Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുബായില്‍ ദുരിതത്തിലായ കെനിയൻ അമ്മയ്ക്കും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനും കൈത്താങ്ങായി ജിഡിആര്‍എഫ്‌എ സെന്റര്‍ ഫോര്‍ ഹാര്‍ബറിംഗ്

ദുബായില്‍ ദുരിതത്തിലായ കെനിയൻ അമ്മയ്ക്കും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനും കൈത്താങ്ങായി ജിഡിആര്‍എഫ്‌എ സെന്റര്‍ ഫോര്‍ ഹാര്‍ബറിംഗ്

Kairali News 1 month ago

ന്ദർശക വിസയില്‍ ജോലി തേടി യുഎഇയിലെത്തിയ ശേഷം രേഖാപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതത്തിലായ കെനിയൻ യുവതിക്കും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനും സുരക്ഷിത താമസവും ചികിത്സയും യാത്രാരേഖകളും വിമാന ടിക്കറ്റും ഒരുക്കി ദുബായിലെ അല്‍ അവീറിലുള്ള **ജി.ഡി.ആർ.എഫ്.എ (General Directorate of Residency and Foreigners Affairs) ദുബായ് സെന്റർ ഫോർ ഹാർബറിംഗ് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും കേന്ദ്രം പൂർത്തിയാക്കി.

2024-ലാണ് മികച്ച ജോലി പ്രതീക്ഷിച്ച്‌ റൂത്ത് വൈതേര സന്ദർശക വിസയില്‍ ദുബായിലെത്തിയത്. എന്നാല്‍ പാസ്‌പോർട്ടും മറ്റ് രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം പ്രതീക്ഷിച്ച ജോലി ലഭിച്ചില്ല. കൈവശമുണ്ടായിരുന്ന സമ്പാദ്യം തീർന്നതോടെ ജീവിതം പ്രതിസന്ധിയിലായി. ഇതിനിടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ റൂത്ത് താമസിക്കാൻ പോലും ഇടമില്ലാതെ കുഞ്ഞിനൊപ്പം ദുരിതജീവിതം നയിക്കേണ്ട സാഹചര്യമുണ്ടായി.

ഒരു സുഹൃത്തിലൂടെയാണ് അല്‍ അവീറിലെ സെന്റർ ഫോർ ഹാർബറിംഗിനെക്കുറിച്ച്‌ റൂത്ത് അറിയുന്നത്. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുമ്പോള്‍ ഭയവും ആശങ്കയുമായിരുന്നു മനസ്സില്‍. എന്നാല്‍ ലഭിച്ചത് കുറ്റപ്പെടുത്തലല്ല, മറിച്ച്‌ കരുതലും പിന്തുണയുമായിരുന്നു.റൂത്തിന്റെ ജീവിത സാഹചര്യം വിശദമായി മനസ്സിലാക്കിയ കേന്ദ്രത്തിലെ വനിതാ ഉദ്യോഗസ്ഥർ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിത താമസസൗകര്യം ഒരുക്കി. വ്യക്തിഗത സാധനങ്ങള്‍ സൂക്ഷിക്കാൻ ലോക്കർ നല്‍കി. കുഞ്ഞിന്റെ ആരോഗ്യനില മോശമായപ്പോള്‍ മെഡിക്കല്‍ ക്ലിനിക്കില്‍ ചികിത്സയും മരുന്നും ലഭ്യമാക്കി.

“എന്റെ കുഞ്ഞിനെ അവർ സ്വന്തം കുഞ്ഞിനെപ്പോലെയാണ് പരിചരിച്ചത്. ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാം ഒരുക്കിത്തന്നു. ഒരിക്കലും ഒറ്റപ്പെട്ടതായി തോന്നിയില്ല,” എന്ന് റൂത്ത് നന്ദിയോടെ പറഞ്ഞു.തുടർന്ന് കെനിയൻ എംബസിയുമായി ഏകോപനം നടത്തി യാത്രാരേഖകള്‍ തയ്യാറാക്കിയ അധികൃതർ, സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും റൂത്തിന് കൈമാറി. “കൂടുതല്‍ കരുത്തോടെ ജീവിതത്തിലേക്ക് മടങ്ങുക. ഇതൊരു പുതിയ തുടക്കമാകട്ടെ,” എന്ന ഉദ്യോഗസ്ഥരുടെ വാക്കുകള്‍ തനിക്ക് പുതിയ പ്രതീക്ഷ നല്‍കിയെന്ന് റൂത്ത് പറഞ്ഞു.

അതേസമയം, യുഎഇയില്‍ ജോലി തേടിയെത്തുന്നവർ ജോലി ഉറപ്പാക്കിയ ശേഷമേ രാജ്യം സന്ദർശിക്കാവൂ എന്ന സന്ദേശവും റൂത്ത് പങ്കുവച്ചു. “ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറ്റാർക്കും ഉണ്ടാകരുത്,” എന്നാണ് അവള്‍ പറയുന്നത്.യുഎഇയിലെത്തുന്ന ഓരോ വ്യക്തിയെയും അതിഥികളായാണ് കാണുന്നതെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് മാനുഷിക പരിഗണനയോടെയും പ്രായോഗിക സമീപനത്തോടെയും പരിഹാരം കണ്ടെത്തുകയാണ് അല്‍ അവീറിലെ സെന്റർ ഫോർ ഹാർബറിംഗിന്റെ ലക്ഷ്യമെന്നും ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മർറി പറഞ്ഞു.

സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ നേരിടുന്നവരെ ശിക്ഷിക്കുകയല്ല, മറിച്ച്‌ സുരക്ഷിത താമസം, ആരോഗ്യപരിചരണം, വ്യക്തിഗത സഹായം, തൊഴില്‍ കണ്ടെത്തുന്നതിനുള്ള പിന്തുണ, യാത്രാസൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര സേവനങ്ങളാണ് കേന്ദ്രം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇത് ജയിലല്ല; മനുഷ്യരെ മാന്യതയോടെയും കരുണയോടെയും പരിഗണിക്കുന്ന സേവന കേന്ദ്രമാണ്. യുഎഇ നേതൃത്വത്തിന്റെ മാനുഷിക സമീപനത്തിന്റെ പ്രതിഫലനമാണ് ഈ കേന്ദ്രം,” അദ്ദേഹം കൂട്ടിച്ചേർത്തു.

മാനുഷിക കേസുകള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും പരിഹാരം കണ്ടെത്താൻ രൂപകല്‍പ്പന ചെയ്ത സംവിധാനമാണ് സെന്റർ ഫോർ ഹാർബറിംഗെന്ന് നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ ഡോ. അലി ബിൻ അജിഫ് അല്‍ സാബി പറഞ്ഞു. ഒരാള്‍ കേന്ദ്രത്തിലെത്തുന്ന നിമിഷം മുതല്‍ രാജ്യം വിടുന്നതുവരെ ഓരോ കേസും പ്രത്യേക സംഘങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, ആരോഗ്യപരിചരണം മുതല്‍ യാത്രാരേഖകളും വിമാന ടിക്കറ്റും ബോർഡിംഗ് പാസും വരെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News