പ്രധാന വാര്‍ത്തകള്‍
ദൈവത്തി'ന്റെ മാന്ത്രിക സ്പര്‍ശത്തോടൊപ്പം വിപരീതത്തിന്റെ നിഴല്‍പ്പാടുകളും വെളിപ്പെടുന്ന അപൂര്‍വ വിസ്മയമാണ് മറഡോണ: എം എ ബേബി

ഫുട്ബോള്‍ ജീനിയസിന്റെ ജനപക്ഷ രാഷ്ട്രീയം
കളിഭ്രാന്തന്മാരുടെ കാണപ്പെട്ട ദൈവമാണ് ദ്യോഗോ അര്‍മാന്‍ഡോ മാറഡോണ. എന്നാല്‍, വ്യക്തമായ രാഷ്ട്രീയ നിലപാടുകളും കാല്‍പ്പന്തുകളിയിലെ സര്‍വകാല വിസ്മയം മുറുകെ പിടിച്ചിരുന്നു. ജനകോടികളെ പട്ടിണിയിലേക്ക് വലിച്ചെറിയുന്ന സാമ്ബത്തിക നയങ്ങള്‍ക്കും വടക്കേ അമേരിക്കയുടെ സാമ്രാജ്യത്വ മേധാവിത്വത്തിനും എതിരായി മാറഡോണ പരസ്യമായി രംഗത്തുവന്നു.
അതുകൊണ്ടുതന്നെ ക്യൂബയുടെ വിമോചന നായകന് ഫിദല്‍ കാസ്ട്രോയും സ്വന്തം നാട്ടുകാരനായ വിപ്ലവ രക്തസാക്ഷി ഏണസ്റ്റോ ചെ ഗുവേരയും മാറഡോണയുടെ ജീവന്റെ അംശമായിരുന്നു. ''നിങ്ങള്‍ എനിക്ക് കിറുക്കാണെന്ന് ആക്ഷേപിച്ചോളൂ. പക്ഷേ, ഞാന്‍ പറയുന്നു. ഫിദല്‍ ഫിദല്‍ ഓലേ ഓലേ ഓലേ. ഞാന്‍ താങ്കള്‍ക്കുവേണ്ടി മരിക്കാനും തയ്യാര്‍''
തന്റെ പിതാവിന്റെ സ്ഥാനമാണ് ഫിദലിന് എന്നും മാറഡോണ പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ നിഗൂഢമായ യാദൃച്ഛികതകളില്‍ ഒന്നാകാം ഫിദല്‍ കാസ്ട്രോ മരിച്ച നവംബര്‍ 25നു തന്നെയാണ് മാറഡോണയും വിടപറഞ്ഞത്. ഒരുപക്ഷേ, വയലാര്‍ പോരാട്ടവാര്‍ഷികദിനത്തില്‍ അനശ്വര കവി വയലാര്‍ രാമവര്‍മ മരണമടഞ്ഞതുപോലെ.
മാറഡോണയെപ്പോലെ പ്രശസ്തിയുള്ള ഒരു വ്യക്തി ജനപക്ഷത്തുനിന്നുകൊണ്ട് ഒരു പരസ്യപ്രസ്താവന നടത്തുന്നതു തന്നെ അതിന്റേതായ സ്വാധീനം സമൂഹത്തില്‍ ഉണ്ടാക്കുമെന്നത് എടുത്തുപറയേണ്ടതില്ല. എന്നാല്‍, ചെയുടെ നാട്ടുകാരന് പ്രത്യക്ഷസമര പങ്കാളിത്തത്തിനു നിസങ്കോചം ധൈര്യപ്പെട്ടിട്ടുണ്ട്.
2005 നവംബര്‍ ആദ്യവാരം യുഎസ്എയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ രാഷ്ട്ര ഉച്ചകോടി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിനു സമീപത്തുള്ള കടലോര വിശ്രമകേന്ദ്രമായ മാര്‍ ഡല് പ്ലാറ്റയില്‍ സമ്മേളിക്കുകയായിരുന്നു. സോഷ്യലിസ്റ്റ് ക്യൂബയെ ഒഴിവാക്കി ക്യാനഡ മുതല്‍ ചിലി വരെയുള്ള മറ്റെല്ലാ രാജ്യങ്ങളെയും ഒപ്പം നിര്‍ത്തുകയെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. എന്നാല്‍, നഗരം അത്യസാധാരണമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു.
നേതൃത്വം കൊടുത്തതാകട്ടെ ദ്യോഗോ മാറഡോണയും വെനസ്വേലന്‍ നേതാവ് ഹ്യൂഗോ ഷാവേസും. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ചിത്രത്തിനു മുകളിലും താഴെയും യുദ്ധക്കുറ്റവാളിയെന്ന വിശേഷണം ചേര്‍ത്ത കറുത്ത ടീഷര്‍ട്ട് അണിഞ്ഞ് മാറഡോണ, ഉച്ചകോടിക്ക് രാഷ്ട്രത്തലവന്മാര് ഒത്തുചേര്‍ന്ന ഷെറാട്ടണ്‍ ഹോട്ടലിനു മുന്നില്‍ തടിച്ചുകൂടിയ അമ്ബതിനായിരത്തോളം പ്രതിഷേധ പോരാളികള്‍ക്ക് നേതൃത്വം നല്കി. തൊട്ടടുത്ത ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന സമാന്തരമായ ജനകീയ ഉച്ചകോടി സ്വതന്ത്ര വ്യാപാരമേഖലയെന്ന തട്ടിപ്പ് തങ്ങള്‍ തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു.
