പ്രതിപക്ഷനേതാവ് പിണറായി വിജയനുനേരെ കഴിഞ്ഞ ദിവസം സംഭവിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമാണ്. വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ തള്ളിയ കേസിന്റെ പേരിലാണ് ഇഡി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലടക്കം 12 ഇടങ്ങളില്‍ മണിക്കൂറുകളോളം നീണ്ട റെയ്ഡ് നടത്തിയത്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ എട്ട് മണിക്കൂറോളമാണ് ഇഡി റെയ്ഡ് തുടർന്നത്.
ഇതേസമയം, തങ്ങളുടെ ക്യാപ്റ്റനായി സിപിഐഎം നേതാക്കളും പ്രവർത്തകരും നിരത്തിലിറങ്ങി പ്രതിഷേധിച്ചതിനും കേരളം സാക്ഷ്യംവഹിച്ചതാണ്. മുഖ്യമന്ത്രി പദവിയിലിരിക്കുന്ന കോണ്‍ഗ്രസിന്റെ വി ഡി സതീശന്റെ ദില്ലി യാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡി റെയ്ഡ് സംഭവിച്ചതെന്നും ശ്രദ്ധേയമാണ്. ഇഡി റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങള്‍ സതീശനോട് ചോദിച്ചപ്പോള്‍ ഉത്തരം ചിരിയോടുകൂടിയ മൌനം ആയിരുന്നു. ഈ നടപടി അകാരണമായ നീക്കമാണെന്നതിന്റെ ഉത്തരമാണ് റെയ്ഡിനുശേഷം വെറും കൈയോടെ മടങ്ങിപ്പോയ ഇഡി ഉദ്യോഗസ്ഥർ. ഇഡിയുടെ റെയ്ഡിന് ഇനിയും പൂർണമായി ഉത്തരം ലഭിക്കാനുണ്ട്.
നാല് വർഷം മുൻപ് ദില്ലിയിലുണ്ടായ ഒരു സംഘർഷാവസ്ഥ അത്ര പെട്ടെന്നൊന്നും ആരും മറന്നുകാണില്ല. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനുപിന്നാലെയായിരുന്നു ദില്ലി സംഘർഷഭരിതമായത്. അന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം സാധാരണജനജീവിതത്തെ തകർക്കുന്ന വിധത്തിലുള്ളതായിരുന്നു. അന്ന് ഇഡിയുടെ നടപടിയെ കേന്ദ്ര ഏജൻസികളുടെ വേട്ടയാടല്‍ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ദില്ലിയെ കൂടാതെ ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് അന്ന് നടന്നത്.
ബംഗളൂരുവില്‍ ഇഡിഓഫീസിന് മുന്നില്‍ കാർ കത്തിച്ചതും, യൂത്ത് കോണ്‍ഗ്രസുകാർ മണ്ണെണ്ണക്കുപ്പികളുമായി പൊതുനിരത്തിലിറങ്ങിയതും സംഘർഷാവസ്ഥ രൂക്ഷമാക്കിയിരുന്നു. ദില്ലിയില്‍ ട്രെയിൻ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആളിക്കത്തിച്ചപ്പോള്‍ സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഭുവനേശ്വറില്‍ കോണ്‍ഗ്രസുകാരുടെ വലിയ പ്രതിഷേധ മാർച്ചും പിന്നീട് പൊലീസുമായി സംഘർഷവും ഉണ്ടായിരുന്നു.
ഇതിനിടെയിലാണ് സോണിയാ ഗാന്ധി ഇഡി ആസ്ഥാനത്ത് ഹാജരായി രണ്ട് മണിക്കൂറോളം മൊഴി നല്‍കിയത്.

എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർക്കെതിരെ ബിജെപി പ്രവർത്തകൻ സുബ്രഹ്മണ്യൻ സ്വാമി നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരികള്‍ ‘യങ് ഇന്ത്യ’ എന്ന കമ്പനി വഴി സ്വന്തമാക്കിയതില്‍ കോടികളുടെ ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് കേസ്.
ഈ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാരോപിച്ച് ഇഡി അന്വേഷണം നടത്തുകയും നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇഡി കോണ്‍ഗ്രസിന്റെ നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

