്ഷീണം വരുന്ന ഒന്നും അയാള്‍ പ്രവർത്തിച്ചില്ല. പുറത്തൊന്ന് പറയുകയും അകത്ത് മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന നെറികെട്ട ഏർപ്പാട് തല പോകുമെന്ന്‌ പറഞ്ഞാലും അയാള്‍ ചെയ്തില്ല. ഒരു ഭീഷണിക്കു മുന്നിലും അയാള്‍ വഴങ്ങിയില്ല. ഒരു പ്രലോഭനങ്ങളിലും അയാള്‍ വീണില്ല. ആരെപ്പറ്റിയുമുള്ള കുറ്റം പറച്ചിലുകള്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. എതിർ ചേരിയിലെ നേതാക്കളുടെ കുടുംബ പ്രശ്നങ്ങളിലോ വ്യക്തിപരമായ വിഷയങ്ങളിലോ പ്രതികാരബുദ്ധ്യാ ഒരിക്കലും അയാള്‍ ഇടപെട്ടില്ല.

എന്നിട്ടും വലതുപക്ഷ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അയാളെ ധിക്കാരിയാക്കി. അഹങ്കാരിയെന്ന് മുദ്രകുത്തി. ചിരിക്കാത്തവൻ എന്ന് ചാപ്പകുത്തി. ഹൃദയശൂന്യനെന്ന് ഉറക്കെ വിളിച്ചു. അഴിമതിക്കാരനെന്ന് ആരോപിച്ചു. ‘സ്യൂഡോ കമ്മ്യൂണിസ്റ്റെ’ന്ന് ആക്ഷേപിച്ചു. ‘ഇടതു ഹിന്ദുത്വ’ വക്താവെന്ന് അധിക്ഷേപിച്ചു. സഹപ്രവർത്തകരോട് കരുണ കാണിക്കാത്തവനെന്ന് എഴുതിപ്പിടിപ്പിച്ചു. സ്വർണ്ണക്കടത്തുകാരനെന്ന് താറടിച്ചു. മകളുടെ അച്ഛനെന്ന് പരിഹസിച്ചു. അതിനൊന്നും അയാള്‍ ഒരക്ഷരം പ്രതികരിച്ചില്ല. എല്ലാറ്റിനും കാലം മറുപടി നല്‍കട്ടെ എന്നാണ് അയാള്‍ കരുതിയത്. പത്രക്കാരോട്‌ അയാള്‍ കള്ളം പറഞ്ഞില്ല. പറഞ്ഞത് ന്യായീകരിക്കാൻ അയാള്‍ നുണക്കഥകള്‍ മെനഞ്ഞില്ല.

ചോദ്യം: ആരാണ് അയാള്‍?
ഉത്തരം: ഒരേയൊരു പിണറായി വിജയൻ

ആ മനുഷ്യനോടാണ് നാം നന്ദികേട് കാട്ടിയത്. അതിനുള്ള ശിക്ഷയാണോ കേരളം അഭിമുഖീകരിക്കുന്ന ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ? ഒരുതരം അനാഥത്വം?

“ഒരു ജനത അർഹിക്കുന്ന ഭരണാധികാരികളെയാണ് അവർക്ക് ലഭിക്കുക” (Every nation gets the government it deserves) എന്ന് പ്രസ്താവിച്ചത് ഫ്രഞ്ച് തത്ത്വചിന്തകനും നയതന്ത്രജ്ഞനുമായ ജോസഫ് ഡി മൈസ്ട്രേ (Joseph de Maistre) ആണ്. അദ്ദേഹത്തിൻ്റെ വാക്കുകള്‍ എത്ര പ്രസക്തമാണ്? കേരളമേ മാപ്പിരക്കുക! ക്ഷമാപണം നടത്തുക! മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് അയാളെ തെറ്റിദ്ധരിച്ചതിന്!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News