ചെല്ലാനം തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഹമ്മദ് ഷിയാസ് എം.എല്‍.എ നടത്തിയ പ്രസംഗം വസ്തുതകളെ കബളിപ്പിക്കുന്നതും ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് മുൻ എം.എല്‍.എ കെ.ജെ.
മാക്സി. കേന്ദ്രവും കേരളവും ഷിയാസിന്റെ പാർട്ടി ഭരിച്ചിരുന്ന കാലത്ത് ചെല്ലാനത്തിന് വേണ്ടി പേരിന് പോലും ഒരു ചെറിയ കല്ല് എടുത്തുവയ്ക്കാൻ തയ്യാറായില്ല എന്നും കടലാക്രമണത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോള്‍ നോക്കിനിന്നവരാണ് ഇന്ന് ചരിത്രം തിരുത്തിയെഴുതാനും പച്ചക്കള്ളം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഇറങ്ങിയിരിക്കുന്നത് എന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
2017-ല്‍ ഓഖി ദുരന്തമുണ്ടായപ്പോള്‍ താനും ജില്ലാ കളക്ടറും സി.പി.ഐ.എം പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. അന്നത്തെ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ സാന്നിധ്യത്തില്‍ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. യു.ഡി.എഫ് സർക്കാരുകള്‍ ചെല്ലാനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാക്സി കുറ്റപ്പെടുത്തി. എന്നാല്‍ എല്‍.ഡി.എഫ് സർക്കാർ 314 കോടി രൂപ ചെലവില്‍ ഹാർബർ മുതല്‍ പുത്തൻതോട് വരെ 7.5 കിലോമീറ്റർ ദൈർഘ്യത്തില്‍ അത്യാധുനിക കടല്‍ഭിത്തി യാഥാർഥ്യമാക്കി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 404 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതിക അനുമതിക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആർക്കും പരിശോധിക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചത്. കണ്ണമാലി മുതല്‍ മാനശ്ശേരി വരെയുള്ള കടല്‍ഭിത്തി നിർമ്മാണത്തില്‍ വീഴ്ച വരുത്തിയാല്‍ കൊച്ചിയിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ജനകീയ മറുപടി ലഭിക്കുമെന്നും കെ.ജെ. മാക്സി പറഞ്ഞു. പ്രവർത്തിച്ചത് ആരാണെന്നും വെറും പ്രസംഗം നടത്തിയത് ആരാണെന്നും ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം
നിയമസഭയില്‍ മുഹമ്മദ് ഷിയാസ് എംഎല്‍എ നടത്തിയ പ്രസംഗം വസ്തുതകളെ കബളിപ്പിക്കുന്നതും ചെല്ലാനത്തെ ജനങ്ങളെ അപമാനിക്കുന്നതുമാണ്.
2017 ല്‍ ഞാൻ കൊച്ചി എം എല്‍ എ യായിരിക്കുന്ന സമയത്താണ് ഓഖി ദുരന്തമുണ്ടായത്. അന്ന് തമിഴ്നാട്ടിലും കേരളത്തിലും നിരവധി മത്സ്യതൊഴിലാളികള്‍ക്ക് ജീവഹാനിയുണ്ടായി. ചെല്ലാനത്ത് നിരവധി വീടുകള്‍ തകരുകയും വെള്ളം കയറുകയും ചെയ്തു. താനും ജില്ലാ കലക്ടർ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരും സിപിഐഎം പ്രവർത്തകരും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും ദുരിത ബാധിതരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കുകയും ചെയ്തു. അന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി പി രാജീവ്, പി എ പീറ്ററും താനും ഉള്‍പെടെയുള്ളവർ ക്യാംപില്‍ എത്തുകയും അന്നത്തെ കൊച്ചി ബിഷപ്പ് ഡോ ജോസഫ് കരിയില്‍,വൈദികർ എന്നിവർ ഉള്‍പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കടലാക്രമണത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഓഖി ദുരന്തത്തിന് ശേഷം ചെല്ലാനം നേരിട്ട ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയത് എല്‍ഡിഎഫ് സർക്കാരും സിപിഐഎമ്മുമാണ്. അതിന്റെ ഫലമായാണ് 314 കോടി രൂപ ചെലവില്‍ ഹാർബർ മുതല്‍ പുത്തൻതോട് വരെ 7.5 കിലോമീറ്റർ ദൈർഘ്യത്തില്‍ അത്യാധുനിക കടല്‍ഭിത്തി യാഥാർഥ്യമായത്.
എന്നാല്‍ കേന്ദ്രവും കേരളവും ഷിയാസിന്റെ പാർട്ടി ഭരിച്ചിരുന്ന കാലത്ത് ചെല്ലാനത്തിന് വേണ്ടി പേരിന് പോലും ഒരു ചെറിയ കല്ല് എടുത്തുവയ്ക്കാൻ അവർ തയ്യാറായില്ല. കടലാക്രമണത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോള്‍ നോക്കിനിന്നവരാണ് ഇന്ന് ചരിത്രം തിരുത്തിയെഴുതാനും പച്ചക്കള്ളം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഇറങ്ങിയിരിക്കുന്നത്.
രണ്ടാം ഘട്ട നിർമാണത്തിന് 404 കോടി അനുവദിക്കുകയും സാങ്കേതിക അനുമതിക്കായി ഫയല്‍ നീങ്ങുകയും ചെയ്തപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഘട്ടം പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിർമാണോദ്ഘാടനവും നടത്തുന്നത്.
രണ്ടാംഘട്ട നിർമാണത്തിനായി 404 കോടി രൂപ അനുവദിക്കുകയും സാങ്കേതിക നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്തതിന്റെ എല്ലാ രേഖകളും നിലവിലുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഏതൊരു സാധാരണ പൗരനും വിവരാവകാശ നിയമപ്രകാരം പരിശോധിച്ച് സത്യം മനസ്സിലാക്കാവുന്നതാണ്.
സ്വന്തം സർക്കാരിന്റെ അനാസ്ഥയും വീഴ്ചയും മറച്ചുവെക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. ചെല്ലാനത്തിന്റെ വികസനം തടയാനോ പദ്ധതിയെ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ല.
കണ്ണമാലി മുതല്‍ മാനശ്ശേരി വരെയുള്ള കടല്‍ഭിത്തി നിർമാണത്തില്‍ വീഴ്ച വരുത്തിയാല്‍ കൊച്ചിയിലെ ജനങ്ങള്‍ നിങ്ങളെ വെറുതെ വിടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ജനകീയ മറുപടി ലഭിക്കുമെന്ന കാര്യം ഓർക്കണം.
ചെല്ലാനത്തിന്റെ ചരിത്രം പച്ചക്കള്ളം പറഞ്ഞ് മായ്ക്കാനാവില്ല. പ്രവർത്തിച്ചത് ആരാണെന്നും വെറും പ്രസംഗം നടത്തിയത് ആരാണെന്നും ജനങ്ങള്‍ക്കറിയാം.