ഇതിന്റെ അല ഔപചാരിക ഉച്ചകോടിയിലും പ്രതിധ്വനിച്ചു. ഷാവേസിന്റെ വെനസ്വേലയ്ക്കൊപ്പം അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ, പരാഗ്വേ എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികളും ഉച്ചകോടി സമ്മേളനത്തില്‍ സ്വതന്ത്ര വ്യാപാരമേഖലയോടുള്ള എതിര്‍പ്പ് വ്യക്തമാക്കി. ലോക കപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടിനെയും ജര്‍മനിയെയും ബല്‍ജിയത്തെയും മറ്റും തോല്പ്പിക്കുമ്ബോള് അനുഭവിക്കുന്ന ആവേശത്തോടെയാകണം യുഎസ്എയുടെ നവ കൊളോണിയല്‍ ആധിപത്യ തന്ത്രങ്ങള്‍ക്കെതിരെയും മാറഡോണ പോരാട്ടതന്ത്രങ്ങള്‍ മെനയുന്നത്.
വ്യക്തിപരമായ രണ്ട് മാറഡോണ സ്മരണ
1992ല്‍ സഖാവ് സുര്‍ജിത്തിനൊപ്പം ഹവാനയില്‍ ഫിദല്‍ കാസ്ട്രോയെ സന്ദര്‍ശിച്ച വേളയില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസും മാറഡോണയും ചര്‍ച്ചയില്‍ വന്നിരുന്നു. കല്‍ക്കത്ത സന്ദര്‍ശിച്ച മാറഡോണയെ കാണാന്‍ ജ്യോതിബസുവിന്റെ വീട്ടില്‍ പ്രതീക്ഷാപൂര്‍വം കാത്തിരുന്ന നിമിഷങ്ങള്‍.
ഒടുവില്‍ സ്വപ്ന സമാനമായ പത്തു മിനിറ്റ്, മാറഡോണയ്ക്കും ജ്യോതിബസുവിനുമൊപ്പം. ഫിദല്‍ കാസ്ട്രോയും ജ്യോതി ബസുവുമൊപ്പമുള്ള ഫോട്ടോ കാട്ടിയപ്പോള്‍ ''ഫിദല്‍ യുവര്‍ ഫ്രണ്ട്. മൈ ഫ്രണ്ട്… വീ ഫ്രണ്ട്സ്''. ഫിദല്‍ നിങ്ങളുടെയും എന്റെയും സുഹൃത്തായതുകൊണ്ട് നമ്മളിരുവരും സുഹൃത്തുക്കളാണെന്ന് ചുരുക്കം.
ക്യൂബയിലെ ഐക്യദാര്‍ഢ്യ കമ്മിറ്റിയുടെ നേതാവ് സര്‍ഗി കോറിയേറി കൈയില്‍ കെട്ടിത്തന്ന ചെ ഗുവേരയുടെ മുഖചിത്രമുള്ള റിസ്റ്റ് വാച്ച് ഞാന്‍ കാട്ടിക്കൊടുത്തു. പൊടുന്നനേ ചെ ഗുവേര… ചെ ഗുവേര എന്ന് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആവേശത്തില്‍ ഉച്ചത്തില്‍ പറഞ്ഞു. എന്തായാലും സ്വന്തം ശരീരത്തില്‍ ചെ യുടെയും ഫിദലിന്റെയും പച്ചകുത്തിയിട്ടുള്ളത് പ്രദര്‍ശിപ്പിച്ച് എന്നെ പരാജയപ്പെടുത്തുമോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല. തക്ക പ്രതിയോഗിയല്ലെന്നു കണ്ടിട്ട് ബേബിയല്ലേ എന്ന് പരിഗണിച്ചോ, എന്റെ പൂതിയൊന്നും നടന്നില്ല.
ആരോടാണ് മാറഡോണയെ താരതമ്യപ്പെടുത്താനാകുക. കളിക്കളത്തില്‍ ആരും ഭാവന ചെയ്യാന്‍ ധൈര്യപ്പെടാത്ത അവിശ്വസനീയ സംഗീതശില്‍പ്പങ്ങള്‍ക്ക് ആവിഷ്കാരം നല്കിയ വോല്‍ഫ്ഗാങ് എമെദ്വീസ് മൊസാര്‍ട്ട് അല്ലേ ദ്യോഗോ അര്‍മാന്‍ഡോ മാറഡോണ. 'ദൈവത്തി'ന്റെ മാന്ത്രിക സ്പര്‍ശത്തോടൊപ്പം അതിന്റെ വിപരീതത്തിന്റെ നിഴല്‍പ്പാടുകളും വെളിപ്പെടുന്ന അപൂര്‍വ വിസ്മയങ്ങള്‍.
related stories
-
പ്രധാന വാര്‍ത്തകള്‍ ബൈഡെന്റ കുടിയേറ്റ നയത്തിന് കൈയ്യടിച്ച് ഗൂഗ്ളും ആപ്പിളും;...
-
വേള്‍ഡ് ഫലസ്തീന് ഭവനങ്ങള്‍ക്കുനേരെ ഇസ്രായേലികളുടെ പെട്രോള്‍ ബോംബ് ആക്രമണം
-
ലേറ്റസ്റ്റ് ന്യൂസ് പുതിയ കുടിയേറ്റ നയം; ബൈഡനെ പ്രശംസിച്ച് ഗൂഗിളും ആപ്പിളും