മുംബൈയിലെ അതിപ്രശസ്തമായ ഗണേശോത്സവ ആഘോഷങ്ങളില്‍ ഔദ്യോഗികമായി കൈകോർത്ത് പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പും.
പരേലിലുള്ള ചരിത്രപ്രസിദ്ധമായ ‘ചിഞ്ച്‌പോക്ലി ചാ ചിന്താമണി ഗണേശോത്സവ മണ്ഡലു’മായി അദാനി ഗ്രൂപ്പ് ഈ വർഷം പ്രത്യേക പങ്കാളിത്ത കരാറില്‍ ഏർപ്പെട്ടിട്ടുണ്ട്. ഗണേശ വിഗ്രഹത്തിന്റെ ഗംഭീരമായ വരവേല്‍പ്പ് ചടങ്ങായ ‘ആഗമൻ സോഹ്ല’ ആഘോഷപൂർവമായാണ് ഇത്തവണ സംഘടിപ്പിച്ചത്.
മുംബൈയിലെ രണ്ടാമത്തെ ഏറ്റവും പഴക്കമേറിയ പൊതുഗണപതി വിഗ്രഹമായ ‘ചിഞ്ച്‌പോക്ലി ചാ ചിന്താമണി’യുടെ 107-ാം വർഷത്തെ വരവേല്‍പ്പാണിത്. ചടുലമായ താള മേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് ആളുകളാണ് ലാല്‍ബാഗ്-പരേല്‍-ഗിരൻഗാവ് മേഖലയിലെ തെരുവുകളില്‍ ഒത്തുകൂടിയത്. ഈ വർഷം ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയുള്ള തീം ആണ് മണ്ഡല്‍ ഒരുക്കിയിരിക്കുന്നത്. തിരുമല തിരുപ്പതിയിലെ വെങ്കിടേശ്വര ബാലാജി മാതൃകയിലാണ് ചിന്താമണി വിഗ്രഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഗരുഡൻ, കീർത്തിമുഖം, ശംഖ്, ചക്രം, കർപ്പൂര തിലകം എന്നീ പരമ്പരാഗത ചിഹ്നങ്ങള്‍ വിഗ്രഹത്തില്‍ കാണാനാകും. ഹൈദരാബാദിലെയും ഭുവനഗിരിയിലെയും ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ (സ്വർണഗിരി) വാസ്തുവിദ്യ ഇവിടുത്തെ പന്തലില്‍ പുനഃരാവിഷ്കരിച്ചിരിക്കുന്നത്.
ഉയർന്നുനില്‍ക്കുന്ന ഗോപുരങ്ങള്‍, ദീപസ്തംഭങ്ങള്‍, കാവല്‍ക്കാരായ യാളി രൂപങ്ങള്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണെന്ന് മണ്ഡല്‍ പ്രസിഡന്റ് രാജേന്ദ്ര ഡിചോല്‍ക്കർ വ്യക്തമാക്കി. അദാനി ഗ്രൂപ്പുമായുള്ള സവിശേഷമായ പങ്കാളിത്തത്തോടെ ചിന്താമണി മണ്ഡലിന്റെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രൗഢി കൈവരുമെന്ന് മണ്ഡല്‍ വൈസ് പ്രസിഡന്റ് പ്രണീല്‍ പാഞ്ചാല്‍ നേരത്തെ പ്രതികരിച്ചിരുന്നു.

